Advertisment

നീന്തൽ അറിയുമോ എന്ന അറിയാനുള്ള എന്റെ കൗതുകത്തിന് ‘നന്നായി നീന്താൻ അറിയാം’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി; ഒപ്പം ചെറുപ്പത്തിൽ നീന്തലിൽ ഉണ്ടായിരുന്ന താൽപര്യവും നീന്തൽ വൈദഗ്ധ്യവും പങ്കുവച്ചു; അപൂർവമായി കൈവന്ന ഭാഗ്യമാണ് രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുളള്ള യാത്രയെന്ന് സെബിൻ‍

New Update

കോട്ടയം : രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുളള്ള ചൂണ്ടയിട്ടു മീൻപിടിക്കുന്ന കൗതുക കാഴ്ചകൾ യൂ ട്യൂബ് ചാനലിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ സെബിൻ 10 ലക്ഷം ഫോളോവേഴ്സ് ഉള്ള ‘ഫിഷിങ് ഫ്രീക്സ്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്. അപൂർവമായി കൈവന്ന ഭാഗ്യമാണ് രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുളള്ള യാത്രയെന്ന് സെബിൻ‍ പറയുന്നു.

Advertisment

publive-image

4 ദിവസം മുൻപാണ് രാഹുൽ ഗാന്ധിക്കൊപ്പം മത്സ്യ ബന്ധന ബോട്ടിൽ കടലിൽ പോകുന്നതിനു സമ്മതം ചോദിച്ച് വിളി വന്നത്. കടലിൽ പതിവായി പോയി മീൻ പിടുത്തം ഷൂട്ട് ചെയ്യുന്ന വ്ലോഗർ എന്ന നിലയിലും ഇംഗ്ലിഷ് അറിയാവുന്നതിനാൽ ദ്വിഭാഷി എന്ന നിലയിലുമായിരുന്നു തന്നെ ഈ യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിക്കാൻ അവസരം ലഭിച്ചതെന്ന് സെബിൻ പറയുന്നു.

തനിക്ക് രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ള കടൽ യാത്ര ഷൂട്ട് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകുമോ എന്ന സംശയം ആരാഞ്ഞു. അതിന് അനുമതി ലഭിച്ചതോടെയാണ് യാത്രയ്ക്ക് തയാറായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര ഉറപ്പായത്. ബുധനാഴ്ച പുലർച്ചെ കൊല്ലത്ത് വാടിയിൽ എത്താനായിരുന്നു നിർദേശം ലഭിച്ചത്.

യാത്രയിൽ കടൽ ശാന്തമായിരുന്നു. ഓരോരുത്തരോടും വീട്ടിലെ വിശേഷങ്ങളും കുടുംബാംഗങ്ങളുടെ വിവരങ്ങളും തിരക്കി ആയിരുന്നു യാത്ര. കടലിന്റെ ആഴം , ചാകരയുടെ ലക്ഷണങ്ങൾ, മീനിന്റെ ലഭ്യത, ലഭിക്കുന്ന വില, ഓരോരുത്തർക്കും ലഭിക്കുന്ന വരുമാനം എന്നിവയെല്ലാം വിശദമായി തിരക്കി. നീന്തൽ അറിയുമോ എന്ന അറിയാനുള്ള എന്റെ കൗതുകത്തിന് ‘നന്നായി നീന്താൻ അറിയാം’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

ഒപ്പം ചെറുപ്പത്തിൽ നീന്തലിൽ ഉണ്ടായിരുന്ന താൽപര്യവും നീന്തൽ വൈദഗ്ധ്യവും പങ്കുവച്ചു. മീൻ പിടിക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് മൂന്നു ബോട്ടുകളും സംഗമിച്ചു, ഒരു ബോട്ട് മീൻ സൂക്ഷിക്കാനും ഒരെണ്ണം വല വലിക്കാനും ഉള്ളതായിരുന്നു.

