”ഏറ്റവും മികച്ച ബീഫ് കേരളത്തിൽ വിളമ്പുമെന്നാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പറയുന്നത്. ഉത്തരേന്ത്യയിൽ ബീഫ് കഴിക്കാനാകുന്നുണ്ടോ? ബീഫിന്റെ പേര് പറഞ്ഞ് ആളുകളെ കൊന്നൊടുക്കുകയാണ് അവിടെ”; മാനവികതയെ ബഹുമാനിക്കുന്ന കേരളത്തിൽ നിന്ന് മോദി പഠിക്കൂകയല്ലേ വേണ്ടതെന്ന് യെച്ചൂരി 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

കോഴിക്കോട്: വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും രാഷ്ട്രീയമാണ് ബിജെപി പടർത്തുന്നതെന്ന് സീതാറാം യച്ചൂരി. ഏറ്റവും മികച്ച ബീഫ് കേരളത്തിൽ വിളമ്പുമെന്നാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പറയുന്നത്. ഉത്തരേന്ത്യയിൽ ബീഫ് കഴിക്കാനാകുന്നുണ്ടോ? ബീഫിന്റെ പേര് പറഞ്ഞ് ആളുകളെ കൊന്നൊടുക്കുകയാണ് അവിടെ.

ആസിഫയെ കൊന്നവരിൽ ഒരാളെ പോലും ശിക്ഷിക്കാന്‍ ഇതുവരെയുമായില്ല, എന്നിട്ടാണ് മോദി കേരളത്തിന്‍റെ മൂല്യം സംരക്ഷിക്കുമെന്ന് പറഞ്ഞത്. 20 സീറ്റിലും ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ജനങ്ങൾ ഏറ്റവുമധികം തുല്യത അനുഭവിക്കുന്നത്. കേരളത്തിന്‍റെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. മാനവികതയെ ബഹുമാനിക്കുന്ന കേരളത്തിൽ നിന്ന് മോദി പഠിക്കൂകയല്ലേ വേണ്ടതെന്നും യെച്ചൂരി ചോദിച്ചു.

രാജ്യത്ത് കർഷക ആത്മഹത്യ വർധിച്ചു. യുവാക്കൾക്ക് തൊഴിൽ ഇല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു.

റഫാൽ ഇടപാടിൽ ഓരോ ദിവസവും അഴിമതിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. എന്‍റെയും നിങ്ങളുടെയും പണമാണത്. വിമാനത്താവളങ്ങൾ സ്വകാര്യ വൽക്കരിക്കപ്പെടുമ്പോൾ മോദിയുടെ സുഹൃത്തിനാണ് ഗുണം കിട്ടുന്നത്. ഇലക്ടറൽ ബോണ്ട് നിയമവിധേയമാക്കിയതോടെ അഴിമതി നിയമ വിധേയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

×