Advertisment

സ്കൂൾ മാനേജർമാർ ടെക്സ്റ്റ് ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

New Update

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ തുടങ്ങി 20 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ എത്തിയിട്ടില്ല. കൃത്യമായ ഒരു തീയതി പറയാൻ ടെക്സ്റ്റ് ബുക്ക് ഓഫീസർക്ക് കഴിയുന്നുമില്ല.

Advertisment

ഈ സാഹചര്യത്തിൽ കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാനേജർമാർ തിങ്കളാഴ്ച്ച ടെക്സറ്റ് ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു. ജനുവരിയിൽ തന്നെ ഇൻഡന്റ് നൽകി ഫെബ്രുവരി-മാർച്ച് മാസത്തോടെ പുസ്തകങ്ങളുടെ മുഴുവൻ തുകയും സ്കൂളുകൾ അടച്ചുകഴിഞ്ഞു. എന്നാൽ ഇന്നേവരെ ഒരു അംഗീകൃത സ്കൂളിനും പാഠപുസ്തകം വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല.

വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന വിക്ടേഴ്സ് ചാനൽ വഴിയും സ്കൂളുകൾ സ്വന്തം നിലക്ക് നടത്തുന്ന വാട്സാപ് ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിച്ച് 20 ദിവസം പിന്നിട്ടിരിക്കുകയാണ്. സ്കൂളുകൾ എന്ന് തുറക്കും എന്ന് ഇനിയും വ്യക്തമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വിദൂരവിദ്യാഭ്യാസ സംവിധാനത്തിൽ ഏറ്റവും അധികം ഗുണം ചെയ്യുന്ന പാഠപുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല.

അഞ്ച് മാസം മുമ്പ് തന്നെ മുഴുവൻ പണവും അടച്ച സ്കൂളുകളോടാണ് സർക്കാർ ഈ നിലപാട് സ്വീകരിക്കുന്നത്. പാഠപുസ്തകങ്ങൾ സ്കൂളുകൾ തുറക്കുന്നതിന് മുന്നേ വിദ്യാലയങ്ങളിൽ എത്തിയെന്ന് പരസ്യം ചെയ്യുകയും അതേസമയം, ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികൾക്ക് പുസ്തകം അപ്രാപ്യമാകുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത് ഇനിയും അനുവദിച്ച് കൊടുക്കാനാകില്ലെന്ന് കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ പറഞ്ഞു.

കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയാണ് പാഠപുസ്തകങ്ങൾ തയാറാക്കി സ്കൂളുകളിലേക്ക് എത്തിക്കുന്നത്. ജൂൺ 20ന് അകം പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജൂൺ 2ന് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനമൊട്ടാകെ 2.82 കോടി പുസ്തകങ്ങൾ വേണ്ടിടത്ത് ജൂൺ ആദ്യ ആഴ്ചയിൽ പകുതി പുസ്തകങ്ങൾ മാത്രമാണു തയാറായത്. എന്നാൽ ഇതുപോലും നീതിയുക്തമായി വിതരണം ചെയ്യാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞില്ല.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് വിഭാഗം വിദ്യാലയങ്ങൾക്കാണ് കെപിബിഎസ് പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്. സർക്കാർ സ്കൂളുകൾ, എയ്ഡഡ് സ്കൂളുകൾ, സർക്കാർ അംഗീകൃത സ്കൂളുകൾ എന്നിവയിൽ അംഗീകൃത സ്കൂളുകൾ മാത്രമാണ് പാഠപുസ്തകങ്ങൾ പണം നൽകി വാങ്ങുന്നത്. നാലോ അഞ്ചോ മാസം മുമ്പേ പണം മുൻകൂറായി നൽകുകയാണ് പതിവ്. എന്നാൽ, സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങൾക്ക് ഡിപ്പോ അധികൃതർ സൊസൈറ്റി വഴി പുസ്തകം എത്തിച്ച് നൽകും. അംഗീകൃത സ്കൂളുകൾ ഡിപ്പോകളിൽ നിന്ന് നേരിട്ട് വാങ്ങുകയുമാണ് ചെയ്യേണ്ടത്. സ്കൂളുകൾ ഡിപ്പോകളുമായി ബന്ധപ്പെടുമ്പോൾ പുസ്തകം എത്തിയിട്ടില്ല എന്നാണ് മറുപടി. സംസ്ഥാനത്ത് 1137 അംഗീകൃത സ്കൂളുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പഠനമാണ് പാഠപുസ്തകം ലഭിക്കാത്തതിനാൽ ഗുരുതരമായ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

school management
Advertisment