Advertisment

ശബരിമല - സുപ്രീംകോടതിയില്‍ സംഭവിച്ചത് അസാധാരണ കാര്യങ്ങള്‍ ! കോടതി നടപടികളും സംഭവിച്ചതും ഇങ്ങനെ ....

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി : ശബരിമല യുവതി പ്രവേശന പുനഃ പരിശോധന ഹർജികളിൽ വാദംകേട്ട ബുധനാഴ്ച സുപ്രീംകോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ പലതാണ്. അഭിഭാഷകനെ ശാസിച്ചത്, അനാവശ്യ ഹര്‍ജി കൊണ്ടുവന്നതിനു മാത്യൂസ് നെടുമ്പാറയെ ശാസിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ .

Advertisment

അതിനിടയില്‍ ശ്രദ്ധേയമായത് സുപ്രീംകോടതിയിലെ പ്രഗല്‍ഭരായ അഭിഭാഷകര്‍ ഒന്നിച്ച് ഏറ്റുമുട്ടിയ അപൂര്‍വ്വം കേസായിരുന്നു ഇതെന്നതാണ്. അതാണ്‌ ഇന്ന് കോടതിയില്‍ ഉണ്ടായ പ്രധാന കൗതുകവും. ഇന്നത്തെ കോടതി നടപടികള്‍ അവിടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ . ബി ബാലഗോപാല്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

publive-image

ഡോ . ബി ബാലഗോപാലിന്റെ കുറിപ്പ് ഇങ്ങനെ 

ശബരിമല യുവതി പ്രവേശന പുനഃ പരിശോധന ഹർജികളിൽ ഇന്ന് (06 / 02 ) സുപ്രീം കോടതിയിൽ നടന്ന വാദം

രാവിലെ 10. 30

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് , ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ, ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര

(മാത്യൂസ് നെടുമ്പാറ എന്തോ വിഷയം കോടതിയിൽ ഉന്നയിക്കാൻ ശ്രമിക്കുന്നു. കോടതിയുടെ സമയം പാഴാക്കരുത് എന്ന് നെടുമ്പാറയോട് ചീഫ് ജസ്റ്റിസിന്റെ നിർദേശം)

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : ഇന്ന് പുനഃ പരിശോധന ഹർജികളും റിട്ട് ഹർജികളും മാത്രം ആണ് കേൾക്കുന്നത്. വാദം അതിൽ പരിമിത പെടുത്തണം. രണ്ട് പ്രത്യേക അനുമതി ഹർജികളും ട്രാൻസ്ഫർ ഹർജികളും ഡി ടാഗ് ചെയ്യുന്നു.

വി ഗിരി (കണ്ഠരര് രാജീവർക്ക് വേണ്ടി ) : എന്റെ ഹർജി ആണ് ആദ്യം ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മുൻ അറ്റോർണി ജനറൽ കെ പരാശരൻ ഹാജർ ആയതിനാൽ അദ്ദേഹത്തിന്റെ വാദം ആദ്യം നടക്കട്ടെ

1. കെ പരാശരൻ ( എൻ എസ് എസ്സിന് വേണ്ടി)

ഭരണഘടനയുടെ 25 ആം അനുച്ഛേദവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ഈ കേസിന്റെ അടിസ്ഥാന വിഷയം. ഇവിടെ ഹർജിക്കാരും എതിർ കക്ഷികളും തങ്ങളുടെ വാദം നിരത്തുന്നത് 25 ആം അനുഛേദത്തെ ഉദ്ധരിച്ചാണ്.

മുഖ്യ വിഷയം ഭരണഘടന ബെഞ്ച് നേരത്തെ പരിഗണിച്ചില്ല. അതിനാൽ നേരത്തെ ഉള്ള വിധി തെറ്റ്

ഭരണഘടനയുടെ 15 ആം അനുച്ഛേദ പ്രകാരം എല്ലാ പൊതു സ്ഥലങ്ങളും മതേതര വിഭാഗത്തിൽ പെടും. എന്നാൽ ഈ നിർവചനം ആരാധനാലയങ്ങൾക്ക് ബാധകം അല്ല.

വിവേചനത്തിന്റെ പേരിൽ പേരിൽ മത സ്ഥാപനം തുറന്ന് കൊടുക്കാൻ ആകില്ല .

