മകളുടെ ജീവനെടുത്ത ശേഷം സ്വയം ജീവനൊടുക്കാനുള്ള പ്രശ്‌നമൊന്നും സനുവിന് ഇല്ലെന്ന് ബന്ധുക്കള്‍; പൂനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനു കേരളത്തിലെത്തിയത് 16 ലക്ഷം രൂപയുടെ ചിട്ടിതട്ടിപ്പുകേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍; അന്ന് കേരളത്തിലെത്തിയത് 11.5 കോടി രൂപയുമായി; സനുവിന്റെ സാമ്പത്തിക ഇടപാടുകളിലെല്ലാം അടിമുടി ദുരൂഹത, ചില മലയാളികള്‍ സനുവിനെ തേടി ഫ്‌ളാറ്റില്‍ വന്നിരുന്നുവെന്ന് സഹോദരന്റെ മൊഴി; ഫ്‌ളാറ്റില്‍ കണ്ടെത്തിയ ചോരപ്പാടുകള്‍ ആരുടെതെന്നും വ്യക്തമല്ല

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 19, 2021

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന് വയസ്സുകാരി വൈഗയുടെ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സനു മോഹന്‍ കര്‍ണാകയില്‍ വെച്ച് പൊലീസ് പിടിയിലായത് ഇന്നലെയാണ്. ഏപ്രില്‍ 21 രാത്രി തൃക്കുന്നപ്പുഴയില്‍ നിന്ന വൈഗയുമായി എറണാകുളത്തേക്ക് കടന്ന സനു മോഹന്‍ അന്ന് രാത്രി കളമശ്ശേരിയിലെ ഫ്‌ലാറ്റില്‍ നിന്ന് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അബോധാവസ്ഥയിലായിരുന്ന വൈഗയുമായി പുറത്തിറങ്ങുന്നു.

അടുത്തദിവസം വൈഗയെ കണ്ടെത്തുന്നത് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയിലാണ്. വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം നല്‍കുന്ന സൂചന പ്രകാരം മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി സനു പുഴയില്‍ തള്ളിയിടുകയായിരുന്നോ എന്നാണ് ഇനി പൊലീസിന് സ്ഥിരീകരിക്കേണ്ടത്.

സംഭവത്തിന്റെ ആദ്യഘട്ടം മുതല്‍ മകളോട് വലിയ സ്‌നേഹമുള്ള പിതാവെന്ന് കുടുംബമടക്കം അവകാശപ്പെട്ട പിതാവ് പ്രതിസ്ഥാനത്തേക്ക് അടുക്കുന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ആരുടേതെന്ന് കണ്ടെത്താത്ത ഫ്‌ലാറ്റിലെ ചോരപ്പാടുകളെയും ദുരൂഹത നിറഞ്ഞ സനു മോഹന്റെ ജീവിതത്തെയും ചുറ്റിപ്പറ്റിയുള്ള കുരുക്കുകള്‍ ഏറെയാണ്.

പൊലീസ് അന്വേഷണത്തിന്റെ നാള്‍വഴികളോ മാധ്യമറിപ്പോര്‍ട്ടുകളോ സനുമോഹന്റെ സുഹൃത്തുക്കളെക്കുറിച്ചോ ബിസിനസ് പങ്കാളികളക്കമുള്ള അടുപ്പക്കാരെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. നിലവില്‍ പുറത്തുവരുന്ന സൂചനകളനുസരിച്ച് ജന്മനാട്ടിലോ പൂനെയിലായിരുന്ന കാലയളവിലോ ആരുമായും സൗഹൃദം സ്ഥാപിക്കാതിരുന്ന സനു മോഹന്റെ ഇത്തരം രീതികളാണ് ഇടപാടുകളിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് കൈതക്കാട്ടില്‍ തറവാട്ടില്‍ മോഹനന്റെയും സരളയുടെയും രണ്ടാമത്തെ മകനാണു സനു മോഹന്‍. സാമ്പത്തികഭദ്രതയുള്ള കുടുംബം. രണ്ടാംക്ലാസ് മുതല്‍ മുതുകുളത്ത് അമ്മാവന്റെ വീട്ടില്‍ നിന്നായിരുന്നു പഠനം.

ഇക്കാലയളവില്‍ വീടിനടുത്തുതന്നെയുള്ള തെക്കേച്ചിറയിലെ ബ്രൈറ്റ് ഹോട്ടല്‍ ഉടമയായ രാജുവിന്റെയും രോഹിണിയുടെയും മൂത്ത മകള്‍ രമ്യയുമായി പ്രണയത്തിലായി. സാമ്പത്തികമായി അന്തരം ചൂണ്ടിക്കാട്ടി ഈ ബന്ധത്തെ സനുവിന്റെ കുടുംബം എതിര്‍ത്തെങ്കിലും പിന്നീടു വഴങ്ങി. തുടര്‍ന്ന് 2009 മേയ് 10 നാണ് ഇരുവരും വിവാഹിതരായത്.

