Advertisment

ശബരിമലയിലെ കൂട്ട അറസ്റ്റിനെതിരെയുള്ള പ്രതിഷേധത്തിനിടെ പലയിടത്തും അക്രമം; കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

Advertisment

ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനിടെ പലയിടത്തും പരക്കെ അക്രമം. കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. തൃശൂരിലേക്ക് പോയ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ആലപ്പുഴയില്‍ പൊലീസ് വാഹനത്തിന്റെ ചില്ലും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്.

തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ആറന്‍മുളയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വസതിയും ഉപരോധിച്ചു. മലപ്പുറം അങ്ങാടിപ്പുറത്ത് പാലക്കാട് -കോഴിക്കോട് ദേശീയപാത നാമജപപ്രതിഷേധക്കാര്‍ ഉപരോധിച്ചു. വിവിധ ജില്ലകളിലെ നിരവധി പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധം നടന്നു.

ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Advertisment