Advertisment

ദേ ഇതാരാന്ന് നോക്കിയേ..ആരാ.. അവരു ചോദിച്ചു..! എടീ... ഇന്നസെന്റ്!!! ഞാൻ തരിച്ചിരുന്നു പോയി..! രസകരമായ അനുഭവം പങ്കുവച്ച് സിദ്ധിഖ്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

ഓണത്തിന് മുന്നോടിയായി വീട്ടുകാരുമായി ഷോപ്പിങ്ങിന് പോയപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്. ‘ഒരു കൊറോഓണക്കാലം’ എന്നാണ് സംഭവവിവരണത്തിന് നടൻ പേരിട്ടിരിക്കുന്നത്.

Advertisment

publive-image

കുറിപ്പിന്റെ പൂർണരൂപം

ഒരു കൊറോഓണക്കാലം...

ഓണമാണ് വരുന്നത് കുറേ സാധനങ്ങൾ വാങ്ങാനുണ്ട്. രാവിലെ പത്രത്തിൽ തലയും പൂത്തി ഇരുന്നാൽ മതിയല്ലോ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും ഇല്ല.. ഇന്നാ ചായ.. രാവിലെ ഭാര്യയുടെ വക....

ഷൂട്ടിങ് ഉണ്ടായിരുന്നപ്പോൾ ദാ ഞാൻ ഇറങ്ങുന്നു എന്നും പറഞ്ഞ് അങ്ങ് പോയാ മതിയായിരുന്നു. ഇപ്പോ ഇവരു പറയുന്നത് എല്ലാം ഇരുന്ന് കേൾക്കണം. ഈ കൊറോണ പറ്റിച്ച ഒരു പണി..

അതിനെന്താ വാങ്ങാമല്ലോ.. ഞാൻ സമാധാനത്തിന്റെ പാതയിലൂടെ നീങ്ങാൻ തീരുമാനിച്ചു. ഉച്ചക്ക് ഊണ് കഴിഞ്ഞാൽ ഉടനെ ഇറങ്ങണം.. എന്നാലെ 6 മണിക്ക് മുൻപ് തിരിച്ചെത്താൻ പറ്റൂ. ഓ.. ഞാൻ അതും സമ്മതിച്ചു.

കുറച്ചു ദിവസമായി ഒന്ന് ഷേവ് ചെയ്തിട്ട്, താടിയും മീശയും ഒക്കെ നരച്ചു. മുടി നരച്ചിട്ടില്ല (നരക്കാൻ.. ഇല്ലല്ലോ )

താടിയും മീശയും എല്ലാം വടിച്ചുകളഞ്ഞപ്പോ നല്ല സുഖം..

വൃത്തിയായി കുളിച്ചു.. അലക്കിത്തേച്ച മുണ്ടും ഒരു പഴയ സിൽക്ക് ജുബ്ബയും എടുത്തിട്ടു.നിങ്ങൾ എന്തിനാ ഈ മീശ വടിച്ചുകളയുന്നത്? ഒരുപാട് പ്രായം തോന്നും.. ഭാര്യയുടെ വക. 60 കഴിഞ്ഞ എന്നെ ഇപ്പോഴും ചെറുപ്പമായി കാണാനാണ് അവൾക്കിഷ്ട്ടം.

വാപ്പാച്ചിയെ കണ്ടാൽ ഇപ്പൊ നല്ലൊരു അച്ചായൻ ആണെന്ന് തോന്നും.. മോന്റെ കമന്റ്‌. വാ  വാ ഇറങ്ങ് ഇറങ് ഭാര്യ തിരക്ക് കൂട്ടി , ഞാനും ഭാര്യയും മോളും കൂടി ഷോപ്പിംഗിന് പുറപ്പെട്ടു. ആൺ മക്കൾ 2 പേരും  ഇന്നലെ പോയി അവർക്കാവശ്യമുള്ളതൊക്കെ  വാങ്ങിയിരുന്നു.