യുവതി പ്രവേശനം അനുവദിക്കാത്തത് തൊട്ട് കൂടായ്മയുടെ ഭാഗം അല്ല. തൊട്ട് കൂടായ്‌മ വിധിയിൽ നിർവചിച്ച രീതി തെറ്റ്.

ആചാരങ്ങൾ അസംബന്ധം ആണെങ്കിൽ മാത്രമേ കോടതി ഇടപെടാവു .

ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ : 10 നും 50 നും ഇടയിൽ പ്രായമുള്ള ഒരു പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട യുവതി ശബരിമല സന്ദർശത്തിന് എത്തിയാൽ എന്ത് സംഭവിക്കും ? അവരുടെ വികാരം എന്താണ് എന്ന് ആലോചിച്ചിട്ടുണ്ടോ ?

പരാശരൻ : ജാതിയുടെ അടിസ്ഥാനത്തിൽ അല്ല യുവതികളെ തടയുന്നത്.

പരാശരനോട് വേഗത്തിൽ പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കുന്നു .

പരാശരൻ : ജീവിതത്തിൽ ഇന്നത്തേത് ഉൾപ്പടെ ഞാൻ നാല് പുനഃ പരിശോധന ഹർജികളിൽ മാത്രമേ ഹാജർ ആയിട്ടുള്ളു. അതിൽ മൂന്നിലും വിജയിച്ചിട്ടുണ്ട്. ഇതിലും വിജയിക്കും എന്നാണ് പ്രതീക്ഷ.

publive-image

2. വി. ഗിരി (തന്ത്രി കണ്ഠരര് രാജീവര്‌ )

വിഗ്രഹത്തിന്റെ അവകാശവും ആയി ബന്ധപ്പെട്ടതാണ് യുവതികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം.

വിഗ്രഹത്തിന്റെ സ്വഭാവം അംഗീകരിച്ച് കൊണ്ടുള്ള ആരാധന സ്വാത്രന്ത്യം ആണ് ഭരണഘടന ഉറപ്പ് നൽകുന്നത്. എല്ലാ സ്ത്രീകൾക്കും ആചാരത്തെ ചോദ്യം ചെയ്യാൻ അവകാശം ഇല്ല. ജസ്റ്റിസ് ചന്ദ്രചൂടിന്റെ വ്യഖ്യാനം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കും.

ഭരണഘടന ധാർമികത എന്ന ഒന്ന് ഭരണഘടനയിൽ ഇല്ല. അത് ഈ കോടതി നിർവചിക്കുന്നത് ആണ്. ശബരിമല യുവതി പ്രവേശനത്തിന് അനുമതി നൽകി കൊണ്ടുള്ള വിധിയിൽ അത് തെറ്റായി വ്യാഖ്യാനിച്ചു.

തൊട്ട് കൂടായ്മ ഇവിടെ പ്രസക്തം അല്ല. യുവതികൾക്ക് ഉള്ള നിയന്ത്രണം വിഗ്രഹത്തിന്റെ സ്വഭാവം കൂടി കണക്കിൽ എടുത്തതാണ്. അത് ഒഴുവാക്കാൻ കഴിയുന്നത് അല്ല.

ശബരിമല പ്രതിഷ്‌ഠയിൽ തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ട് .

പുനഃ പരിശോധന ഹർജികൾ അംഗീകരിക്കണം.

3. അഭിഷേക് മനു സിംഗ്‌വി (പ്രയാർ ഗോപാല കൃഷ്ണൻ)

അഭിഷേക് മനു സിംഗ്‌വി വാദിക്കാൻ എണീറ്റപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകൻ രാകേഷ് ദ്വിവേദി അതിനെ എതിർത്തു.

രാകേഷ് ദ്വിവേദി : സിംഗ്‌വി നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജർ ആയിരുന്നു. ഇപ്പോൾ മറ്റൊരാൾക്ക് വേണ്ടി ഹാജർ ആകുന്നത് കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് ആണ്

മനു സിംഗ്‌വി : ഞാൻ ഇപ്പോൾ ഹാജർ ആകുന്നത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന് വേണ്ടി ആണ്. അന്നും ഇന്നും നിലപാട് ഒന്ന് തന്നെ. യുവതി പ്രവേശനത്തെ എതിർക്കുന്നു.

