Advertisment

കേസിന്റെ വിചാരണ തലശ്ശേരി കോടതിയിൽ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത , വിചാരണ എറണാകുളത്തേക്ക് മാറ്റണം ; ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കണ്ണൂർ : അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ, കേസ് വിചാരണ കണ്ണൂർ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബം. കേസിന്റെ വിചാരണ തലശ്ശേരി കോടതിയിൽ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ഷുക്കൂറിന്റെ സഹോദരൻ വ്യക്തമാക്കി.

Advertisment

കേസിൽ നീതിപൂർവകമായ വിചാരണയും, കുടുംബത്തിന് നീതിയും ലഭിക്കില്ല. ഈ സാഹചര്യത്തിൽ കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലോ, ജില്ലയ്ക്ക് പുറത്തെ കോടതിയിലേക്കോ മാറ്റണമെന്നാണ് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

publive-image

ഇക്കാര്യം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. തലശേരിയില്‍ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പൂര്‍ണമായും നീതി ലഭിക്കില്ലെന്നും ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാട്ടും. കേരള പൊലീസ് കുറ്റപത്രം തലശേരി കോടതിയില്‍ സമര്‍പ്പിച്ചതുകൊണ്ടാണ് തുടരന്വേഷണം നടത്തിയ സിബിഐയും അനുബന്ധ കുറ്റപത്രം തലശേരിയില്‍ നല്‍കിയത്.

അനുബന്ധ കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാൻ സിബിഐ ശ്രമിച്ചെങ്കിലും കോടതി മടക്കുകയായിരുന്നു. തുടർന്നാണ് തലശ്ശേരി കോടതിയിൽ നൽകിയത്. 1472 പേജുള്ള കുറ്റപത്രത്തിൽ 24 സാക്ഷിമൊഴികളുണ്ട്. സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി വ്യാഴാഴ്ച പരിശോധിക്കും. എന്നാല്‍ തലശേരിയില്‍ വിചാരണ നടത്തുന്നതിനോട് ഷുക്കൂറിന്റെ കുടുംബത്തിനും മുസ്ലിം ലീഗിനും താല്‍പര്യമില്ല.

കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അരിയിൽ കോതയിൽ 2012 ഫെബ്രുവരി 20 നാണ് ഷുക്കൂറിന്റെ കൊലപാതകം നടക്കുന്നത്. പി ജയരാജൻ, ടിവി രാജേഷ് എന്നിവരെ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പിന്നാലെയാണ് കൊലപാതകം. സിപിഎം പാർട്ടി കോടതി വിധി നടപ്പാക്കിയതാണെന്നാണ് കോൺ​ഗ്രസും മുസ്ലിം ലീ​ഗും ആരോപിക്കുന്നത്.

Advertisment