Advertisment

ശബരിമല സ്ത്രീപ്രവേശന കേസിലെ പുന:പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

New Update

Advertisment

ദില്ലി:  ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗഭരണഘടനാബഞ്ചിന്‍റെ വിധിയ്ക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളും നാളെ പരിഗണിക്കും. വിധിയ്ക്കെതിരെ നൽകിയ മൂന്ന് റിട്ട് ഹർജികൾ പരിഗണിയ്ക്കുന്ന അതേ ദിവസം തന്നെയാണ് പുനഃപരിശോധനാ ഹർജികളും സുപ്രീംകോടതി പരിഗണിയ്ക്കുന്നത്. വൈകിട്ട് മൂന്ന് മണിയ്ക്ക് ചേംബറിലാണ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുക. 48 ഹർജികളാണ് ഇതുവരെ സുപ്രീംകോടതിയിൽ എത്തിയത്.

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബഞ്ചാണ് നേരത്തെ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞത്. ബഞ്ചിലെ ഏക വനിതാ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് കോടതിയുടെ ഇടപെടലിനെതിരെ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബഞ്ചിന് അധ്യക്ഷത വഹിയ്ക്കും.

മൂന്ന് റിട്ട് ഹർജികളാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. അയ്യപ്പവിശ്വാസികളുടെ മൗലികാവകാശം കണക്കിലെടുത്ത് ആരാധനാസ്വാതന്ത്ര്യവും വിശ്വാസം സംരക്ഷിയ്ക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിച്ചു കിട്ടണമെന്നാണ് റിട്ട് ഹർജികളിലെ ആവശ്യം.

മണ്ഡലകാലം തുടങ്ങുന്നതിന് നാല് ദിവസം മുമ്പാണ് സുപ്രീംകോടതി എല്ലാ ഹർജികളും പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Advertisment