ഉത്തര്‍പ്രദേശിലെ മാത്രം പോരാ; മഹാരാഷ്‍ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണമെന്ന് ശിവസേന

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, November 8, 2018

ഉത്തര്‍പ്രദേശില്‍ അലഹബാദിന്‍റെയും ഫെെസാബാദിന്‍റെയും പേരുകള്‍ മാറ്റിയതിന് പിന്നാലെ മഹാരാഷ്‍ട്രയിലും നഗരങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യം ഉയരുന്നു. ശിവസേനയാണ് നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഔറംഗബാദിന്‍റെ പേര് സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിന്‍റെ പേര് ധരശിവ് എന്നുമാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഈ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്ന് ശിവസേന നേതാവ് മനീഷ് കായന്ദേ എഎന്‍ഐയോട് പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയം മൂലം കോണ്‍ഗ്രസും എന്‍സിപിയും ഈ ആവശ്യം പരിഗണിച്ചില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ, ഉത്തര്‍പ്രദേശില്‍ അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്നും ഫെെസാബാദിന്‍റെ പേര് അയോധ്യ എന്നുമാണ് യോദി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്.

ഇതിന് പിന്നാലെ ഗുജറാത്തില്‍ അഹമ്മദാബാദിന്‍റെ പേര് കര്‍ണാവതി എന്നാക്കാന്‍ ആലോചിക്കുന്നതായി ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

×