ഭാര്യയെയും മകളെയും ലുലു മാളിൽ വിട്ടു. ഞാൻ നേരെ എന്റെ ഒരു സുഹൃത്തിനെ കാണാൻ പോയി.5 മണി കഴിഞ്ഞപ്പോ ഭാര്യയുടെ ഫോൺ.. കഴിഞ്ഞു. ലുലു മാളിന്റെ കാർ പാർക്കിൽ വെയിറ്റ് ചെയ്താൽ മതി. ഞങ്ങൾ അങ്ങോട്ട് വരാം. ശരി.. ഞാനേറ്റു. പടച്ചോനെ.. എന്തൊക്കെയാണ് ഈ വാങ്ങികൂടിയിരിക്കുന്നത്..

ഞാൻ അന്തം വിട്ടു. കുറേ പാക്കറ്റുകളുണ്ട്.. ഡ്രസ്സ്‌, പച്ചക്കറികൾ, ഫ്രൂട്ട്സ്, ഗ്രോസസ്‌റി, കുക്കർ, മിക്സ്സി , അങ്ങിനെ അങ്ങിനെ..ഇതെല്ലാം കൂടി എന്തിനാ ഇപ്പോ വാങ്ങാൻ പോയത്.. എന്നിലേ പിശുക്കനായ കുടുംബനാഥൻ ഉണർന്നു.

ആവശ്യമുള്ളത് മാത്രമേ വാങ്ങിയിട്ടുള്ളു... ഭാര്യ..

എനിക്ക് ഡ്രസ്സ്‌ എടുത്തിട്ട് ഇപ്പൊ എത്ര നാളായി എന്ന് വാപ്പച്ചിക്ക് അറിയോ?... മകൾ ഏറ്റുമുട്ടിയാൽ വിജയിക്കില്ല എന്നു മനസിലായത് കൊണ്ട് ഞാൻ മുഖം വീർപ്പിച്ച് മിണ്ടാതിരുന്നു.

കഴിക്കാനിരിക്കുമ്പോ അതില്ലേ , ഇതില്ലേ എന്ന് ചോദിച്ച് എന്റെ മേക്കിട്ട് കേറാൻ വരുവല്ലോ?... ഇതൊക്കെ കാശു കൊടുത്ത് മേടിച്ചാലേ എനിക്ക് എന്തെങ്കിലും ഉണ്ടാക്കിത്തരാൻ പറ്റൂ..

6 മാസമായി സിനിമയുമില്ല, ഒരു വരുമാനവുമില്ല.. അതൊന്നും പറഞ്ഞാൽ ബുദ്ധിയില്ലാത്ത ഇവറ്റകൾക്ക് മനസിലാവില്ലല്ലോ എന്ന് ചിന്തിച്ച് ബുദ്ധിമനായ ഞാൻ മൗനിയായി.

പിന്നേയ്...ചെന്നിട്ട് ചായ കുടിക്കണമെങ്കിൽ പാലു  വാങ്ങണം.. ആ കടയുടെ മുന്നിൽ ഒന്നു നിറുത്ത്..ഭാര്യയുടെ കല്പനയാണ്.. ഡ്രൈവർ ആയ ഞാൻ ചായ കുടിക്കാനുള്ള ആഗ്രഹം ഉള്ളതുകൊണ്ട് അക്ഷരം പ്രതി അനുസരിച്ചു. കടയോട് ചേർത്ത് കാർ നിറുത്തി.

ചേട്ടാ.. 3 കവർ പാൽ വേണം. കാറിലിരുന്നുകൊണ്ട് തന്നെ ഭാര്യ കടക്കാരനോട് പറഞ്ഞു.ഞാൻ വഴക്ക് പറഞ്ഞതുകൊണ്ട് മോള് മിണ്ടാതെ പിൻസീറ്റിൽ മുഖം വീർപ്പിച്ചിരുന്നു.

ഞാൻ നോക്കുമ്പോ രണ്ട് സ്ത്രീകൾ ഞങ്ങളുടെ കാറിനു നേരെ നടന്നു വരുന്നു...

കാർ കടയോട് ചേർത്തുനിർത്തിയത് കൊണ്ട് അവർ ഞാനിരിക്കുന്ന ഡ്രൈവിംഗ് സീറ്റിന്റെ  സൈഡിലൂടെ കടന്നുപോയി. പെട്ടെന്ന് എന്തോ കണ്ടതുപോലെ അവർ പിന്നിലേക്ക് നടന്നു വന്ന്‌ കാറിന്റെ ഗ്ലാസിൽ തട്ടി..

