വൈഗയുടെ ശരീരത്തിലെ മദ്യം എവിടെ നിന്ന്? ഫ്ലാറ്റിലെ രക്തക്കറ ആരുടേത്?; സനു മോഹനുമായി തെളിവെടുപ്പ്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, April 20, 2021

കൊച്ചി: പതിനൊന്നുകാരിയായ മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹനുമായി പൊലീസ് തെളിവെടുപ്പു തുടങ്ങി. കങ്ങരപ്പടിയില്‍ സനു മോഹനും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തി രാവിലെ തെളിവെടുത്തു. പിന്നീട് വൈഗയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴയ്ക്കു സമീപവും തെളിവെടുത്തു.

വൈഗയെ ഫ്ലാറ്റിൽ വച്ചു ശ്വാസംമുട്ടിച്ചു ബോധരഹിതയാക്കി പുഴയില്‍ എറിഞ്ഞെന്നാണ് സനു മോഹന്റെ മൊഴി. അതേസമയം ഫ്ലാറ്റിൽ  എങ്ങനെയാണ് രക്തക്കറ കണ്ടെത്തിയതെന്ന് പൊലീസീന് കണ്ടെത്താനായിട്ടില്ല. സനു മോഹന്റെ മൊഴിയില്‍ ഇതിനു സൂചനകളൊന്നുമില്ല. അതുകൊണ്ടുതന്നെ മൊഴി പൂര്‍ണമായും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

വൈഗയുടെ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം കണ്ടെത്തിയതും പൊലീസിനെ കുഴക്കുന്നുണ്ട്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹന്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണസംഘം മുന്നില്‍ കാണുന്നത്.

കളമശേരിക്കടുത്ത് മുട്ടാര്‍ പുഴയിലെറിഞ്ഞ് പിതാവ് കൊലപ്പെടുത്തിയ വൈഗയുടെ രക്തത്തില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുണ്ടായിരുന്നു. കാക്കനാട് കെമിക്കല്‍ ലാബില്‍  നടന്ന രാസപരിശോധനയിലെ കണ്ടെത്തലാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.

കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഏതെങ്കിലും പാനീയത്തില്‍ കലര്‍ത്തി മദ്യം നല്‍കിയോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. അബോധാവാസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും സംശയിക്കുന്നു.

×