ചീഫ് ജസ്റ്റിസ് : സിംഗ്‌വിക്ക് തുടരാം

സിംഗ്‌വി : അയ്യപ്പ പ്രതിഷ്‌ഠ നൈഷ്ഠിക ബ്രഹ്‌മചാരി ആണെന്ന വസ്തുത കണക്കിൽ എടുക്കാതെ ആണ് 2018 ലെ ഉത്തരവ്. അതിനാൽ തന്നെ മുൻ ഉത്തരവ് പുനഃ പരിശോധിക്കണം.

മതം, ലിംഗം, ജാതി എന്നിവയുടെ പേരിൽ ശബരിമലയിൽ ആരെയും ഒഴുവാക്കുന്നില്ല. സ്ത്രീകളിൽ ഒരു പ്രത്യേക പ്രായത്തിൽ ഉള്ളവർക്ക് മാത്രമാണ് നിയന്ത്രണം.

യാഥാർഥ്യം ഉൾക്കൊണ്ട് വേണം ഭരണഘടന ധാർമികത എന്ന തത്വം പ്രയോഗിക്കേണ്ടത്. വിശ്വാസികളുടേ വികാരം കൂടി കോടതി ഇക്കാര്യത്തിൽ കണക്കിൽ എടുക്കണം.

യുക്തീ അളക്കാൻ ശബരിമല ഒരു സയൻസ് മ്യുസിയം അല്ല. ക്ഷേത്രം ആണ്

publive-image

4. ശേഖർ നാഫ് ഡേ (ആചാര സംരക്ഷണ സമിതി)

നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരമാണിത് . വിശ്വാസവും ആയി ബന്ധപ്പെട്ട ആണ് നിയന്ത്രണം. കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോ?

ഇത് ഒരു പൊതു വിഷയം അല്ല. ഒരു പ്രത്യേക മത വിഭാഗത്തിന് ഉള്ളിൽ ഉള്ള വിഷയം ആണ്. ക്രിമിനൽ നിയമങ്ങൾ വിലക്കുന്ന സതി പോലുള്ള വിഷയങ്ങളിൽ ഒഴികെ കോടതിക്ക് ഇടപെടാൻ ആകില്ല.

എസ്സൻഷ്യൽ റിലീജിയസ് പ്രാക്ടീസുകൾ നിശ്ചയിക്കാൻ കോടതിക്ക് അധികാരം ഇല്ല. അത് ആ മത വിഭാഗം ആണ് തീരുമാനിക്കേണ്ടത്.

കേരളത്തിലെ ഹിന്ദു മത ആചാര നിയമത്തിന്റെ പകർപ്പ് കൈമാറാൻ ഇന്ദു മൽഹോത്ര ശേഖർ നാഫ് ഡേ യോട് നിദേശിച്ചു. കൈമാറാം എന്ന് നാഫ് ഡേ.

ഒരു വിശ്വാസം പാലിക്കരുതെന്ന് കോടതിക്ക് എങ്ങനെ ഉത്തരവ് ഇറക്കാൻ ആകും ? മുൻ ഉത്തരവ് സുപ്രീം കോടതി പുനഃ പരിശോധിക്കണം.

5. വെങ്കിട്ടരമണി (ഡൽഹി എൻ എസ് എസ്, ഗ്ലോബൽ എൻ എസ് എസ് )

യുവതി പ്രവേശനത്തിന് ഉള്ള നിയന്ത്രണം ഒരു ആചാരത്തിന്റെ ഭാഗം ആണ്. അത് നിങ്ങൾക്ക് വിശ്വസിക്കാം , വിശ്വസിക്കാതെ ഇരിക്കാം. അയ്യപ്പ വിശ്വാസികൾക്ക് അത് ഒരു വിശ്വാസം ആണ്. ആ വിശ്വാസം കോടതി കണക്കിൽ എടുക്കണം. ഈ കോടതി വിധി നിരവധി വിധികളെ ബാധിക്കും.

