Advertisment

ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളും വിഫലമായി; സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

New Update

publive-image

Advertisment

കൊച്ചി: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് (37) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കൊച്ചിയിലെത്തിച്ചത്. 10.20നായിരുന്നു അന്ത്യം

കഴിഞ്ഞ 18ന് പാലക്കാട് അട്ടപ്പാടിയില്‍ വച്ച്‌ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് കോയമ്ബത്തൂരില്‍ കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നില ഗുരുതരമായതോടെയാണ് കൊച്ചിയില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വിദഗ്ധ ചികിത്സ നല്‍കുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്.   2015ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ കരി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

''ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി.... നമ്മുടെ സൂഫി..''-ഷാനവാസിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്‍ വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment