Advertisment

പാര്‍വതി ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച വേണം; കസബ വിവാദത്തില്‍ പാര്‍വതിയെ പിന്തുണച്ച് ശശി തരൂര്‍ എം.പി

New Update

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിക്കെതിരെ നടക്കുന്ന പ്രചാരണത്തിനെതിരെ ശശി തരൂര്‍ എം.പി രംഗത്ത്. പാര്‍വതിക്ക് പിന്തുണ നല്‍കി മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്നും താന്‍ പാര്‍വതിയ്ക്ക ഉറച്ച പിന്തുണ നല്‍കുമെന്നും തരൂര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ പറഞ്ഞു.

Advertisment

publive-image

നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് തരൂര്‍ പാര്‍വതിയെ പിന്തുണച്ച് രംഗത്തെത്തിയത്. പാര്‍വതി ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. സിനിമയെ സംബന്ധിച്ച് സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്, ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടാതെ തന്നെ. സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ പാര്‍വതിക്ക് പിന്തുണ നല്‍കുകയും, അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച നടത്തുകയും വേണം’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

മമ്മൂട്ടിയുടെ കസബ സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമായിരുന്നു ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ച് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്.

ഇതിന് പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍വതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമായിരുന്നു പാര്‍വതിയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തനിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു പാര്‍വതി പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരുന്നത്. വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

sasi tharoor parvathy kasaba
Advertisment