‘സുപ്രീം കോടതി എന്റെ ഉത്തരവാദിത്തം കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുന്നു. എനിക്ക് തോന്നുന്നത് ചെയ്യാനുള്ള അധികാരമല്ല ഇത്തരത്തിലൊരു ഉത്തരവിലൂടെ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. ; പ്രതികരണവുമായി കര്‍ണാടക സ്പീക്കര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ബെംഗളൂരു : കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍.

സുപ്രീം കോടതി ഉത്തരവ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചിരിക്കുകയാണെന്നായിരുന്നു സ്പീക്കര്‍ പ്രതികരിച്ചത്. ‘ ഇത്തരമൊരു നടപടിയിലൂടെ സുപ്രീം കോടതി എന്റെ ഉത്തരവാദിത്തം കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുന്നു. എനിക്ക് തോന്നുന്നത് ചെയ്യാനുള്ള അധികാരമല്ല ഇത്തരത്തിലൊരു ഉത്തരവിലൂടെ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

ഭരണഘടനയുടെ പിന്‍ബലത്തില്‍ തനിക്ക് ലഭിച്ച ഈ പദവി വളരെ നീതിപൂര്‍വ്വം വിനിയോഗിക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതി എന്നില്‍ അര്‍പ്പിച്ച ആ വിശ്വാസത്തിന് അനുസൃതമായ ഒരു തീരുമാനം തന്നെ ഞാന്‍ എടുക്കും- അദ്ദേഹം പറഞ്ഞു.

വിപ്പ് നല്‍കിയിട്ടു പോലും സഭയില്‍ നിന്ന് വിട്ട് നല്‍കാന്‍ എം.എല്‍.എമാര്‍ക്ക് അനുവാദം നല്‍കിയ സുപ്രീം കോടതി വിധി ഒരിക്കലും തന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട നിയമസഭാ പാര്‍ട്ടികള്‍ അവരുടെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ധിക്കരിച്ചതിന്റേ പേരില്‍ ഒരു പാര്‍ട്ടിക്ക് അവരുടെ എം.എല്‍.എമാരുയുമായി പ്രശ്നമില്ലെങ്കില്‍ ഞാന്‍ ചിത്രത്തിലേക്ക് വരുന്നില്ല,- എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

‘ജനാധിപത്യത്തിന്റെ നാല് ചിറകുകള്‍ തമ്മിലുള്ള അതിര്‍ത്തി രേഖകള്‍ എന്തെന്ന് സുപ്രീം കോടതി ഈ വിധിയിലൂടെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. മറ്റുള്ളവരുടെ അധികാര പരിധി ലംഘിക്കാന്‍ ആരും ശ്രമിക്കില്ല. ഈ ഓരോ ചിറകുകളുടെയും സ്വാതന്ത്ര്യം തികഞ്ഞ ശ്രദ്ധയോടെയും ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും സംരക്ഷിക്കണം, ‘- അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ അധികാര പരിധിയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്.

×