Advertisment

ആലപ്പാട് സമരം: ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പര്യമുള്ളൂ എന്ന് സമരസമിതി; മുന്‍വിധിയോടെയല്ല ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

ആലപ്പാട്: കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പര്യമുള്ളൂ എന്ന് സമരസമിതി. ആലപ്പാട്ടെ പൊതുസമൂഹത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

Advertisment

publive-image

അതേസമയം ഉപാധികള്‍ മുന്നില്‍വെച്ച് മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സമരസമിതി അതിന് തയ്യാറാകണം. മുന്‍വിധിയോടെയല്ല ചര്‍ച്ചയ്ക്ക് വിളിച്ചത്. സമരസമിതിയുടെ സമീപനം ശരിയല്ല. എല്ലാ വിഷയത്തിലും ചര്‍ച്ച വേണമെന്നും എംഎല്‍എ പറഞ്ഞു.

കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കി. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.

പൊന്‍മനയില്‍ നിന്നും 30 വര്‍ഷത്തിന് മുന്‍പ് 1500 കുടുംബങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്ക്. ഖനനത്തിന്റെ ഫലമായി ടിഎസ് കനാലും അറബിക്കടലും തമ്മിലുള്ള അകലം ദിവസങ്ങള്‍ കഴിയുന്തോറും കുറയുകയാണ്.

Advertisment