6. ഗോപാൽ ശങ്കര നാരായൺ (ഉഷ നന്ദിനി)

ശബരിമല ഹൈന്ദവ ക്ഷേത്രം ആണെങ്കിൽ 1965 ലെ നിയമവും ആക്ടും ബാധകം ആണ്. അങ്ങനെ എങ്കിൽ 3 (a) യും ബാധകം ആണ്. അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനവും തടയേണ്ടി വരും

ശബരിമല ക്ഷേത്രത്തെ മാത്രം അല്ല, വിധി രാജ്യത്തെ എല്ലാ ക്ഷേതങ്ങളെയും ബാധിക്കും. അത് വിവിധ സ്ഥലങ്ങളിലെ ആചാരങ്ങളെ ബാധിക്കും.

കേരള നിയമം ആണെങ്കിലും, തിരുവിതാം കൂർ ദേവസ്വം ബോർഡ് നെ മാത്രമേ കോടതി കേട്ടിട്ടുള്ളു. കൊച്ചി മലബാർ ദേവസ്വം ബോർഡുകളെയും കേൾക്കണം.

7. മോഹൻ പരാശരൻ (ബി രാധ കൃഷ്ണൻ മേനോൻ, മറ്റൊരു വ്യക്തിക്ക് കൂടി ഹാജർ ആയിരുന്നു.അത് ആരാണ് എന്ന് വ്യക്തമല്ല)

അയ്യപ്പ ഭക്തരിൽ ഹിന്ദുക്കൾ അല്ലാത്തവരും ഉണ്ടെന്ന കാരണം കാട്ടി അയ്യപ്പ ഭക്തർ പ്രത്യേക ഗണമല്ലെന്ന് പറയാൻ ആകില്ല.

8. വെങ്കിട്ട രാമൻ (കേരള ബ്രാഹ്മണ സഭ, ആത്മാർത്ഥം ട്രസ്റ്റ്)

ശബരിമലയിലേത് അനിവാര്യമായ മതാചാരം ആണ്. കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിൽ നാല് സെറ്റ് തെളിവുകൾ പരിഗണിച്ചതാണ്. ആചാരത്തിന് തെളിവ് ഉണ്ട്.

ക്ഷേത്ര ആചാരണങ്ങളിൽ സുപ്രധാനം ദേവപ്രശനമാണ്. തന്ത്രി ദേവപ്രശനം നടത്തി യുവതീ പ്രവേശനം പ്രതിഷ്ഠയ്ക്ക് അഹിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വിധിയിൽ ഉണ്ട്. ദേവാ പ്രശനം നടത്തണം.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിൽ ശിരൂർ മഠം വിധിയെപ്പറ്റി പറയുന്നുണ്ട്. പക്ഷെ അനിവാര്യമായ മതാചാര്യം കോടതി നിർണ്ണയിക്കുന്നത് ഉചിതമല്ല

അനുവദനീയമായ ആചാരം ഏതാണ് ഏതല്ല എന്നു കോടതിയല്ല തീരുമാനിക്കേണ്ടത്. അവസരം ലഭിച്ചാൽ തെളിയിക്കും, ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യൻ പാരമ്പര്യം മാത്രം അല്ല. ഈജിപ്തിൽ അടക്കം ആർത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ട്. അതിന് തെളിവുണ്ട്

(ഈ ഘട്ടത്തിൽ എന്റെ ഫോണിന് ചെറിയ പ്രശ്‌നം ഉണ്ടായി. അത് കൊണ്ട് കൃത്യമായി ചില വാദങ്ങൾ എനിക്ക് ഫോളോ ചെയ്യാൻ സാധിച്ചില്ല. അതിനാൽ ചില വാദങ്ങൾ മിസ് ആണ്)

9. സായ് ദീപക് (പന്തളം രാജ കുടുംബം)

(കൃത്യമായി എനിക്ക് കിട്ടിയില്ല)

9. വി കെ ബിജു (ശബരിമല ആചാര സംരക്ഷണ ഫോറം)

ആർത്തവം ആണ് യുവതി പ്രവേശന ത്തിന് വിലക്ക് ഏർപെടുത്താൻ കാരണം എന്ന തന്ത്രിയുടെ സത്യവാങ് മൂലത്തിലെ പരാമർശം തെറ്റാണ്. ഇക്കാര്യം വ്യക്തമാക്കി താന്ത്രിക വിദ്യ പീഠം പ്രസിഡന്റ് നൽകിയ കത്ത് ഉണ്ട്

ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ : ആ കത്ത് ഫയൽ ചെയ്യുക.