സാറേ.. ഒന്ന് ഗ്ലാസ് താഴ്ത്തിയെ.. ഞങ്ങൾ ഒന്നു കണ്ടോട്ടെ..

ഞാൻ ഗ്ലാസ്‌ താഴ്ത്തി. അവർ കൂടെ ഉണ്ടായിരുന്ന സ്ത്രിയെ കൈ കാട്ടി വിളിച്ചു..

ദേ ഇതാരാന്ന് നോക്കിയേ..ആരാ.. അവരു ചോദിച്ചു..

എടീ... ഇന്നസെന്റ്!!! ഞാൻ തരിച്ചിരുന്നു പോയി..

സാറേ എവിടെ പോവാ?...

സാറിന്റെ അസുഖമൊക്കെ മാറിയോ?

കാൻസറായിരുന്നു അല്ലേ..?

സാറിനു ദൈവം ഒന്നും വരുത്തില്ല.. ഞങ്ങൾ ഒക്കെ പ്രാർത്ഥിക്കുന്നുണ്ട്..

എന്റെ കവിളത്തും താടിയിലൂമെല്ലാം അവര് തലോടി.. കോറോണയും സാമൂഹിക അകലവുമെല്ലാം ആ സ്നേഹത്തിനു മുന്നിൽ ചീറ്റിപ്പോയി..ഭാര്യയുടെയും മകളുടെയും അടകിപ്പിടിച്ച ചിരി എനിക്ക് കേൾക്കാം..

സാറിന് ഞാൻ എന്താ തരാ.. എന്റെ കയ്യിൽ ഇതേ ഒള്ളു സാറേ...

ഇതെന്റെ ഓണ സമ്മാനം..അവർ ഒരു പാക്കറ്റ് പപ്പടം എന്റെ കയ്യിലേക്ക് തന്നു..ഞാൻ കയ്യിൽ കിട്ടിയ കുറച്ചു രൂപ അവർക്ക് നീട്ടി.. അയ്യോ കാശൊന്നും വേണ്ട സാറേ.. ഇതെന്റെ സമ്മാനമാ...

സാരമില്ല ചേച്ചി ആ പൈസ വാങ്ങിക്കോ.. ഇതു ഞങ്ങളുടെ സമ്മാനം... ഭാര്യയുടെ വക..അപ്പോഴാണ് ആ സ്ത്രീ എന്റെ ഭാര്യയേയും മകളെയും ശ്രദ്ധിക്കുന്നത്..ആഹാ.. സാറിന് രണ്ട് പെൺമക്കളാണല്ലേ...

അടുത്ത വെടി...ഇത് എന്റെ ഭാര്യയും പിന്നിലിരിക്കുന്നത് എന്റെ മകളുമാണെന്ന് പറയാൻ തുടങ്ങുന്നതിനു മുമ്പേ എന്റെ മകൾ ചാടിക്കേറിപ്പറഞ്ഞു..ഞങ്ങൾക്ക് രണ്ട് ചേട്ടന്മാരും കൂടി  ഉണ്ട് ചേച്ചി..

പാൽ വാങ്ങിയോ എന്നൊന്നും നോക്കാതെ ഞാൻ കാർ വിട്ടു..

രണ്ട് സ്ത്രീ ജന്മങ്ങളുടെ പൊട്ടിച്ചിരിയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതായി ഞാൻ വീട്ടിലെത്തി..നേരെ റൂമിൽ കയറി സിൽക്ക് ജുബ്ബ ഊരി വലിച്ചെറിഞ്ഞു..

വളിച്ച മുഖത്തു നോക്കി ഞാൻ ഒരുതീരുമാനം എടുത്തു .. ഇനി മീശ വടിക്കില്ല..അകത്ത് നിന്നും ഭാര്യ വിളിച്ചു പറഞ്ഞു, മോളെ വാപ്പച്ചിയോട് ചായ കുടിക്കാൻ വരാൻ പറ..

അത് കേട്ട് മോൾ ഉറക്കെ വിളിച്ചു പറഞ്ഞു..

അപ്പച്ചാ.. അപ്പച്ചന്റെ മൂത്ത മോള് ചായ കുടിക്കാൻ വിളിക്കണു..

film news
Advertisment