Advertisment

ഉപഭോക്താക്കള്‍ക്ക് ഒടിപി വഴി എടിഎം ഇടപാടുകള്‍ പൂര്‍ത്തിയാക്കാം; അനധികൃത ഇടപാടുകള്‍ അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷ; വീണ്ടും ഓര്‍മ്മിപ്പിച്ച് എസ്ബിഐ; വിശദാംശങ്ങള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഒടിപി അടിസ്ഥാനമാക്കി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എസ്ബിഐ നേരത്തെ മാറ്റിയിരുന്നു. സെപ്തംബര്‍ 18 മുതല്‍ ഒടിപി ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സമയപരിധി നീട്ടിയിരുന്നു.

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒടിപി വെരിഫിക്കേഷന് ശേഷം ഇപ്പോള്‍ ഒരു ദിവസം മുഴുവന്‍ പതിനായിരം രൂപ മുതല്‍ മുകളിലേക്കുള്ള തുക എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനാകും.

പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളെക്കുറിച്ച് എസ്ബിഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പണമിടപാട് സുരക്ഷിതമായി നടത്തണമെന്നും ബാങ്ക് ആവശ്യപ്പെട്ടു.

''ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, പതിനായിരം രൂപക്കും അതിന് മുകളിലുള്ളതുമായ എടിഎം ഇടപാടുകള്‍ക്കുള്ള ഒടിപി വെരിഫിക്കേഷന്റെ സമയപരിധി നീട്ടിയിരിക്കുന്നു''-എന്നാണ് എസ്ബിഐ ട്വീറ്റ് ചെയ്തത്.

ജനുവരിയില്‍ രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഈ സൗകര്യം അനുവദിച്ചിരുന്നു.

ഒടിപി വഴിയുള്ള എടിഎം ഇടപാടുകള്‍ എങ്ങനെ ?

അനധികൃത ഇടപാടുകള്‍ കുറയ്ക്കുന്നതിനാണ് ഒടിപി വഴിയുള്ള എടിഎം ഇടപാടുകള്‍ അവതരിപ്പിച്ചതെന്ന് എസ്ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ സ്‌റ്റേറ്റ് ബാങ്ക് എടിഎം സേവനത്തില്‍ സുരക്ഷയുടെ മറ്റൊരു തലമാണ് ഉറപ്പാക്കുന്നത്.

ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ മൊബൈലില്‍ ഒടിപി ലഭിക്കും. ഇതുവഴി അനധികൃത എടിഎം ഇടപാടുകള്‍ ഒഴിവാക്കി കാര്‍ഡ് ഉടമകളുടെ സുരക്ഷ ഉറപ്പാക്കാനാകും.

എല്ലാ ഇടപാടുകള്‍ക്കും പറ്റില്ല

എന്നാല്‍ മറ്റൊരു ബാങ്കിന്റെ എടിഎമ്മിലൂടെ പണം പിന്‍വലിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് കാര്‍ഡ് ഉടമയ്ക്ക് ഈ സൗകര്യം ലഭിക്കില്ല. നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചില്‍ (എന്‍.എഫ്.എസ്) ഈ സൗകര്യം വികസിപ്പിച്ചിട്ടില്ലാത്തതിനാലാണിത്. ആഭ്യന്തര ഇന്റര്‍ബാങ്ക് എടിഎം ഇടപാടുകളുടെ 95 ശതമാനവും എന്‍.എഫ്.എസ് വഴിയാണ് കൈകാര്യം ചെയ്യുന്നത്.

ഇടപാട് എങ്ങനെ പൂര്‍ത്തിയാക്കാം

ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. കാര്‍ഡുടമ പിന്‍വലിക്കാനുള്ള തുക എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഒടിപി വിന്‍ഡോ എടിഎം സ്‌ക്രീനില്‍ തെളിയും. തുടര്‍ന്ന് ഇവിടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാനാകും.

Advertisment