Advertisment

സഹപാഠിക്ക് സ്‌നേഹവീടൊരുക്കി കോട്ടോപ്പാടത്തെ വിദ്യാർത്ഥികൾ; വി.കെ ശ്രീകണ്ഠൻ എംപി താക്കോൽദാനം നിർവ്വഹിച്ചു

New Update

publive-image

Advertisment

കോട്ടോപ്പാടം: സഹപാഠികളുടെ സ്‌നേഹതണലില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹീമിനും കുഞ്ഞുസഹോദരങ്ങൾക്കും വീടൊരുങ്ങി. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് "സഹപാഠിക്കൊരു സ്‌നേഹവീട് " പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് വോളൻ്റിയർമാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വി.കെ ശ്രീകണ്ഠൻ എംപി സ്നേഹവീടിന്റെ താക്കോല്‍ ഷഹീമിന് കൈമാറി.

തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് തണലാകുന്ന ഇത്തരം സദ്പ്രവൃത്തികള്‍ സമൂഹത്തിന് ഏറെ മാതൃകാപരമാണെണ് ശ്രീകണ്ഠൻ എംപി പറഞ്ഞു. വീട് നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയ എൻഎസ്എസ് ടീമംഗങ്ങളെയും പിന്തുണച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു.

ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്ന ഹിന്ദി അധ്യാപിക കെ.കെ അംബികക്കും സാമൂഹ്യശാസ്ത്രാധ്യാപകൻ കെ. രവീന്ദ്രനും പിടിഎയുടെയും ഹയർസെക്കണ്ടറി സ്റ്റാഫ് കൗൺസിലിൻ്റെയും സ്നേഹോപഹാരങ്ങൾ എംപി ചടങ്ങിൽ സമ്മാനിച്ചു.

കോട്ടാപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി. സ്കൂൾ മാനേജ്മെൻ്റ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എ. മെഹർബാൻ, പടുവിൽ കുഞ്ഞിമുഹമ്മദ്, റഫീന റഷീദ്, കെ. ടി.അബ്ദുള്ള, ഒ.നാസർ, പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി, മാനേജർ കല്ലടി റഷീദ്, പ്രിൻസിപ്പാൾ പി. ജയശ്രീ, മുൻ പ്രിൻസിപ്പാൾ കെ.ഹസ്സൻ, പ്രധാനാധ്യാപിക എ. രമണി, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ കെ. എച്ച്. ഫഹദ്, പ്രോഗ്രാം ഓഫീസർ ബാബു ആലായൻ, വീട് നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ എം.പി സാദിഖ്, ഹമീദ് കൊമ്പത്ത്, കെ.പി.നൗഫൽ, എൻ.ഹബീബ്റഹിമാൻ, കെ.മൊയ്തുട്ടി, എം.പി.ഷംജിത്ത്, അയ്യപ്പദാസൻ, പി.എം.കുഞ്ഞിക്കോയ തങ്ങൾ, കെ.ബാവ, വി.പി.ഷൗക്കത്ത്, വി.പി.സലാഹുദ്ദീൻ, കെ.സാജിദ്, മൻസൂർ, പി. ഇ.സുധ, എം.അജിത പ്രസംഗിച്ചു.

ജീവിത വഴിയിൽ പിതാവിനെ നഷ്ടപ്പെട്ട പ്രിയകൂട്ടുകാരൻ ഷഹീമിനും കുടുംബത്തിനും തണലൊരുക്കിയതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടത്തെ എൻഎസ്എസ് ടീം. വീടിൻ്റെ തറപ്പണി പൂർത്തിയാക്കിയെങ്കിലും സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ അകാലത്തിൽ ജീവൻ വെടിഞ്ഞ ചെള്ളി വീട്ടിൽ കബീറിൻ്റെ പറക്കമുറ്റാത്ത മക്കളുടെയും നിരാലംബരായ കുടുംബത്തിൻ്റെയും കണ്ണീരൊപ്പാൻ സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കുകയായിരുന്നു.

പ്രോഗ്രാം ഓഫീസർ ബാബു ആലായൻ്റെ നേതൃത്വത്തിൽ എൻഎസ്എസ് ടീം അംഗങ്ങളുടെ ഏറെ നാളത്തെ പ്രവർത്തന ഫലമായാണ് സ്നേഹവീട് പൂർത്തിയായത്. എൻഎസ്എസ് ടീം നിർമ്മാണ ചെലവ് കണ്ടെത്തുന്നതിനായി സംഭാവനകൾ സ്വരൂപിച്ചതിനു പുറമെ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യമേളയും സംഘടിപ്പിച്ചു.

നിർമ്മാണത്തിനാവശ്യമായ മറ്റു വിഭവങ്ങളും സാമഗ്രികളും സുമനസ്സുകൾ സംഭാവനയായി നൽകി. രണ്ടു കിടപ്പ് മുറികളും ഡൈനിങ്ങ് ഹാൾ, അടുക്കള, മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള 900 ചതുരശ്രയടി വിസ്തീർണമുള്ള വീടിന് ഒമ്പത് ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്.

palakkad news
Advertisment