Advertisment

കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജ ചടങ്ങില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് വധഭീഷണി; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും; ഒടുവില്‍ പരസ്യമായി മാപ്പു ചോദിച്ച് താരം

New Update

publive-image

Advertisment

ധാക്ക: കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജ ചടങ്ങില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് വധഭീഷണി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ താരത്തിന് നേരെ വിമര്‍ശനവും ഉയര്‍ന്നു.

കാളിപൂജ ഉദ്ഘാടനത്തിൽ പങ്കെടുത്തതിലൂടെ ഷാക്കിബ് ചെയ്തത് ദൈവനിന്ദയാണെന്ന് ആരോപിച്ചാണ്‌, താരത്തെ കൊലപ്പെടുത്തുമെന്ന് വ്യക്തമാക്കി മൊഹ്സിൻ തലൂക്ദാർ എന്ന യുവാവ് സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത്. ബംഗ്ലദേശിലെ സിൽഹറ്റിൽനിന്നുള്ള മൊഹ്സിനെ ബംഗ്ലദേശ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഒടുവില്‍ പരസ്യമായി മാപ്പു ചോദിച്ച് ഷാക്കിബ് രംഗത്തെത്തി. ‘മുസ്‌ലിമായതിൽ അഭിമാനിക്കുന്ന വ്യക്തിയെന്ന നിലയിൽ, എന്റെ പ്രവൃത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഷാക്കിബ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ നവംബർ 12നാണ് ഷാക്കിബ് കാളിപൂജ ഉദ്ഘാടനത്തിൽ പങ്കെടുത്തത്. കാളിപൂജ താൻ ഉദ്ഘാടനം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ ഷാക്കിബ്, അതിനുശേഷം നടന്ന ചടങ്ങിൽ മാത്രമാണ് താൻ പങ്കെടുത്തതെന്നും വിശദീകരിച്ചു.

നേരത്തെ, കാളിപൂജ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഷാക്കിബ് വേദിയിൽ കയറി പ്രസംഗിക്കുകയും ചെയ്തിരുന്നു. ‘കൊൽക്കത്ത എനിക്ക് വീടു പോലെ തന്നെയാണ്. ഇവിടം സന്ദർശിക്കാനുള്ള ഒരു അവസരവും ഞാൻ പാഴാക്കാറില്ല. ഇരു ഭാഗത്തുമുള്ള ആളുകൾ തമ്മിലുള്ള ബന്ധം എന്നും ശക്തമായി തുടരണമെന്നാണ് നാമെല്ലാം പ്രാർഥിക്കുന്നത്’ – ചടങ്ങിൽ പങ്കെടുത്ത് ഷാക്കിബ് പറ‍ഞ്ഞു.

Advertisment