Advertisment

വിശ്വാസി പിന്തുണയില്‍ സംശയിച്ച് സിപിഎം ? സമുദായ സംഘടനകളെ കൂട്ടി വനിതാ മതില്‍ രൂപീകരിക്കാനുള്ള നീക്കം രാഷ്ട്രീയ അതിജീവനത്തിന് ! സ്ത്രീകളുടെ മതില്‍ തീര്‍ക്കുന്നത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികളുടെ പിന്തുണ നഷ്ടമായോ എന്ന ഭീതിയില്‍ രാഷ്ട്രീയ അതിജീവനത്തിന്‍റെ ഭാഗമായാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ രൂപീകരിക്കാനുള്ള തീരുമാനം. ആദ്യം പാര്‍ട്ടി അടിസ്ഥാനത്തില്‍ വനിതാ മതില്‍ രൂപീകരിക്കാന്‍ സിപിഎം ആലോചിച്ചെങ്കിലും അത് വിജയകരമാകുമോ എന്ന ഭയം നേതാക്കള്‍ക്കുണ്ടായി. അതിന്‍റെ അടിസ്ഥാനത്തിലാണ് അണികളെ രംഗത്തിറക്കാന്‍ ശേഷിയുള്ള സമുദായ സംഘടനകളെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്.

കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ജനവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുക . മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം.

publive-image

യോഗത്തില്‍ പങ്കെടുത്ത മിക്കവാറും സംഘടനാ പ്രതിനിധികള്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്താങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും അതിന്റെ തുടര്‍ച്ചയും ലക്ഷ്യമാക്കിയാണ് സമുദായ സംഘടനകളുടെയടക്കം യോഗം വിളിച്ചത്.

190 ഓളം സംഘടനാ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്ന യോഗത്തില്‍ എന്‍.എസ്.എസ്. പങ്കെടുത്തില്ല. എന്‍.എസ്.എസിനെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തുന്ന സംഘടനകളില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും അവര്‍ വരേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

publive-image

വനിതകള്‍ക്കെതിരെയുള്ള വിവേചനം തുടരുന്ന സാഹര്യത്തില്‍ അവരെ കേന്ദ്രീകരിച്ചുള്ള പരിപാടി നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനായി യോഗത്തില്‍ പങ്കെടുത്തവരേയും പുറത്തുനിന്നുള്ളവരേയും കൂട്ടി ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി യോഗം ശേഷം മുഖ്യമന്ത്രി അറിയിച്ചു.

എസ്.എന്‍.ഡി.പി.ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതില്‍ സംഘാടനത്തിനുള്ള ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍. പുന്നല ശ്രീകുമാറാണ് കണ്‍വീനര്‍. വൈസ് ചെയര്‍മാന്‍മാരായി  വിദ്യാസാഗര്‍, വി.രാഘവന്‍, ജോ.കണ്‍വീനര്‍മാരായി സി.ആര്‍.ദേവദാസ്, സി.പി.സുഗതന്‍, ഇ.എന്‍.ശങ്കരന്‍, ട്രഷററായി കെ.സോമപ്രസാദ് എന്നിവരേയും തിരഞ്ഞെടുത്തു.

publive-image

എക്‌സി.കമ്മിറ്റി അംഗങ്ങള്‍. പി.രാമഭദ്രന്‍.പി.കെ.സജീവ്, കെ.രാമന്‍കുട്ടി, രാജേന്ദ്ര പ്രസാദ്, എന്‍.കെ.നീലകണ്ഠന്‍, എം.വി.ജയപ്രകാശ്, അഡ്വ.കെ.ആര്‍.സുരേന്ദ്രന്‍, കരിമ്പുഴ രാമന്‍, ഭാസ്‌കരന്‍ നായര്‍, സീതാദേവി, ടി.പി.കുഞ്ഞുമോന്‍, കെ.കെ.സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു.

publive-image

പരിപാടി വിജയിപ്പിക്കുന്നതിന് വനിതകളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് സംഘടനകളുടെ ദൗത്യം. ശബരിമല വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച പല പരിപാടികളിലും ജനപങ്കാളിത്തം കുറവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വിശദീകരണ യോഗങ്ങള്‍ മാത്രമാണ് തരക്കേടില്ലാതെ നടത്താന്‍ കഴിഞ്ഞത്. 2 മന്ത്രിമാര്‍ പങ്കെടുത്ത ആലപ്പുഴയിലെ ഒരു പരിപാടിയില്‍ പതിനഞ്ചില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തിയ സംഭവങ്ങളായിരുന്നു അതെല്ലാം . ഇത്തരം തിരിച്ചടികളെ അതിജീവിക്കുകയാണ് പുതിയ നീക്കത്തിന്‍റെ ലക്‌ഷ്യം .

sabarimala cpm - bjp
Advertisment