ദൈവം ‘കുതിരക്ക് കൊമ്പ് കൊടുത്തിട്ടില്ല’ രജനീ .. അതുകൊണ്ടു വിട്ടുകളഞ്ഞേക്ക് .. രാഷ്ട്രീയം … അത് നിങ്ങൾക്ക് പറ്റിയ പണിയല്ല …!!

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 13, 2018

– അജു ഐസക് പടയാറ്റില്‍

യലളിതയെ “തെക്കോട്ടെടുത്തതോടെ” തമിഴ്‌നാട് രാഷ്ട്രീയം പുതിയൊരു പാതയിലേക്ക് കാൽ വെക്കുകയാണ് . സാക്ഷാൽ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നതാണ് ഏറ്റവും പുതിയ “തമിഴ്‌ശെയ്‌തി “.

വെള്ളിത്തിരയിൽ കാണുന്നവരെ ദൈവങ്ങളായികരുതിപ്പോരുന്ന തമിഴ്രാഷ്ട്രീയ ചരിത്രം അറിയാവുന്ന ആർക്കും ഇതിൽ തെറ്റൊന്നും പറയാനാകില്ല .

ഒരു സീരിയലിൽ തല കാണിച്ചാൽ പോലും “ജാഡ” കാണിച്ചു വെറുപ്പിക്കുന്ന അഭിനേതാക്കൾക്കിടയിൽ തന്റെ എളിമ കൊണ്ട് എന്നും വ്യത്യസ്തനാണ് രജനി എന്നതും , ലക്ഷോപലക്ഷം ആരാധകർ ഉണ്ടെന്നതും , ഡി .എം .കെ ക്ക് എതിരെ ഉയർത്തിക്കാണിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും മികച്ച നേതാവില്ലെന്നതും
പോലുള്ള ഒരുപാട് അനുകൂല ഘടകങ്ങളുണ്ടെങ്കിലും ….എന്തോ എനിക്ക് തോന്നുന്നു ….. രാഷ്ട്രീയത്തിൽ ഇദ്ദേഹം ഒരു തികഞ്ഞ പരാജയമായിരിക്കും എന്ന്.

പ്രധാന വില്ലൻ പ്രായം തന്നെയാണ് . ഏതാണ്ട് എഴുപത്തിനോട് അടുക്കുന്നു . ഈ വൈകിയ വേളയിൽ ഒരു പാർട്ടി തുടങ്ങി , സ്വയം തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ തന്നെ കരുണാനിധിയുടെ മകൻ സ്റ്റാലിൻ നയിക്കുന്ന കക്ഷിയെക്കാൾ ഭൂരിപക്ഷം നേടി മുഖ്യമന്ത്രി ആകുക എന്നത് അത്യന്തം ക്ലേശകരം തന്നെ .. മാത്രമല്ല , ഇതിയാൻ ഒരു തമിഴനല്ല എന്നത് കൊണ്ട് ഇപ്പോൾ ലോകത്തു തന്നെ നല്ല “മാർക്കെറ്റുള്ള” പ്രാദേശീകവാദം എന്ന ഘടകം എതിരാകാൻ സാധ്യതയുണ്ട് .

കർണാടകയിൽ ജനിച്ചത് കൊണ്ട് ജനങ്ങൾ ഏറെ വൈകാരികമായി കാണുന്ന കാവേരി നദീജല തർക്കവിഷയത്തിൽ ജനിച്ച നാടിന്റെയോ വളർത്തിയ നാടിന്റെയോ കൂടെ നിൽക്കേണ്ടത് …? എന്ന ഏറെ സങ്കീർണ്ണമായ തീരുമാനവും എടുക്കേണ്ടി വരും .. ചുരുക്കത്തിൽ , ” വന്തവരെ വാഴവെക്കും തമിഴ്‌നാട്” എന്ന പഴമൊഴി വീണ്ടും സത്യമാകുമോയെന്നു കണ്ടു തന്നെ അറിയണം ..

ഇനി പ്രതിസന്ധികളെ അതിജീവിച്ച് മുഖ്യമന്ത്രി ആയാൽ തന്നെ, ശിവാജിറാവ് ഗെയ്ക്‌ വാദായി മറാട്ടി കുടുംബത്തിൽ ജനിച്ച് , ബംഗ്ളൂരിൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നയാൾ, തമിഴ് സിനിമയിൽ അഭിനയിച്ച ശേഷം സൂപ്പർസ്റ്റാർ , പദ്മഭൂഷൺ , പദ്മവിഭൂഷൺ എന്ന പദവികൾ അലങ്കരിക്കുന്നതിൽ കൂടുതൽ സുഖമൊന്നും രാഷ്ട്രീയത്തിൽ കിട്ടില്ല ..

ഇദ്ദേഹം , സ്വതവേ സത്യസന്ധനാണെങ്കിലും “നല്ലപിള്ള” ചമഞ്ഞു കൂടെക്കൂടുന്നവർ തന്നെ ഇങ്ങേരുടെ കാലു വാരി നിലത്തടിക്കും . സിനിമയിൽ പഞ്ച് ഡയലോഗ് പറയുമ്പോഴും , എതിരാളികളെ നിലം പരിശാക്കുമ്പോഴും , തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന കൈയ്യടി “നിജവാഴ്ക്കയിൽ ” കിട്ടില്ല എന്ന് സ്വയം തിരിച്ചറിയുന്നതോടെ കാര്യങ്ങൾ ഇരുട്ടിലേക്ക് നീങ്ങും ..!!

ഇതുവരെ നടന്ന പാത കല്ലും മുള്ളും നിറഞ്ഞതായിരുന്നെങ്കിൽ ഇനിയങ്ങോട്ട് പാമ്പും തേളും നിറഞ്ഞതായിരിക്കുമെന്ന തിരിച്ചറിവ് ഇദ്ദേഹത്തിന് തോന്നണേയെന്നു മാത്രം ആശംസിക്കുന്നു ..

ദൈവം “കുതിരക്ക് കൊമ്പ് കൊടുത്തിട്ടില്ല“ രജനീ ..അതുകൊണ്ടു വിട്ടുകളഞ്ഞേക്ക് …
രാഷ്ട്രീയം …അത് നിങ്ങൾക്ക് പറ്റിയ പണിയല്ല …!!

×