ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍…കൊലപാതകം നടന്നത് ഉന്നത നേതാക്കളുടെ അറിവോടെ…ഷുക്കൂറിനെ വയലില്‍ ഇട്ട് വെട്ടിനുറുക്കിയത് പട്ടാപകല്‍ ജനം നോക്കിനില്‍ക്കെ….2012 ഫെബ്രുവരിയില്‍ നടന്ന ഷുക്കൂര്‍ വധം ഇങ്ങനെ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Monday, February 11, 2019

കണ്ണൂര്‍: എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണെന്ന് സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു. ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൊലപാതകം സംബന്ധിച്ച വിശദാംശങ്ങളുള്ളത്.

പട്ടാപകല്‍ ജനം നോക്കിനില്‍ക്കെ വയലില്‍ വെച്ചാണ് ുക്കൂറിനെ വെട്ടിനുറുക്കിയത്. അന്നുണ്ടായ സംഭവ വികാസങ്ങള്‍ ഇങ്ങനെ. അരിയിലില്‍ 2012 ഫെബ്രുവരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. തുടര്‍സംഘര്‍ഷം നിലനില്‍ക്കവെയാണ് സിപിഎം നേതാക്കളായ പി ജയരാജനും രാജേഷും ചില നേതാക്കളും സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്.

ഇവരുടെ വാഹനം യൂത്ത് ലീഗുകാര്‍ തടഞ്ഞു. തന്നെ തിരിച്ചറിഞ്ഞാല്‍ അക്രമമുണ്ടാകില്ല എന്ന വിശ്വാസത്തില്‍ ജയരാജന്‍ പുറത്തിറങ്ങി. ഈ സമയം ജയരാജനെ ചിലര്‍ കോളറിന് പിടിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ ജയരാജനും സംഘവും ഉടന്‍ മടങ്ങി സഹകരണ ആശുപത്രിയില്‍ ചികില്‍സക്കെത്തി.

അപ്പോഴേക്കും ഈ സംഭവം പ്രചരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയെ ആക്രമിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചു. ഈ വേളയിലാണ് ഷുക്കൂറും സുഹൃത്തുക്കളും കീഴറയില്‍ എത്തുന്നത്. ജയരാജനെ അക്രമിച്ചവര്‍ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചു.

അപകടം മണത്ത ഷുക്കൂറും സംഘവും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലേക്ക് ഓടികയറി. പിന്നാലെ എത്തിയവര്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഷുക്കൂറിനെയും സംഘത്തെയും ഇറക്കി വിട്ടില്ല. ഈ വേളയില്‍ പ്രദേശത്ത് ആളുകള്‍ കൂടി വന്നു.

കണ്ണപുരം പോലീസിന്റെ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ മുഹമ്മദ് കുഞ്ഞി അയല്‍വീട്ടിലേക്ക് പോയ തക്കത്തിന് അക്രമികള്‍ വാതില്‍ തകര്‍ത്ത് അഞ്ചുപേരുടെയും ഫോട്ടോ എടുത്തു. പേരും വിലാസവും ചോദിച്ചറിഞ്ഞു. മൊബൈലില്‍ പലര്‍ക്കും ഈ വിവരങ്ങള്‍ കൈമാറി. ഫോട്ടോ എടുത്ത് മൊബൈലില്‍ കൈമാറിയ വ്യക്തിക്ക് മറുപടിയും വന്നു.

ശേഷം മൂന്ന് പേരെ വീട്ടില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിച്ചു. ആളുകള്‍ നോക്കി നില്‍ക്കെ ആയിരുന്നു മര്‍ദ്ദനം. മൂന്ന് പേരും ഓടി രക്ഷപ്പെട്ടു. ശേഷമാണ് ഷുക്കൂറിനെയും മറ്റൊരാളെയും പുറത്തുകൊണ്ടുവന്നത്. ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദനം തുടങ്ങി.

ആയുധം കൊണ്ട് ശരീരം മുറിപ്പെടുത്തി. ഷുക്കൂര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അക്രമികള്‍ പിന്നാലെ ഓടി വയലില്‍ വെട്ടിവീഴ്ത്തി. അക്രമികളുടെ ശ്രദ്ധ മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന വ്യക്തി ഓടിരക്ഷപ്പെട്ടു. പോലീസിന് മുന്നിലെത്തിയതോടെ ഇയാള്‍ രക്ഷപ്പെട്ടു. ഷുക്കൂറിന്റെ ഈ സുഹൃത്തിനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

×