ചീഫ് ജസ്റ്റിസ് : ഇനി രണ്ടു പേരെ കൂടെ ഹർജിക്കാരുടെ ഭാഗത്ത് നിന്ന് കേൾക്കുകയുള്ളു.

10. കൈലാസ് നാഥ പിള്ള (എസ് ജയ രാജ് കുമാർ)

(കൃത്യമായി എനിക്ക് കിട്ടിയില്ല)

11. എം ആർ അഭിലാഷ് (ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ)

ജസ്റ്റിസ് ദിപക് മിശ്രയുടെ ജഡ്‌ജിമെന്റിലെ വ്യക്തമായ പിഴവാണ് ചൂണ്ടിക്കാട്ടാനുള്ളത് . ശബരിമലയിലെ ആചാരം ഹിന്ദുമതത്തിലെ സാരവത്തായ മതാനുഷ്ടാനം അല്ല എന്ന് 112 മുതൽ 126 വരെ ഉള്ള പാരഗ്രാഫുകളിൽ വിശദമാക്കുന്നു എങ്കിലും എന്തൊക്കെയാണ് ഹിന്ദുമതത്തിന്റെ അനുഷ്ടാനതത്വങ്ങൾ എന്ന് വിശദീകരിക്കുന്നില്ല. അത് വിശദീകരിക്കുകയും പരിശോധിക്കുകയും ചെയ്യാതെ മറിച്ചൊരു കണ്ടെത്തൽ ശബരിമലയെ സംബന്ധിച്ചു നടത്തിയത് നിയമത്തിൽ തെറ്റാണു.

(ഈ സമയത്ത് കോടതിയുടെ മറ്റൊരു ഭാഗത്ത് നിന്ന് കേരളത്തിൽ നിന്ന് ഒരു അഭിഭാഷകൻ ഉച്ചത്തിൽ വാദിക്കാൻ തുടങ്ങി. ചീഫ് ജസ്റ്റിസ് ഇതിൽ ക്ഷുഭിതൻ ആയി കൈയ്യിൽ ഇരുന്ന ഫയൽ താഴത്ത് ഇട്ടു. താങ്കളെ ഇതിന് മുമ്പ് സുപ്രീം കോടതിയിൽ കണ്ടിട്ടില്ലെല്ലോ എന്ന് ദേഷ്യത്തോടെ പറഞ്ഞു. ഇനി ശബ്ദിച്ചാൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും എന്ന് കേരളത്തിൽ നിന്ന് എത്തിയ ആ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി)

12. ബി വി ആചാര്യ (ശ്രീ മിഥുൻ)

(കൃത്യമായി എനിക്ക് കിട്ടിയില്ല)

13. മാത്യൂസ് നെടുമ്പാറ (അയ്യപ്പ ഭക്തരുടെ സംഘടന)

(കൃത്യമായി എനിക്ക് കിട്ടിയില്ല)

ചീഫ് ജസ്റ്റിസ് : സംസ്ഥാന സർക്കാർ, ദേവസ്വം ബോർഡ്, മറ്റ് എല്ലാവർക്കും കൂടി ഒന്നര മണിക്കൂർ ഉണ്ടാകും. ഉച്ചക്ക് മുമ്പ് അര മണിക്കൂർ കേൾക്കും. ഉച്ചക്ക് ശേഷം ഒരു മണിക്കൂർ. മൂന്ന് മണിക്ക് പൂർത്തിയാക്കണം.

ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ)

വിധി പുനഃപരിശോധിക്കാൻ തക്ക യാതൊരു സാഹചര്യവും ഇല്ലെന്ന് സർക്കാർ. ഭരണഘടനാ ബെഞ്ചിൽ വിധിയിൽ ചില കാര്യങ്ങളിൽ ജഡ്ജിമാർക്ക് ഇടയിൽ സമവായം ഉണ്ട്. അയ്യപ്പ ഭക്തർ പ്രത്യേക ഗണമല്ലെന്നതിൽ ജഡ്ജിമാർക്കിടയിൽ സമവായം ഉണ്ടെന്ന് സർക്കാർ

പുനപരിശോധനയ്ക്ക് തക്കതായ പിഴവ് വിധിയിൽ ഇല്ല. പിഴവുകൾ ഉണ്ടെന്ന് സ്ഥാപിക്കാൻ ആയിട്ടില്ല

തുല്യതയാണ് വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മ അല്ല.

തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. ആചാരം ഏതാണ് അല്ല എന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ആണ് തന്ത്രിയുടെ വാദത്തിലെ ശ്രമം.

പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ.

ആചാര പ്രത്യേക പരിഗണിച്ചാൽ എല്ലാ ക്ഷേത്രങ്ങക്കും പ്രത്യേക വിശ്വാസ ഗണത്തിൽ പെടുന്നതായി കണക്കാക്കേണ്ടി വരും.

തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങൾ പോലും പ്രത്യേക വിഭാഗനല്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്. രാമകൃഷ്‌ണ മഠവും ശിരൂർ മഠവും മാത്രമാണ് പ്രത്യേക ഗണത്തിൽ പെടുന്നത്

ഇത് ഒരു പൊതു നിയമ വിഷയമാണ്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനിൽക്കകരുത്. ആചാരം മൗലികാവകാശങ്ങൾക്ക് വിധേയമാണ്.

ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശം. സമാധാനം പുലരുമെന്നാണ് പ്രതീക്ഷ.സാഹചര്യങ്ങൾ മാറുമെന്നും സർക്കാർ

വിജയ് ഹൻസാരിയ (സംസ്ഥാന സർക്കാർ )

ഹൈക്കോടതി നിയമിച്ച മേൽനോട്ട സമിതി ആവശ്യമില്ലെന്ന് സർക്കാർ. മറ്റ് സംവിധാനങ്ങൾ നിലവിൽ ഉണ്ടെന്നു സർക്കാർ.

(De tag നെ കുറിച്ച് ചീഫ് ജസ്റ്റിസ് വീണ്ടും പറയുന്നു

ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു

രാകേഷ് ദ്വിവേദി (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

യുവതി പ്രവേശനത്തിനെ അനുകൂലിക്കുന്നു

എല്ലാവർക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ട്. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ വ്യക്തികൾക്കും മതത്തിൽ തുല്യ അവകാശം.

പരാശരൻ ഇടപെടുന്നു (പക്ഷെ എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ല)

ജസ്റ്റിസ് ഇന്ദു മൽഹോത്ര : യുവതി പ്രവേശനത്തെ നിങ്ങൾ എതിർത്തിരുന്നില്ലേ?

രാകേഷ് ദ്വിവേദി : നേരത്തെ എതിർത്തു എങ്കിലും സുപ്രീം കോടതി വിധിക്ക് ശേഷം നിലപാട് മാറ്റി.

യുവതി പ്രവേശനം essential religious പ്രാക്ടീസിന്റെ ഭാഗം അല്ല. അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗം അല്ല എന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ധാർമികത സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് അനുസൃതം അനുസൃതം ആയിരിക്കണം.

കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും പരിഷ്കരണം ആവശ്യം ആണ്. വനിതകൾക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം.

നാല് റിട്ട് പെറ്റീഷനുകളും തള്ളണം. പുനഃ പരിശോധന ഹർജികളും തള്ളണം എന്ന് ദേവസ്വം ബോർഡ്

publive-image

ഇന്ദിര ജയ് സിങ് (കനക ദുർഗ്ഗ, ബിന്ദു, രേഷ്മ നിഷാന്ത്, ഷാനില)

ശബരിമലയിൽ പോയ കനക ദുർഗയ്ക്ക് അടി കിട്ടി. അടിച്ചത് അമ്മായി 'അമ്മ. ബിന്ദു വിന്റെ അമ്മയ്ക്ക് വധ ഭീഷണി ലഭിച്ചു. ബിന്ദു കനക ദുർഗ എന്നിവർക്ക് സാമൂഹിക ബഹിഷ്കരണം നേരിടുന്നു.

