Advertisment

ഉംറ തീർത്ഥാടനവും മദീനാ സിയാറത്തും ഒക്ടോബർ നാല് മുതൽ ഘട്ടങ്ങളായി സൗദി അറേബ്യ പുനഃസ്ഥാപിക്കുന്നു; ആദ്യത്തിൽ രാജ്യത്തിനകത്തുള്ളവർക്ക് മാത്രം അനുമതി; നവംബർ ഒന്ന് മുതൽ വിദേശങ്ങളിൽ നിന്നുള്ളവർക്കും; ഇന്ത്യയിൽ നിന്നുള്ളവർക്ക് പിന്നെയും കാത്തിരിക്കേണ്ടി വരും

New Update

ജിദ്ദ: കൊറോണാ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 ഫബ്രുവരി 27ന് നിർത്തിവെച്ച ഉംറ തീർഥാടനവും മദീന സിയാറയും ആതിഥേയരായ സൗദി അറേബ്യ പുനഃസ്ഥാപിക്കുന്നു. ഇതിനുള്ള നിർദേശം ഭരണാധികാരി സൽമാൻ രാജാവ് പുറപ്പെടുവിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജാവിന്റെ നിർദേശം നടപ്പിലാക്കുന്നതിനുള്ള നടപടികളിലാണ് സൗദി ഹജ്ജ് - ഉംറാ മന്ത്രാലയം. മന്ത്രാലയം ഏർപ്പെടുത്തുന്ന ആപ്പ് വഴിയായിരിക്കും മഹാമാരി കാലത്തെ വിശുദ്ധ ഉംറ, സിയാറത്ത് അനുഷ്ട്ടാനങ്ങൾ.

Advertisment

 

 

publive-image

കൊറോണ മൂലം നിർത്തലാക്കിയ മറ്റെല്ലാ കാര്യങ്ങളുമെന്ന പോലെ ഘട്ടം ഘട്ടങ്ങളായാണ് തീർത്ഥാടനവും പുനഃസ്ഥാപിക്കുക. നാല് ഘട്ടമായാണ് ഇത്. ഒക്ടോബർ നാലിന് ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ സ്വദേശി പൗരന്മാർക്കും രാജ്യത്തിനകത്തുള്ളവർക്കും മാത്രമായിരിക്കും തീർത്ഥാടനത്തിന് അനുമതി. ദിവസം ആറായിരം പേർക്ക് എന്ന കണക്കിന് ആയിരിക്കും ഇത്. രണ്ടാം ഘട്ടം ഒക്ടോബർ 18 നാണ് ആരംഭിക്കുക. അന്ന് മുതൽ അനുമതി ലഭിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കും.

നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉംറയ്‌ക്കും സിയാറത്തിനും അനുമതി ലഭിക്കും. കൊറോണാ ബാധയിൽ നിന്ന് മുക്തി കൈവരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും ഘട്ടം ഘട്ടമായുള്ള തീർത്ഥാടന അനുമതി. കൊറോണാ ഭീഷണി പൂർണമായി ഒഴിഞ്ഞുവെന്ന് ബന്ധപ്പെട്ട വിഭാഗങ്ങൾ ഉറപ്പാക്കിയതിന് ശേഷമുള്ള നാലാം ഘട്ടത്തോടെയായിരിക്കും ഉംറയും സിയാറത്തും പൂർവ സ്ഥിതി കൈവരിക്കുക.

publive-image

അതേസമയം, തീർത്ഥാടനം പുനഃസ്ഥാപിക്കുകയാണെങ്കിലും കൊറോണാ വ്യാപനം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് സൗദി അറേബ്യ നിർത്തലാക്കിയിരിക്കുന്നതിനാൽ വിദേശികളെ കൂടി സ്വീകരിക്കുന്ന ആദ്യ വേളയിൽ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് അവസരം ലഭിക്കാതിരിക്കാനാണ് നിലവിലെ അവസ്ഥയിൽ സാധ്യത.

മഹാമാരിയിൽ തീർത്ഥാടനം പുനഃസ്ഥാപിക്കുമ്പോൾ തീർത്ഥാടകരുടെ ക്ഷേമത്തിനും പൊതുജനാരോഗ്യ പരിപാലനത്തിനുമായി വിപുലമായ ആസൂത്രണങ്ങളാണ്. സൗദി അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐ ഒ എസ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ 'ഇഅ്തമർനാ' ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. സെപ്തംബർ 27 ഞായറാഴ്ച മുതൽ 'ഇഅ്തമർനാ' ആപ്പ് നിലവിൽ വരും. തീർഥാടനം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് മുതൽ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ചാണ് ഉംറയ്‌ക്കും സിയാറത്തിനുമുള്ള പ്രത്യേക ആപ്പിന് രൂപകൽപന നൽകിയിരിക്കുന്നത്.

publive-image

തീർത്ഥാടന, സിയാറത്ത് അനുമതിയും അനുഷ്ഠാനത്തിനുള്ള സമയവും ആപ്പിലൂടെ കരസ്ഥമാക്കണം. കൂടാതെ, പൊതുവെയുള്ള മാസ്‌ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ എന്നിവയും പ്രത്യേക ട്രാക് പാലിച്ചു കൊണ്ടുള്ള സഞ്ചാരവും തീർത്ഥാടകർ പൂർണമായി പാലിച്ചിരിക്കണം. 'ഇഅ്തമർനാ' ആപ്പിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ 'തവക്കൽനാ' ആപ്പുമായി നേരിട്ട് ബന്ധപ്പിക്കും. തീർഥാടകരും സന്ദർശകരും 'തവക്കൽനാ' ആപ്പിൽ രജിസ്റ്റർ ചെയ്ത് കൊറോണ മുക്തി ഉറപ്പാക്കുകയും വേണം.

പെർമിറ്റ് നേടിയ ശേഷം പുണ്യ നഗരങ്ങളിലെ ഗതാഗത കേന്ദ്രത്തിലോ ഒത്തുചേരൽ കേന്ദ്രത്തിലോ എത്തുന്ന തീർഥാടകരെ ബസ് മാർഗം ഹറമിലെത്തിക്കും. ഉംറ കർമം നിർവഹിച്ചു കഴിഞ്ഞ ശേഷം ഇവരെ ആദ്യത്തെ കേന്ദ്രത്തിൽ തന്നെ തിരിച്ചെത്തിക്കും. ഹോട്ടലുകളിൽ തങ്ങുന്ന തീർഥാടകർക്ക് ഹറമിൽ നിസ്‌കാരങ്ങൾ നിർവഹിക്കണമെങ്കിൽ അവർ ആപ്പിലൂടെ ലഭ്യമാവുന്ന സമയ പ്രകാരം പ്രത്യേകം പെർമിറ്റ് നേടണം.

വിശുദ്ധ മക്കയിലെയും മദീനയിലെയും ഹറം പള്ളികൾ ഉംറ തീർത്ഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ തയാറായതായി ഇരു ഹറം കാര്യാലയം മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഉംറ തീർത്ഥാടനത്തും മദീനാ സിയാറത്തും പുനസഥാപിക്കുന്നതിന് ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ശൈഖ് അബ്ദുറഹ്മാൻ അൽസുദൈസും ഹജ്ജ് - ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബൻതനും നന്ദി രേഖപ്പെടുത്തി.

Advertisment