ഒരിക്കല്‍ കൂടി താന്‍ മുഖ്യമന്ത്രിയാകുമെന്ന് അവകാശവാദവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജെഡിഎസ് സഖ്യകാര്യത്തില്‍ വീണ്ടും ആശങ്ക

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, August 25, 2018

ബാംഗ്ലൂര്‍ : ഒരിക്കല്‍ കൂടി താന്‍ മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അനുഗ്രഹിക്കുമെന്നും താന്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്നുമാണ് വിചാരിച്ചത്.

നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു. പക്ഷേ ഇത് അവസാനമല്ല. അവസരങ്ങള്‍ ഇനിയുമുണ്ടാകും. രാഷ്ട്രീയത്തില്‍ വിജയവും പരാജയവുമൊക്കെ സര്‍വ്വസാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസിനും ജെഡിഎസിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ശക്തിപ്പെടുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയം . രണ്ടാംവട്ടവും താന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിക്കുകയായിരുന്നെന്നും സിദ്ധരാമയ്യ ആരോപിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് ഇപ്പോള്‍ ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നിരവധി രാഷ്ട്രീയനാടകങ്ങള്‍ക്ക് വേദിയായ കര്‍ണാടകയില്‍ ബിജെപിയുടെ തന്ത്രങ്ങളെ മറികടന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് വിഷം കുടിച്ചതുപോലെയായെന്ന് കുമാരസ്വാമി കഴിഞ്ഞയിടയ്ക്ക് പറഞ്ഞിരുന്നു. സിദ്ധരാമയ്യയുടെ പുതിയ പ്രസ്താവനയോടെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്‍റെ കാര്യത്തില്‍ വീണ്ടും ആശങ്ക ശക്തമായി .

×