തെരഞ്ഞെടുപ്പ് കമ്മീഷന്‍ മയക്കത്തില്‍ നിന്ന് ഉണര്‍ന്നു’ ; കമ്മീഷന്‍ സ്വീകരിച്ചത് അധികാര പരിധിയില്‍പ്പെട്ട നടപടി ; പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന്റെ നടപടി തൃപ്തികരമെന്ന് സുപ്രിംകോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 16, 2019

ന്യൂഡല്‍ഹി : പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തൃപ്തികരമെന്ന് സുപ്രിംകോടതി. നടപടികള്‍ ശരിവെച്ച ചീഫ് ജസ്റ്റിസ്, കമ്മീഷന് അധികാരങ്ങള്‍ ബോധ്യപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു. മയക്കത്തില്‍ നിന്ന് കമ്മീഷന്‍ ഉണര്‍ന്നു എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. കമ്മീഷന്‍ സ്വീകരിച്ചത് അധികാര പരിധിയില്‍പ്പെട്ട നടപടിയാണെന്നും കോടതി വിലയിരുത്തി.

മയക്കത്തിലായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെട്ടെന്ന് അധികാരത്തെ കുറിച്ച് ബോധം ഉണ്ടായി. കമ്മീഷന്റെ അധികാരത്തെ കുറിച്ച് ബോധം ഉണ്ടായതിനെ തുടര്‍ന്ന് ആണ് വിദ്വേഷ പ്രസംഗം നടത്തിയ യോഗി ആദിത്യനാഥ്, മായാവതി, അസം ഖാന്‍, മേനക ഗാന്ധി എന്നിവര്‍ക്കെതിരെ നടപടി എടുത്തത് എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ അധികാരം ഇല്ല എന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ നിലപാട് എടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നിലപാട് മാറ്റി. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ കമ്മീഷന് അധികാരം ഉണ്ടെന്ന് കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ അധികാരങ്ങള്‍ ഉപയോഗിച്ചുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി പറഞ്ഞു. ചട്ട ലംഘനം നടത്തിയവര്‍ക്ക് എതിരെയാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. അതിനാല്‍ ഇപ്പോള്‍ ഒരു ഉത്തരവിന്റെ ആവശ്യം ഇല്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത് നീക്കണമെന്ന മായാവതിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇക്കാര്യം അടിയന്തിരമായി പരിഗണിക്കണമെന്നായിരുന്നു മായാവതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ വേറെ പരാതി സമര്‍പ്പിക്കാനും മായാവതിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു .

×