കോട്ടയം : ജോസഫ് പക്ഷത്ത് നിന്നും ഗ്രൂപ്പ് മാറി വന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാകും. കുളത്തുങ്കനെ പ്രസിഡന്ടാക്കാന് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായതായാണ് സൂചന.
ഞായറാഴ്ച പാലായില്‍ ചേരുന്ന ജില്ലാ പഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സെബാസ്റ്യന്‍ കുളത്തുങ്കനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കും എന്നാണ് റിപ്പോര്‍ട്ട് .
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിക്ക് ധാരണ പ്രകാരം 2 മാസംകൂടി അധ്യക്ഷ പദവി നല്‍കേണ്ടതാണെങ്കിലും ചെറിയ കാലയളവിലേയ്ക്ക് വീണ്ടുമൊരു സ്ഥാനമാറ്റം ജില്ലാ പഞ്ചായത്തില്‍ ഇനി പ്രായോഗികമല്ലെന്നതിനാലാണ് സെബാസ്റ്യന്‍ കുളത്തുങ്കനെ തന്നെ പരിഗണിക്കാന്‍ തീരുമാനം. അതല്ലെങ്കില്‍ അവസാനത്തെ ഒരു വര്‍ഷം മാത്രമേ ഇദ്ദേഹത്തിനു ലഭിക്കുമായിരുന്നുള്ളൂ.
ജോസഫ് ഗ്രൂപ്പിലെ കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ നേതാവായിരുന്നു സെബാസ്റ്യന്‍ കുളത്തുങ്കല്‍. ഇപ്പോഴും അദ്ദേഹം പിജെ ജോസഫുമായി നല്ല ബന്ധത്തിലുമാണ്.
കെ എം മാണിയുടെ മരണശേഷം ജോസഫും ജോസ് കെ മാണിയും വഴി പിരിഞ്ഞെങ്കിലും ജോസ് കെ മാണിക്കൊപ്പം നിന്നില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടും എന്നതിനാല്‍ അദ്ദേഹം ജോസ് കെ മാണി പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്തില്‍ ലഭിക്കുന്ന പദവി നഷ്ടമാകാതിരിക്കാന്‍ പിജെ ജോസഫും കുളത്തുങ്കന്റെ നിലപാടിനെ അംഗീകരിച്ചതായാണ് ജോസഫ് വിഭാഗം പറയുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിച്ചാല്‍ അദ്ദേഹം ഏത് പക്ഷത്ത് നിലയുറപ്പിക്കും എന്നതില്‍ ആശങ്ക ഉള്ളവര്‍ മാണി വിഭാഗത്തിലുമുണ്ട് .