Advertisment

മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് ആശങ്കയുടെ മണിക്കൂറുകൾ

New Update

publive-image

Advertisment

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വർഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം അൽപസമയത്തിനകം നടക്കും. സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾ. നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിക്കും. തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക.

സന്നിധാനത്ത് പിടി മുറുക്കി പൊലീസ്

ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ മുൻകരുതൽ.

കൗണ്ടറുകളും അന്നദാനകേന്ദ്രവും രാത്രി വൈകി തുറക്കരുത്

പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ഹരിവരാസനം പാടി നട അടച്ച ശേഷം പ്രവര്‍ത്തിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ട്. അന്നദാന കേന്ദ്രങ്ങൾ രാത്രി 11 മണിയ്ക്ക് അടക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്നു പ്രവർത്തിക്കരുതെന്നും ദേവസ്വം അധികൃതർക്ക് പോലീസ് നിർദേശം നല്‍കി. രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.നടയടച്ച ശേഷം ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പൊലീസ് വ്യക്തമാക്കി.

Advertisment