Advertisment

പി.കെ.ശശിക്കെതിരായ ലൈംഗികാരോപണം; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

New Update

Advertisment

പാലക്കാട്: ലൈംഗീക പീഡനാരോപണം നേരിടുന്ന പി.കെ.ശശി എം.എൽ.എയ്ക്കെതിരെ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുമുള്ള മൌനത്തില്‍ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്കളുടെ മൗനത്തിനെതിരെ രൂക്ഷവിമർശനം ഉയര്‍ന്നത്.

ഇരയ്ക്കൊപ്പമാണ് സംഘടന നിൽക്കേണ്ടതെന്ന് ഒരു വിഭാഗം പ്രവർത്തകർ യോഗത്തിൽ നിലപാടെടുത്തു. പി കെ ശശിക്കെതിരെ ആരോപണം ഉയർന്നത്തിനു ശേഷം ആദ്യമായാണ് ബുധനാഴ്ച പാലക്കാട് ജില്ലാ കമ്മിറ്റി ചേരുന്നത്. ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ  സി പി എം അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇരയ്ക്കൊപ്പം നിൽക്കുന്ന നിലപാടല്ല ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം സ്വീകരിയ്ക്കുന്നതെന്നും ഒരു വിഭാഗം ആരോപിച്ചു.

പി കെ ശശി കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കണം എന്നാവശ്യപ്പെടാൻ പോലും തയ്യാറാകാത്തതും വിമര്‍ശനത്തിന് കാരണമായി. എന്നാൽ ജില്ലാ കമ്മറ്റിയംഗം കൂടിയായ വനിതാ നേതാവ് ഡിവൈഎഫ്ഐക്ക് പരാതി നൽകിയിട്ടില്ലെന്ന സാങ്കേതികത്വമാണ് നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. ജില്ലാ സമ്മേളന ഒരുക്കങ്ങൾ മാത്രമായിരുന്നു അജണ്ടയെന്നും ശശി വിഷയം ചർച്ചയാക്കേണ്ട വേദിയല്ല ജില്ലാകമ്മറ്റി യോഗമെന്നും നേതൃത്വം നിലപാടെടുത്തു.

പി കെ ശശിക്ക് വേണ്ടി ഡിവൈഎഫ്ഐയിലെ ചില ജില്ലാ നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചതും സംഘടനയ്ക്കകത്ത് കടുത്ത അമർഷത്തിന് കാരണമായി. ഒറ്റപ്പാലത്ത് നിന്നുള്ള അംഗമാണ് വിഷയത്തിൽ ഡി.വൈ.എഫ്.ഐയുടെ നിലപാടില്ലായ്മയെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്. പുതുശ്ശേരി, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ളവരും വിമർശിച്ചു. പരാതിക്കാരിയായ യുവതി ജില്ല കമ്മിറ്റിയോഗത്തിൽ നിന്ന് വിട്ടുനിന്നതും നേതൃത്വത്തിന്‍റെ സമീപനം മൂലമാണെന്ന ആരോപണം ശക്തമാണ്.

Advertisment