വിവാഹശേഷം പുനെയിലുള്ള ചില ബന്ധുക്കളുടെ അടുത്തേക്ക് രമ്യയുമായി താമസം മാറിയ സനു അവിടെ ശ്രീസായി മെറ്റല്‍സ് എന്ന പേരില്‍ മെറ്റല്‍, ലെയ്ത്ത് ബിസിനസ് ആരംഭിച്ചെങ്കിലും സംരംഭം പരാജയപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. വൈഗയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്ന് ഇക്കാലയളില്‍ സനു പലരെയും വണ്ടിച്ചെക്കുകള്‍ നല്‍കി വഞ്ചിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഒടുവില്‍ 16 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പുകേസില്‍ പുനെ പോലീസ് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ അന്ന് പൂനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനു മോഹന്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.

11.5 കോടി രൂപയുമായിട്ടാണ് പൂനൈയില്‍നിന്ന് ഇയാള്‍ കേരളത്തിലെത്തിയത്. സനു മോഹന്‍ കേരളത്തിലുണ്ടെന്ന വിവരം ലഭിച്ച പുനെ പോലീസ് 2016-ല്‍ തൃക്കുന്നപ്പുഴയിലെത്തിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ സനു നാട്ടിലെത്തിയതായി കുടുംബത്തിലാര്‍ക്കും അറിയില്ല. അച്ഛന്‍ മോഹനന്‍ മരിച്ചപ്പോള്‍ പോലും വീട്ടിലെത്താതിരുന്ന സനു മോഹന്‍ കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തോളമായി വയോധികയായ അമ്മ മാത്രമുള്ള തൃക്കുന്നപ്പുഴയിലെ വീട്ടില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് സനുവും കുടുംബവും താമസിച്ചിരുന്നത്. ഇതിനിടെ മാസങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ വീട്ടിലെത്തി സനു മോഹനും രമ്യയുടെ പിതാവ് രാജുവുമായി അന്ന് വാക്കുതര്‍ക്കമുണ്ടായതായും പറയപ്പെടുന്നു.

പിന്നീട് അപ്രതീക്ഷിതമായാണ് കഴിഞ്ഞ മാര്‍ച്ച് 21ന് സനുമോഹന്‍ കുടുംബസമേതം തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. അന്ന് വൈകീട്ട് ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള അമ്മാവന്റെ മകന്റെ വീട്ടിലാക്കിയശേഷം കായംകുളത്തെ അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് രാത്രി 7.30നാണ് വൈഗയുമായി അയാള്‍ എറണാകുളത്തേക്ക് കടന്നത്. എന്നാല്‍ രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ സംശയം തോന്നിയ രമ്യ ഫോണ്‍ വിളിച്ചുനോക്കിയെങ്കിലും എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോണ്‍ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്.

മാര്‍ച്ച് 22-ന് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പുഴയില്‍ സനുവിനായും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് നാട്ടില്‍ തന്നെ ആരെങ്കിലും അപായപ്പെടുത്താനോ തടവിലാക്കാനോയുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യമുയര്‍ത്തി. വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലയാളികളായ ചിലര്‍ സനുവിനെ തേടി ഫ്‌ലാറ്റില്‍ എത്തിയിരുന്നതായി സനുവിന്റെ സഹോദരന്‍ പൊലീസിനു മൊഴി നല്‍കി.

സനുവിന്റെ സാമ്പത്തിക ഇടപാടുകളും കേസുകളും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണത്തിന്റെ ദിശ മാറി. ഇതിനകം തൃക്കാക്കര പൊലീസ് കോയമ്പത്തൂര്‍, ചെന്നൈ, പുണെ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ സനുമോഹന്റെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. വൈഗ ആറ് മാസങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ബില്ലി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെയുള്‍പ്പടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തു. ഒരു വിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ മകളുടെ ജീവനെടുത്ത ശേഷം സ്വയം ജീവനൊടുക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങളൊന്നും സനുവിന് ഇല്ലെന്നാണായിരുന്നു ഭാര്യയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍.

എന്തു പ്രശ്‌നത്തിന്റെ പേരിലായാലും മകളെ സനു കൊലപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും വൈഗയെ സനുവിന് അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും സഹോദരന്‍ മൊഴി നല്‍കി. എന്നാല്‍ വന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സനുവിനെ വേട്ടയാടിയിരുന്നതായും ഇവരില്‍ ചിലര്‍ പൊലീസിനോടു പറഞ്ഞു.

×