Advertisment

പിണറായി ഒരടി പിന്നോട്ട് ? ആഞ്ഞടിക്കുമ്പോഴും കടുപ്പം കുറഞ്ഞു. കൊട്ടാരത്തെയും തന്ത്രിമാരെയും ഒഴിവാക്കി. ഇടതുമുന്നണിയില്‍ അഭിപ്രായ വ്യത്യാസം ശക്തം. സിപിഎമ്മിലെ നേതാക്കള്‍ക്കും പിണറായിയുടെ ആവേശമില്ല !

New Update

publive-image

Advertisment

കോട്ടയം : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരടി പിന്നോട്ട് എന്ന് സംശയം. മുഖ്യമന്ത്രി കോട്ടയത്തെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നടത്തിയ പ്രസംഗം നല്‍കുന്നത് അത്തരം സൂചനകളാണ്. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിട്ടും എന്‍.എസ്‌.എസും ഹൈന്ദവ സംഘടനകളും നിലപാട്‌ ആവര്‍ത്തിച്ച് ശക്തമായി രംഗത്ത് വന്നതോടെ സിപിഎമ്മിലും ഇടതുമുന്നണിയിലും ആകെ ആശയക്കുഴപ്പം ഉടലെടുത്തതായാണ് റിപ്പോര്‍ട്ട്.

കോട്ടയം യോഗത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച മുഖ്യമന്ത്രി പക്ഷേ പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും ഇന്ന് വെറുതെ വിട്ടു. മണ്ഡല കാലത്ത് ശബരിമലയിൽ ക്യാംപ് ചെയ്തു യുവതി പ്രവേശത്തെ തടയാൻ ആരെയും അനുവദിക്കില്ലെന്നു യോഗത്തില്‍ പിണറായി വിജയൻ പറഞ്ഞു. പീപ്പിരി കാണിച്ചാൽ ചൂളുന്ന സർക്കാരല്ല ഇപ്പോഴുള്ളത്.

publive-image

അവകാശത്തിന്റെ പേരിൽ ചിലർ പ്രഖ്യാപനങ്ങൾ നടത്തുന്നതു കാണുന്നുണ്ട്. പ്രഖ്യാപനത്തിനു മറുപടി മറുപ്രഖ്യാപനമല്ല മറിച്ചു ശക്തമായ നടപടിയാണെന്നു പിണറായി വിജയൻ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അത്ര രൂക്ഷമായ വിമര്‍ശനങ്ങളും നിലപാടുകളും ഇന്ന് കണ്ടില്ല.

മുന്നണിയിലെ ഘടകകക്ഷികള്‍ മുഖ്യമന്ത്രിയുടെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഐ നിലപാട് തന്നെ പ്രധാനം. രാജകുടുംബത്തെ പിന്തുണച്ചും പഴയ കമ്മ്യൂണിസ്റ്റ് ചരിത്രം വിവരിച്ചും കാനം രംഗത്ത് വന്നത് മുഖ്യമന്ത്രിക്കുള്ള മറുപടിയായിരുന്നു. പ്രതിസന്ധി കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നതാണ് പന്തളം കൊട്ടാരം എന്നായിരുന്നു കാനം പറഞ്ഞത് .

publive-image

പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും കടന്നാക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനു പിന്തുണ കൊടുക്കേണ്ടെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്നുമാണ്‌ കാനം രാജേന്ദ്രന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം . വിശ്വാസികളെ അവരുടെ വഴിക്കു വിട്ടേക്കാനാണ്‌ കാനം രാജേന്ദ്രന്റെ നിലപാട് . അതേസമയം വിശ്വാസികളെയും സമുദായസംഘടനകളെയും പ്രകോപിപ്പിക്കരുതെന്ന്‌ സിപിഎമ്മും താഴേത്തട്ടിലേക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട് . വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക്‌ അമിതാവേശം അരുതെന്നു മുന്നറിയിപ്പും നല്‍കി.

publive-image

ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയും സര്‍ക്കാര്‍ നിലപാടില്‍ അത്രുപ്തനാണ്. ആദ്യം എന്‍ എസ് എസ് നിലപാടിനെ പിന്തുണച്ചു രംഗത്ത് വന്ന പിള്ള ഇന്നലെ കൊല്ലത്ത് മുഖ്യമന്ത്രിക്കൊപ്പം വേദി കിട്ടിയപ്പോള്‍ മാത്രമാണ് സര്‍ക്കാരിനെ അല്‍പം മാത്രം പിന്തുണച്ചത്. താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന്‌ ചാനല്‍ പരിപാടിയിലും പിള്ള നിലപാട് വ്യക്തമാക്കിയിരുന്നു .

publive-image

മുഖ്യമന്ത്രി ആഞ്ഞടിക്കുമ്പോഴും സി.പി.എമ്മിലെ മറ്റു നേതാക്കള്‍ മിതത്വം തുടരുകയാണ് . മുഖ്യമന്ത്രിയുടെ ആവേശം മറ്റു നേതാക്കള്‍ക്കില്ല. വരും ദിവസങ്ങളില്‍ ഈ ഭിന്നത മറനീക്കി പുറത്തുവരുമെന്നും പറയുന്നു.

pinarayi flop sabarimala
Advertisment