ആഴക്കടൽ ഭാഗത്ത് മത്സ്യബന്ധനത്തിനു ബോട്ടുകൾ സംഗമിച്ചു. മദർ ബോട്ടിനു ചുറ്റും വല വലിക്കുന്ന ബോട്ട് എത്തി. തുടർന്ന് തൊഴിലാളികൾ വല വലിക്കുന്ന ജോലിയിൽ വ്യാപൃതരായി. 15 മിനിറ്റു കൊണ്ട് മദർ ബോട്ടിനു ചുറ്റും കൂടെയുണ്ടായിരുന്ന ബോട്ട് വല വിരിച്ചു. ഈ സമയം ഓരോ തൊഴിലാളികളായി കടലിലേക്ക് ചാടി നീന്തി പൊങ്ങിക്കൊണ്ടിരുന്നു. ഇത് എന്തിനാണെന്നായി അപ്പോൾ രാഹുലിന്റെ സംശയം.

ഈ സംശയം ബോട്ടിലെ തൊഴിലാളികളോട് അന്വേഷിച്ചു. മദർ ബോട്ടിനു ചുറ്റുമാണു വല വിരിച്ചിരിക്കുന്നത്. എന്നാൽ ഈ ബോട്ടിന്റെ അടിയിൽ മാത്രം വല വലിക്കാൻ കഴിയില്ല. അതിനാൽ ഇതുവഴി മത്സ്യങ്ങൾ ചാടിപ്പോകും. ഈ വിടവിലൂടെ മത്സ്യങ്ങൾ ചാടിപ്പോകാതെ മത്സ്യങ്ങളെ ഭയപ്പെടുത്തി വലയിൽ കുടുക്കാൻ വേണ്ടിയാണെന്ന് അവരുടെ മറുപടി രാഹുലിനോട് വിശദീകരിച്ചു.

ഈ സമയം താനും വെള്ളത്തിലേക്ക് ചാടിയാൽ കുഴപ്പമുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. നന്നായി നീന്തുമെന്നും അതിനാൽ പേടിക്കാനില്ലെന്നും പറഞ്ഞു. ഇതോടെ ആഴമുള്ള കടലിലേക്ക് ചാടി. ഈ സമയം ഒരാൾ ബോട്ടിനു സമീപം നീന്തി തുടിച്ചുണ്ടായിരുന്നു. രണ്ടാമത് ഒരാൾ കൂടി രാഹുലിനൊപ്പം സുരക്ഷയ്ക്കായി ചാടി. ഇത് കണ്ട് ആവേശം മൂത്ത് ചില തൊഴിലാളികളും കടലിൽ ചാടി വിഐപിക്കൊപ്പം നീന്തി തുടിച്ചു. നീന്തലിനു ശേഷം കടലിൽ ഉണ്ടായിരുന്നവരുടെ സഹായത്തോടെയാണ് തിരികെ ബോട്ടിലേക്ക് പ്രവേശിച്ചത്.

മുക്കാൽ മണിക്കൂർ കൊണ്ടാണ് വല വലിച്ചത്. ഈ സമയമത്രയും രാഹുൽ ഗാന്ധിയും ഒപ്പം കൂടി. വലയിൽ കുടുങ്ങിയ മീനുകളുടെ പേരുകളും ചോദിച്ചു മനസ്സിലാക്കി. മുൻപ് ചൂണ്ടയിട്ട് മീൻ പിടിച്ച കഥകളും രാഹുൽ ഗാന്ധി പങ്കുവച്ചു.

രാഹുൽ ഗാന്ധി ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം ബോട്ടിലെ തൊഴിലാളികൾ പറയുന്ന കാര്യങ്ങൾ മൊഴിമാറ്റി പറയുകയും ചെയ്തു. ഇതിനിടെ അടുത്ത ബോട്ടിലുണ്ടായിരുന്ന ഒരു മത്സ്യബന്ധന തൊഴിലാളിയായ യുവാവ് എത്തി ഇംഗ്ലിഷിൽ മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധി രാഹുൽ ഗാന്ധിയോട് വിവരിച്ചു.

ഈ സമയം പ്രഭാത ഭക്ഷണം തയാറാക്കുന്ന തിരക്കിലായിരുന്നു ചില തൊഴിലാളികൾ. അപ്പോൾ പിടിച്ച മീൻ തന്നെ കഴുകി വ‍ൃത്തിയാക്കി വെട്ടി കറിവച്ചു. ചൂട് മീൻകറിയും ബ്രഡ്ഡും എല്ലാവരും ചേർന്ന് കഴിച്ചു. മീൻ കറി അതീവ രുചികരമാണ് എന്നു പ്രശംസിക്കാനും രാഹുൽ മറന്നില്ല.

rahul gandhi
Advertisment