മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള: മാനനഷ്ടക്കേസുമായി ശശി തരൂര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 14, 2019

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ മാന നഷ്ടക്കേസ് കൊടുത്ത് ശശി തരൂര്‍. തരൂരിന്റെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതിനെതിരെയാണ് കേസ്.

അസത്യം പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്റെ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി.

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല’. ഇതായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍.

ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നായിരുന്നു അന്ന് ശ്രീധരന്‍ പിള്ളയുടെ വിശദീകരണം.

പിള്ളയുടെ പ്രസ്താവന തീര്‍ത്തും വാസ്തവ വിരുദ്ധമാമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാനനഷ്ടകേസ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അന്ന് തന്നെ തരൂരിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ശശി തരൂര്‍ സിജെഎം കോടതിയെ സമീപിച്ചത്.

×