ശശികല അനധികൃതമായി വാരിക്കൂട്ടിയതില്‍ 1600 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, November 5, 2019

ന്യൂഡൽഹി∙ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന എഐഎഡിഎംകെ മുൻനേതാവ് ശശികല അനധികൃതമായി സമ്പാദിച്ചു കൂട്ടിയ 1600 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണു നടപടി.

ചെന്നൈ, കോയമ്പത്തുർ, പുതുച്ചരി എന്നിവിടങ്ങളിലെ വസ്തുക്കളാണു കണ്ടുകെട്ടിയതില്‍ ഏറെയും . ഇതിൽ ഭൂരിഭാഗവും വ്യാജപ്പേരുകളിൽ സ്വന്തമാക്കിയവയാണ്. നോട്ട് അസാധുവാക്കലിനു ശേഷമാണ് ഇത്രയും സ്വത്തുക്കൾ ശശികല സ്വന്തമാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട് .

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധുവാക്കിയ നോട്ടുകൾ ഉപയോഗിച്ചാണ് ശശികല ഈ വസ്തുക്കൾ വാങ്ങിയതെന്നാണ് വിവരം. ശശികലയെ ബെംഗളൂരു പരപ്പ അഗ്രഹാര ജയിലിലെത്തി ഐ ടി അധികൃതര്‍ വിശദമായി ചോദ്യം ചെയ്തു.

ജയലളിതയുടെ മരണത്തിനു പിന്നാലെ തമിഴ്നാട്ടിൽ അധികാര പിടിവലി നടത്തുന്നതിനിടെയാണ് അനധികൃത സ്വത്തു സമ്പാദന കേസിൽ ശശികല ജയിലിലായത്. തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ കരുക്കള്‍ നീക്കുന്നതിനിടെയായിരുന്നു ജയില്‍വാസം കോടതി വിധിച്ചത് .

×