Advertisment

‘അഭിനയത്തിലും സൗഹൃദത്തിലും തുറന്ന ആകാശം തേടുന്ന പക്ഷിയാണ് മോഹന്‍ലാല്‍, മമ്മൂട്ടിയില്‍ അങ്ങനൊരു തുറന്നു വിടലില്ല’; തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for mammootty and mohanlal

Advertisment

മലയാളിയുടെ സിനിമാ ആസ്വാദന ശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. കുട്ടിസ്രാങ്കിനും സ്വപാനത്തിനും ശേഷം ഹരികൃഷണന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ഒടിയന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ വിശേഷങ്ങള്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ച് സംസാരിക്കവേയാണ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട് ഹരികൃഷ്ണന്‍ വ്യക്തമാക്കിയത്.

publive-image

‘മമ്മൂട്ടിയും മോഹന്‍ലാലും മികച്ച രണ്ട് നടന്മാരാണ്. മമ്മൂട്ടി ചെയ്ത പല റോളുകളും ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റില്ല, തിരിച്ചും. ഇവര്‍ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്ന് എനിക്കു തോന്നുന്നു. കുട്ടിസ്രാങ്ക് മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂര്‍ണതയുണ്ട് മമ്മൂട്ടിക്ക്. അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാല്‍. അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹന്‍ലാലിലുണ്ട്. മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്’ ഹരികൃഷണന്‍ പറയുന്നു.

publive-image

ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായപ്രവേശം ചെയ്യുന്ന മോഹന്‍ലാല്‍ ഇപ്പുറത്ത്, സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവന്‍ സ്വാംശീകരിക്കുന്ന ഗാംഭീര്യം അപ്പുറത്ത്. ഗാംഭീര്യം, പൗരുഷം അങ്ങനെ നമുക്കുള്ള നായക സങ്കല്‍പങ്ങളുടെ മൂര്‍ത്തീകരണമാണ് മമ്മൂട്ടി. സ്വകാര്യനേരങ്ങളിലും അല്ലാത്തപ്പോഴും സ്വയം അഴിച്ചുവിടുന്ന ഒരാളാണ് ലാലെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. ഒടിയന്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ തന്നെ മോഹന്‍ലാലായിരുന്നു മനസിലെന്നും അദ്ദേഹം വെളിപ്പെടുത്തി.

publive-image

30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ഒടിയനില്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ പതിനാലിന് റിലീസ് ചെയ്യുന്ന ചിത്രം എക്കാലത്തെയും വലിയ റിലീസിംഗിനാണ് ഒരുങ്ങുന്നത്. ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ യന്തിരന്‍ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

publive-image

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment