കൊച്ചി: കൊച്ചിയില്‍ യുവനടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍
ഹെയർ സ്റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് പിടിയിൽ. നേരത്തെ അറസ്റ്റിലായ റഫീക്കിന്റെ ബന്ധുവാണ് ഹാരിസ് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് ഗൾഫിൽ സ്വന്തമായി ഹെയർ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു.
അഞ്ച് പേർ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു. ചിലരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം ഐജി വെളിപ്പെടുത്തിയിരുന്നു.
തട്ടിപ്പു കേസിൽ സിനിമാ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യാനാരുങ്ങുകയാണ്. നടൻ ധർമജൻ ബോൾഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചിലരെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കമ്മിഷണർ ഓഫിസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.