Advertisment

ശബരിമല വിഷയത്തിലെ എഫ്ബി പോസ്റ്റില്‍ അശ്ലീല കമന്‍റ്; പൊലീസില്‍ പരാതി നല്‍കി ഡോക്ടര്‍ ഷിനു ശ്യാമളന്‍

New Update

Image result for ഷിനു ശ്യാമളന്‍

Advertisment

തൃശൂര്‍:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ നിരവധി പേരാണ് സ്വാഗതം ചെയ്തിരിക്കുന്നത്. വിധി പ്രസ്താവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം കുറിക്കുന്നുമുണ്ട്.  നാലു വയസുള്ളപ്പോള്‍ മലക്ക് പോയതാണ് , പിന്നെ അവിടെ കയറിയിട്ടില്ലെന്നായിരുന്നു വിധി വന്ന സെപ്റ്റംബര്‍ 28 ന് വിധിയെ അനുകൂലിച്ചുകൊണ്ട് ഡോക്ടര്‍ ഷിനു ശ്യമാളന്‍ കുറിച്ചത്. ഈ പോസ്റ്റിനെ അനുകൂലിച്ചും എന്നാല്‍ എതിര്‍ത്തും പലരും കമന്‍റ് ചെയ്തു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍  ഡോക്ടര്‍ ഇതിന് മറുപടി നല്‍കി. എന്തു വൃത്തികേടും കമന്‍റ് ബോക്സില്‍ പറഞ്ഞാല്‍ ഡോക്ടറാണന്ന് കരുതി ക്ഷമിക്കില്ലെന്നായിരുന്നു പോസ്റ്റ്.

എന്നാല്‍ ശബരിമല വിഷയത്തില്‍ ഇന്നലെ ഡോക്ടര്‍ കുറിച്ച പോസ്റ്റിനെതിരെ വന്ന അശ്ലീല കമന്‍റിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഷിനു ശ്യാമളന്‍. സുജിത്ത് പി.എസ് എന്ന അക്കൗണ്ടില്‍ നിന്നുമാണ് അശ്ലീല കമന്‍റ്. ഇയാള്‍ക്കെതിരെ ഷിനു ശ്യാമളന്‍ തൃശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. നിങ്ങൾക്ക് മലയ്ക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം, തികച്ചും വ്യക്തിപരമായ കാര്യമാണതെന്നും പക്ഷെ മലയ്ക്ക് പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാൻ ഏത് മതമാണ് നിങ്ങൾക്ക് അനുവാദം തരുന്നതെന്നും പോസ്റ്റില്‍ ഡോക്ടര്‍ ചോദിക്കുന്നുണ്ട്. ഭരണഘടനാപരവും നിയപരവുമായ ഒരു വിധിയെ സ്ത്രീയെന്ന നിലയിൽ മാത്രമല്ല, ഒരു മതവിശ്വാസി എന്ന നിലയിലും പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതിനെതിരെയാണ് സുജിത്ത് പി.എസ് എന്നയാള്‍ വൃത്തികെട്ട രീതിയില്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

വിവാഹേതര ബന്ധം ക്രിമനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് അതുചെയ്ത്  വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്യാനാണ് കമന്‍റില്‍ പറയുന്നത്. ഇതിന് പിന്നാലെ ശബരിമലവിഷയം നോക്കാമെന്നും അങ്ങനെയാണെങ്കില്‍  ഫുള്‍ സപ്പോര്‍ട്ട് നല്‍കാമെന്നും സുജിത്ത് പി.എസിന്‍റെ കമന്‍റിലുണ്ട്. ദുബായിലാണ് താമസിക്കുന്നതെന്ന് ഇയാള്‍ മറ്റൊരു കമന്‍റില്‍ പറയുകയും ഫോണ്‍ നമ്പര്‍ പോസ്ററ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ കമന്‍റിന്‍റെയും ഫോണ്‍ നമ്പറിന്‍റെയും സ്ക്രീന്‍ ഷോട്ട് അടക്കമാണ് ഷിന്യു ശ്യാമളന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറഞ്ഞു.

Advertisment