Advertisment

ഞാന്‍ സ്ഥലത്തില്ല , എന്റെ വീടിനു പിന്നില്‍ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു ; അയല്‍വാസികളോട് അര്‍ധരാത്രി സംഗീത് ഫോണില്‍ വിളിച്ച് പറഞ്ഞതിങ്ങനെ ; മണ്ണമാന്തിയുടെ ബക്കറ്റ് കൊണ്ടുള്ള അടിയേറ്റ് തല തകര്‍ന്നു, വാരിയല്ലെുകള്‍ ഒടിഞ്ഞു നുറുങ്ങി ; മതിലിടിച്ച് ദേഹത്തേക്കിട്ടു ; തിരുവനന്തപുരത്ത് നടന്ന അരുംകൊലയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

New Update

തിരുവനന്തപുരം : അർധരാത്രി മണ്ണ് മാന്തിയുടെ മുഴക്കം കേട്ടാണ് പരിസരവാസികൾ ഉണർന്നത്. നോക്കുമ്പോൾ സംഗീതിന്റെ ഭൂമിയിലാണ് മണ്ണിടിക്കൽ. നേരത്തെയും ഈ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നതിനാൽ കാര്യമാക്കിയില്ല. ഉണർന്നവർ ലൈറ്റ് ഓഫ് ചെയ്ത് ഉറക്കത്തിലേക്ക് പോയി.

Advertisment

publive-image

15 മിനിറ്റിനുള്ളിൽ സമീപത്തെ വീട്ടിലേക്കു സംഗീതിന്റെ ഫോൺ കോൾ. ‘‘ഞാൻ സ്ഥലത്തില്ല. എന്റെ വീടിനു പിന്നിൽ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു.’’ പല അയൽവാസികളെയും വിളിച്ച് സംഗീത് വിളിച്ച് ഇതേ കാര്യം പറഞ്ഞു. പരിസര വാസികൾ സംഗീതിന്റെ വീടിനു മുന്നിലെത്തി. അവരുടെ എതിർപ്പു വകവയ്ക്കാതെ ഇടിച്ച മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും പാഞ്ഞു.

12 മണിയോടെ സംഗീതെത്തി. മണ്ണ് മാഫിയ സംഘത്തോട് കയർത്തു. നാട്ടുകാരും ഇടപെട്ടു. ഈ സമയമൊക്കെ ഭാര്യ സംഗീത കാട്ടാക്കട പൊലീസിനെ വിളിച്ച് സഹായം തേടുകയാണ്. അവർ നിഷ്കരുണം അവഗണിച്ചു..വാക്കേറ്റം രൂക്ഷമാകുന്നതിനിടെ മണ്ണ് മാന്തിയുടെയും ടിപ്പറിന്റെയും ഉടമകളെത്തി. അനുനയ ശ്രമങ്ങൾ തുടങ്ങി. സഹോദരിയുടെ ഭൂമിയും സംഗീതിന്റെ ഭൂമിയും വേർതിരിക്കുന്ന അതിർത്തി ഇടിച്ചാണ് മണ്ണെടുത്തത്. ഇവിടെ മതിൽ കെട്ടാനുള്ള സംവിധാനമുണ്ടാക്കിയാൽ പരാതിയില്ലെന്നായി ഒത്തുതീർപ്പ്.. പരിസരവാസികളും ഇതിനോട് യോജിച്ചു.

ആദ്യം സമ്മതിച്ച മണ്ണ് മാന്തി ,ടിപ്പർ ഉടമകൾ പിന്നീട് ഭീഷണിയുടെ സ്വരമുയർത്തി. ഇതോടെ സംഗീതും പ്രകോപിതനായി. ഇതിനിടെ മാഫിയ സംഘത്തിലെ കൂടുതൽപേർ എത്തിയതോടെ വാക്കേറ്റം രൂക്ഷമായി. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂറോളമായിട്ടും ഫലമില്ലാഞ്ഞതിനാൽ സംഗീത് ഫോൺ ചെയ്യാനായി വീണ്ടും വീട്ടിലേക്കു കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാ‍ൻ കാർ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാൽ കാർ ലോക്ക് ചെയ്തിരുന്നില്ല.

ഇതിനിടെ മാഫിയ സംഘത്തിലൊരാൾ ടിപ്പറിനും മണ്ണ് മാന്തിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാർ റോഡിലേക്ക് മാറ്റി. നൊടിയിടയിൽ വീടിന്റെ പിൻഭാഗത്ത് മേൽക്കൂയോട് ചേർന്ന് സ്ഥാപിച്ച ഷീറ്റും മതിലും തകർത്ത് മണ്ണ് മാന്തിയും ടിപ്പറും റോഡിലേക്ക് പാഞ്ഞു. തടയാൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പാഞ്ഞ സംഗീതിനെ മണ്ണ് മാന്തിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് മതിലരികിലേക്ക് തള്ളി.

പിന്നാലെ പാഞ്ഞ ടിപ്പർ ഡ്രൈവർ പക തീരാതെ മതിലിലേക്ക് ചേർത്ത് വാഹനമോടിച്ചു. മതിലിടിഞ്ഞതും സംഗീതിന്റെ പുറത്തേക്കു വീണു. തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകൾ തകർന്നു. ഒരു കുടുംബത്തിന്റെ വിളക്ക് കെടുത്തി മടങ്ങു മ്പോൾ സമയം 1 മണി കഴിഞ്ഞു. വെറും 6 കിലോ മീറ്റർ അകലെ നിന്ന് സ്ഥലത്തെത്താൻ കാട്ടാക്കട പൊലീസിന് മാത്രമായില്ല.

മണ്ണുമാന്തിയുടെ ബക്കറ്റ് കൊണ്ടും ടിപ്പറിന്റെ വശം കൊണ്ടുമുള്ള ഇടിയിൽ തലയ്ക്കും വാരിയെല്ലുകൾ ഒടിഞ്ഞുനുറുങ്ങി ആന്തരാവയവങ്ങൾക്കും ഏറ്റ ഗുരുതര പരുക്കാണ് സംഗീതിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്..മണ്ണുമാന്തി മതിലിന്റെ ഒരു ഭാഗം ഇടിച്ച് തെറിപ്പിച്ചത് ശരീരത്തിലേക്ക് പതിക്കുക കൂടി ചെയ്തത് പരുക്കുകളുടെ എണ്ണം കൂട്ടി. ആദ്യം സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി.കോളജിലും എത്തിച്ചു.

മണ്ണ് മാന്തികൊണ്ട് ഇടിച്ചു വീഴ്ത്തി സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ 6 പേർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണ് മാന്തി ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ(29) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ കൂടാതെ ടിപ്പർ ഉടമ ഉത്തമനെന്ന് വിളിക്കുന്ന മണികണ്ഠൻനായർ (34), മണ്ണ് മാന്തിയുടെ ഉടമ ചാരുപാറ സ്വദേശി സജു(53), ടിപ്പർ ഡ്രൈവർമാരായ രണ്ടു പേരും ഒരു സഹായിയും എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സംഭവ സമയം മണ്ണ് മാന്തി ഓടിച്ചിരുന്നത് വിജിനാണെന്നു സ്ഥിരീകരിച്ചു. മണ്ണ് മാന്തിയുടെ ഉടമയുടെ സഹോദര പുത്രനാണ് വിജിൻ.

Advertisment