ശുദ്ധി ക്രീയ നടത്തിയത് തൊട്ട് കൂടായ്മ നില നിൽക്കുന്നു എന്നതിന്റെ ഉദാഹരണം. യുവതി പ്രവേശനം തടയുന്നത് തൊട്ട് കൂടായ്മ തന്നെ

ശബരിമല ക്ഷേത്രം പൊതു ക്ഷേത്രം ആണ്. ആരുടെയും കുടുംബ ക്ഷേത്രം അല്ല. ഭരണഘടന യിലെ എല്ലാ വകുപ്പുകളും ശബരിമല ക്കും ബാധകം.

ഞാൻ ക്ഷേത്രത്തിൽ പോകണം എന്ന് വച്ചാൽ എന്നെ നിയമപരമായി ആർക്കും തടയാൻ കഴിയില്ല. എന്റെ വീട്‌ ആണ് എന്റെ ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും എനിക്ക് കയറാം. അയ്യപ്പ സ്വാമി എന്നെ തടയില്ല

ഞാൻ ഒരു വ്യക്തി ആണെങ്കിൽ എനിക്ക് ക്ഷേത്രത്തിൽ പോകാൻ എല്ലാ അധികാരവും ഭരണഘടന നൽകുന്നുണ്ട്. ശുദ്ധി ക്രീയ നടത്തിയത് ഭരണഘടനയ്ക്ക് ഉണ്ടാക്കിയ മുറിവ് ആണ് : ജയ് സിംഗ്

ഇന്ദിര ജയ് സിംഗ് : വനിതകൾ യുദ്ധം നടത്താറില്ല.

ജസ്റ്റിസ് നരിമാൻ : ചരിത്രം പഠിച്ചാൽ മറ്റൊന്ന് ആണ് യാഥാര്ഥ്യം. ഒട്ടേറെ വനിത യോദ്ധാക്കൾ നമ്മുക്ക് ഉണ്ടായിരുന്നു

ഇന്ദിര ജയ് സിംഗ് : അക്രമം സ്ത്രീകളുടെ സ്വഭാവം അല്ല.വിധി മറിയിച്ചായിരുന്നെങ്കിൽ സ്ത്രീകൾ അക്രമം നടത്തുമായിരുന്നില്ല. പുനപരിശോധന ഹർജി യോ തിരുത്തൽ ഹർജിയോ ഞങ്ങൾ നൽകുമായിരുന്നു

ഇന്ദിര ജയ് സിംഗ് : രേഷ്മ, ഷാനില എന്നിവർക്ക് കുംഭ മാസ പൂജകൾക്ക് നട തുറക്കുമ്പോൾ ശബരിമലയിൽ പോകാൻ എല്ലാ സുരക്ഷയും നൽകാൻ ഉത്തരവ് ഇടണം

ചീഫ് ജസ്റ്റിസ് ഈ ആവശ്യത്തിന് പ്രത്യേക ഉത്തരവ് ഒന്നും നൽകിയില്ല.

പി വി സുരേന്ദ്ര നാഥ്‌ (AIDWA)

മാനവികം ആയ മാനുഷിക അന്തസ്സിന് യോജിച്ചത് അല്ല യുവതികളെ അകറ്റി നിറുത്തുന്നത്. ഇത് ഭരണഘടനയുടെ 21 അനുച്ഛേദനത്തിന്റെ ലംഘനം ആണ്. വിധി പുനഃപരിശോധിക്കേണ്ട കാര്യം ഇല്ല.

പി വി ദിനേശ് (സിന്ധു )

10 വയസ്സ് ഉള്ള പെൺ കുട്ടി അയ്യപ്പൻറെ ബ്രഹ്മചര്യം തകർക്കും എന്ന നിലപാട് അംഗീകരിക്കാൻ ആകില്ല

പുനഃ പരിശോധന ഹർജികൾ നൽകിയവർ കോടതി അലക്ഷ്യം നാത്തിയവർ ആണ്.

ചീഫ് ജസ്റ്റിസ് : (ഉത്തരവ് ഇടുന്നു )

വാദം പൂർത്തിയായി. വിധി പറയാൻ ആയി മാറ്റി. കക്ഷികൾക്ക് നിലപാടുകൾ ഏഴു ദിവസത്തിനകം എഴുതി നൽകാം.

sabarimala
Advertisment