മുങ്ങാന്‍ ഗത്യന്തരമില്ലാതെ ദോശരാജാവ് ശരവണഭവൻ രാജഗോപാൽ കീഴടങ്ങി. കോടതിയുടെ അനുകമ്പ പിടിച്ചുപറ്റാന്‍ എത്തിയത് ആംബുലൻസിലെത്തി വീൽചെയറിലിരുന്ന്. ചികിൽസയ്ക്ക് അയക്കണമെന്ന് രാജഗോപാല്‍ പറഞ്ഞപ്പോള്‍ പുഴൽ ജയിലിലേയ്ക്ക് അയക്കാന്‍ ഉത്തരവിട്ട് കോടതി. ചികിത്സ ജയില്‍ ഡോക്ടര്‍ കണ്ടെത്തുമെന്നും കോടതി

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, July 9, 2019

ചെന്നൈ∙ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് തടവ് താമസിപ്പിക്കാനുള്ള നീക്കം കോടതി തള്ളിയതോടെ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണഭവൻ ഉടമ പി. രാജഗോപാൽ മദ്രാസ് ഹൈക്കോടതിയിൽ കീഴടങ്ങി. അവശതയിലെന്നറിയിക്കാന്‍ ആംബുലൻസിൽ കോടതി വളപ്പിലെത്തിയ രാജഗോപാൽ വീൽചെയറിലാണു കോടതി മുറിയിലെത്തുകയായിരുന്നു .

ചികിൽസ തുടരാൻ അനുവദിക്കണമെന്നു രാജഗോപാൽ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പുഴൽ ജയിലിലേക്കു അയക്കാനായിരുന്നു കോടതി ഉത്തരവ്. ജയിലിൽ ഡോക്ടർമാർ പരിശോധിക്കുമെന്നും ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ നിയമപ്രകാരമുള്ള നടപടി അവര്‍ സ്വീകരിക്കുമെന്നുമായിരുന്നു രാജഗോപാലിന് കോടതിയുടെ മറുപടി .

ആരോഗ്യസ്ഥിതി മോശമായതിനാൽ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രീംകോടതി നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങൽ.

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി രാജഗോപാലിനു ശിക്ഷ വിധിച്ചത്.

ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999 ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു.

തുടര്‍ന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ 2001 ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊടൈക്കനാലിലെ വനത്തിൽ ഇയാളുടെ മൃതദേഹം മറവുചെയ്തെന്നും പ്രോസിക്യൂഷൻ പറയുന്നു.

കേസിൽ 2004 ൽ ആണ് കോടതി 10 വർഷം തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ മാർച്ചിൽ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉയർത്തി. 2009ൽ ജാമ്യം നേടിയ രാജഗോപാൽ, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇതിനെ മറികടക്കാനായി, താൻ ആശുപത്രിയിൽ ആയിരുന്നെന്നും ചികിൽസയ്ക്കായി കൂടുതൽ സമയം വേണമെന്നും വിശദീകരിച്ച് രാജഗോപാൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

×