Advertisment

ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍

New Update

തിരുവനന്തപുരം: ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍. മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പൊലീസിനെതിരെ ഷുഹൈബിന്റെ കുടുംബം രംഗത്തെത്തി. ഷുഹൈബിന്റെ മരണം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് വീട്ടില്‍ വന്നില്ലെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. ഷുഹൈബിന് ഭീഷണി ഉണ്ടായിരുന്നതായും പിതാവ് പറഞ്ഞു. കൊലയാളികള്‍ പിന്തുടര്‍ന്നത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വധഭീഷണിയുണ്ടെന്ന ഷുഹൈബിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു.

Advertisment

publive-image

അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ്സതീശൻ പാച്ചേനി നടത്തുന്ന ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം തുടരുകയാണ്. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വി.ഡി.സതീശനും കെ.സുധാകരനും ആരോപിച്ചു.

എടയന്നൂർ മേഖലയിലെ രാഷ്ട്രീയ തർക്കങ്ങളും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവർത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ സതീശൻ പാച്ചേനി നടത്തുന്ന സമരം തുടരുകയാണ്.

അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്ന് കെ.സുധാകരൻ പറഞ്ഞു. സഹിഷ്ണുത ദൗർബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാൻ സിപിഐഎം നിർബന്ധിക്കരുതെന്നും സുധാകരൻ പറഞ്ഞു.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് സിപിഎം കൊലപാതകം നടത്തിയതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ ആരോപിച്ചു. തീവ്രവാദി സംഘടനകൾ പോലും പ്ലാൻ ചെയ്യാത്ത രീതിയിൽ പ്ലാൻ ചെയ്ത് സിപിഎം കില്ലർ ഗ്രൂപ്പുകൾ കൊലപാതകം നടത്തുന്നു. അക്രമത്തിൽ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. നാളെ രാവിലെ പത്തിന് ഉപവാസസമരം അവസാനിക്കും.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.

Advertisment