Advertisment

ശബരിമലയില്‍ തന്ത്രിയാണോ മന്ത്രിയാണോ വലുത് ? സര്‍ക്കാര്‍ പുലിവാല് പിടിക്കും ! താന്ത്രികാവകാശം ക്രിസ്തു വര്‍ഷത്തിനും നൂറ് വര്‍ഷം മുമ്പ് ലഭിച്ചതെന്ന് താഴമണ്‍ മഠ൦. ദേവസ്വം നിയമവും മാനുവലും പ്രകാരമാണ് തന്ത്രിമാരുടെ നിയമനമെന്ന് മന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ തന്ത്രിയാണോ മന്ത്രിയാണോ വലുതെന്ന തര്‍ക്കത്തില്‍ സര്‍ക്കാര്‍ പുലിവാല് പിടിച്ചേക്കും. ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ച നടപടിയെ തള്ളി താഴമണ്‍ മഠവും മറുപടിയുമായി ദേവസ്വം മന്ത്രിയും രംഗത്തെത്തിയതോടെ വിഷയം സങ്കീര്‍ണ്ണമാകും എന്നുറപ്പായി.

ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴമണ്‍ മഠത്തിന്‍റെ നിലപാട്. ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ മഠം അവകാശപ്പെടുമ്പോള്‍ അങ്ങനൊരു പദവിയില്‍ ഇരിക്കുന്ന തന്ത്രിയോട് സര്‍ക്കാര്‍ എങ്ങനെ വിശദീകരണം ചോദിക്കും എന്ന പ്രശ്നം പ്രസക്തമാണ്.

publive-image

തന്ത്രി വിശദീകരണം നല്‍കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താഴമണ്‍ കുടുംബത്തിന്റെത് ഉചിതമല്ലാത്ത നടപടിയാണെന്നും കടകംപള്ളി പറയുന്നു. ശബരിമലയില്‍ താഴമണ്‍ കുടുംബത്തിനുള്ള താന്ത്രികാവകാശം ക്രിസ്തു വര്‍ഷത്തിനും നൂറ് വര്‍ഷം മുമ്പ് കുടുംബപരമായി ലഭിച്ചതാണെന്ന് താഴമണ്‍ മഠ൦ പറയുമ്പോള്‍ ദേവസ്വം നിയമവും മാനുവലും പ്രകാരമാണ് തന്ത്രിമാരുടെ നിയമനമെന്നാണ് മന്ത്രിയുടെ നിലപാട്. ഇക്കാര്യം നിയമത്തിലും മാനുവലിലും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ഇതൊന്നുമായിരുന്നില്ല. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി അയിത്താചാരത്തിന്റെ പ്രശ്നമടക്കം ഉയര്‍ന്ന് വരുന്ന രീതിയിലാണ് തന്ത്രി പെരുമാറിയത്. ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാകുന്ന വിഷയമാണത്. അത് വിശദീകരിക്കാനുള്ള ബാധ്യത തന്ത്രിക്ക് ഉണ്ട്. അതിനുള്ള സമയവും നല്‍കിയിട്ടുണ്ട്.

publive-image

മറുപടി നല്‍കി പ്രശ്നം പരിഹരിക്കുന്നതിന് പകരം താഴമണ്‍ മഠം ഇത്തരത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തിയത് ഒട്ടും ഉചിതമല്ല. തന്ത്രിക്ക് നല്‍കുന്നത് അലവന്‍സ് തന്നെയാണ്. ടി.എയും ഡി.എയും നല്‍കുന്നുണ്ട്. അലവന്‍സ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡ് തന്നെയാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഈ വാദം താഴമണ്‍ മഠ൦ അപ്പാടെ തള്ളിക്കളഞ്ഞു.ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ആ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ആചാരാനുഷ്ഠാനങ്ങളിലെ അന്തിമ തീരുമാനവും നടപ്പാക്കാനുള്ള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ്വഴക്കങ്ങള്‍ അനുസരിച്ചും തന്ത്രിയില്‍ നിക്ഷിപ്തമാണ്.

publive-image

ശബരിമലയില്‍ താഴമണ്‍ കുടുംബത്തിനുള്ള താന്ത്രികാവകാശം ക്രിസ്തു വര്‍ഷത്തിനും നൂറ് വര്‍ഷം മുമ്പ് കുടുംബപരമായി ലഭിച്ചതാണ്. അതിനാല്‍ ശബരിമല തന്ത്രിയുടേത് ദേവസ്വം ബോര്‍ഡ് നിയമനമല്ലെന്നാണ് കുടുംബം പ്രതിരോധിക്കുന്നത്. ക്ഷേത്രത്തിലെ തന്ത്രക്രിയകള്‍ക്ക് ലഭിക്കുന്നത് പ്രതിഫലമല്ലെന്നും തന്ത്രിക്ക് ദേവസ്വം ബോര്‍ഡില്‍ നിന്ന് ലഭിക്കുന്നത് ദക്ഷിണയാണെന്നും വിശദീകരിക്കുന്നു.

publive-image

തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്ന സര്‍ക്കാര്‍ നിലപാടിനെ താഴമണ്‍ മഠം ഇങ്ങനെ പ്രതിരോധിക്കുകയാണ്. വസ്തുതാ വിരുദ്ധമായി ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റിദ്ധാരണ പരത്തുന്നത് വിഷമകരമാണെന്നും താഴമണ്‍ കുടുംബം വ്യക്തമാക്കുന്നു.

sabarimala
Advertisment