സന്തോഷ് ശിവന്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ മഞ്ജുവാര്യരും കാളിദാസും സൗബിനും

ഫിലിം ഡസ്ക്
Monday, September 10, 2018

2011 ല്‍ റിലീസായ ചരിത്രസിനിമ ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. കാളി ദാസ് ജയറാമും സൗബിന്‍ ഷാഹിറും മഞ്ജുവാര്യരും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ഒരു ത്രില്ലറായിരിക്കുമെന്നാണ് സൂചന.

നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവന്‍ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബര്‍ 20’ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിക്കും. കേരളത്തിലെ പല ഭാഗങ്ങളെ കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.

വിദേശചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവന്‍, മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ള ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ബിഗ്ബജറ്റ് ചിത്രത്തിനു മുമ്പ് ഇത് ചെയ്തു തീര്‍ക്കാനാണ് ആലോചന യെന്നും റിപ്പോര്‍ട്ടുകളുണ്ട്.

×