Advertisment

സൗദിയിൽ റോഡപകടത്തിൽ മരിച്ച മലയാളി നഴ്സ് ജ്യോതി മാത്യുവിന്റെ സംസ്കാരം ഞായറാഴ്ച

New Update

publive-image

Advertisment

അർഅർ (സൗദി അറേബ്യ): സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയിൽ മൂന്ന് ആഴ്ചകൾക്ക് മുമ്പുണ്ടായ റോഡപകടത്തിൽ മരണപ്പെട്ട മലയാളി നേഴ്‌സിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിൽ സംസ്കരിക്കും. തിരുവല്ല, പായിപ്പാട്, ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (31) വായിരുന്നു മരണപ്പെട്ടത്.

അർഅർ പ്രവാസി സംഘത്തിന്റെ ശ്രമഫലമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി അർഅർ എയർപോർട്ടിൽ നിന്ന് റിയാദ് വഴി സൗദി എയർലൈൻസ് വിമാനത്തിൽ ശനിയാഴ്ച രാവിലെ 6.20 ന് കൊച്ചിയിലെത്തും.

22 ദിവസമായി ഒഖീല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ 4.30 ന് അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗങ്ങളായ ബക്കർ കരിമ്പ, സക്കീർ താമരത്ത്, അക്ബർ അങ്ങാടിപ്പുറം, കേന്ദ്ര കമ്മിറ്റി അംഗം അനു കോട്ടയം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി 6 മണിക്ക് അറാർ എയർപോർട്ടിൽ എത്തിക്കും.

ഒഖീല ആശുപത്രിയിലെ സഹപ്രവർത്തകരും, സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി നിറ കണ്ണീരോടെയാണ് തങ്ങളുടെ കൂട്ടുകാരിയെ യാത്രയാക്കിയത്.

മൃതദേഹം ജ്യോതിയുടെ ഭർത്താവ് മാത്യുവും, കുടുംബാംഗങ്ങളും, അർഅർ പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റി അംഗം അഫ്സൽ തിരുവല്ലയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവല്ല കുറ്റപ്പുഴ അണ്ണവട്ടം എബനേസർ മാർത്തോമാ പള്ളിയിൽ സംസ്കരിക്കും.

വടക്കൻ പ്രവിശ്യയിലെ അർഅറിൽ നിന്ന് 150 കിലോമീറ്റർ അകലെ ഒഖീല എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഔദ്യോഗികാവശ്യാര്ഥം ഇവർ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് ഡോക്ടറോടൊപ്പം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് മുൻ ഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെടുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

മൂന്നു വർഷമായി ഓഖീലയിലെ ഒരു ഡിസ്പെൻസറിയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ജോലിയുടെ കോൺട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത് തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായത്. കോയിക്കൽ മാത്യു - തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭർത്താവ്: മാത്യു, ഇവർക്ക് മക്കളില്ല.

അർഅർ പ്രവാസി സംഘം 150 ലധികം മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ അയച്ചിട്ടുണ്ടെന്ന് സംഘം പ്രവർത്തകൻ സകീർ താമരത്ത് പറഞ്ഞു. അക്കൂട്ടത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നത്.

saudi arabia
Advertisment