നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ ഒരു ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

അജു ഐസക് പടയാട്ടിൽ
Thursday, July 26, 2018

ന്ത്യയിൽ കുറ്റകൃത്യങ്ങളിൽ വലിയ തോതിലുള്ള വർദ്ധനയുടെ പ്രധാന കാരണം കുറ്റവാളികൾക്ക് ഇന്ത്യൻ നിയമ വ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ അറിവും , ബോധ്യവും ധാരണയുമാണ് എന്നതിൽ തർക്കം വേണ്ട… എന്ത് ചെയ്താലും ഒരു “പുണ്ണാക്കും ” പേടിക്കാനില്ല എന്നതാണ് അതിനാധാരം….

ഇന്ത്യയിൽ കിമിനൽ – നീതിന്യായ വ്യവസ്ഥിതികളിൽ പൊതുവെ കാണാനാകുന്നത് ( എല്ലാം കേസ്സും ഇങ്ങനെയാണെന്നും… എല്ലാ അധികാരികളും അഴിമതിക്കാരാണെന്നും എനിക്ക് അഭിപ്രായവുമില്ല…)

1. കൃത്യം നടന്നത് ”പിടിപാടി”ല്ലാത്തവർക്കെതിരെ ആണെങ്കിൽ നമ്മുടെ പോലീസ് F I R പോലും രജിസ്റ്റർ ചെയ്യില്ല… ഇരയെ ഭീഷണിപ്പെടുത്തി പരാതിയിൽ നിന്ന് പിൻവലിപ്പിക്കും .

2. F l R രജിസ്റ്റർ ചെയ്താൽ തന്നെ പോലീസ് കുറ്റപത്രം നിശ്ചിത സമയത്ത് കോടതിയിൽ നൽകില്ല.. അതുവഴി പ്രതികൾക്ക് എളുപ്പം ജാമ്യം ലഭിക്കും…

3. കുറ്റപത്രം കൊടുത്താൽ തന്നെ പ്രതികൾക്ക് രക്ഷപെടാനുള്ള പഴുത് ഉണ്ടാക്കിയേ അത് സമർപ്പിക്കൂ… വിവാദമായ കേസ്സുകളിൽ കൃത്യമായി തെളിവുകൾ സമർപ്പിക്കുന്ന കേസ്സുകൾ പോലും കോടതികളിൽ നിലനിൽക്കാറില്ല എന്നതാണ് ദുഖകരം …

4. പിന്നെ മാസങ്ങളും വർഷങ്ങളും നീളുന്ന വിചാരണയാണ്.. കോടതി വരാന്തകൾ കയറിയിറങ്ങി ഇരയുടെ നടുവൊടിയും ….. ഇരകൾക്ക് ദൈനംദീന ജോലികൾക്ക് നാട്ടിലോ ആന്യനാട്ടിലോ പോകാൻ വയ്യാത്ത അവസ്ഥയിലെത്തും കാര്യങ്ങൾ… “എനിക്ക് നീതി വേണ്ട …. ഈ കോടതി നൂലാമാലകളിൽ നിന്ന് രക്ഷപെട്ടാൽ മതി ” എന്ന ഗത്യന്തരമില്ലാത്ത സ്ഥിതിയിൽ പലരും പ്രതികളുമായി “ഔട്ട് ഓഫ് ദ കോർട്ട് സെറ്റിൽമെന്റിലെത്തി ” കേസിൽ നിന്ന് തടിയൂരും…

5. നടപടികൾ പൂർത്തിയാക്കിയാൽ തന്നെ മിക്കവാറും കേസ്സുകളിൽ പ്രതിക്കനുകൂലമായേ വിധി വരൂ.. അപ്പോഴേക്കും വക്കീലിനും കോടതിച്ചിലവുകളും നൽകി സാധാരണക്കാർ സാമ്പത്തികമായി തകർന്നടിയും ….

6. ഇതെല്ലാം കടന്ന് ഇരയ്ക്ക് അനുകൂലമായി വിധിച്ചാൽ തന്നെ പ്രതിയുടെ അപ്പീലുമായി ബന്ധപ്പെട്ട് മേൽക്കോടതികളിൽ വീണ്ടും വർഷങ്ങളെടുക്കും ഒരു തീരുമാനത്തിലെത്താൻ.. … അവിടെയും കാര്യങ്ങൾ പ്രതിക്കനുകൂലമല്ലെങ്കിൽ വീണ്ടും കോടതി കയറണം… .ഇക്കാലമത്രയും പ്രതികൾക്ക് ജാമ്യത്തിൽ ഇറങ്ങി സുഖിച്ച് നടക്കാം .

7. ഇതിൽ ഏതെങ്കിലും ഒരു കോടതി കനിയാതിരിക്കില്ല. കനിഞ്ഞാൽ “സത്യം ജയിച്ചു ” എന്ന് പറഞ്ഞ് വെളുക്കെ ചിരിച്ച് രക്ഷപെടാം.

8. ഇനി ശിക്ഷിച്ചു എന്ന് തന്നെയിരിക്കട്ടെ … ജയിലിൽ നിന്ന് പരോൾ കിട്ടും. . പിന്നെയും പിന്നെയും പരോൾ . പരോളിലിരിക്കെ
ആരോഗ്യ കാരണങ്ങൾ പറഞ്ഞ് പരോൾ നീട്ടാം .

9. പിന്നെ സർക്കാരിൽ പിടിപാടുള്ളവനാണെങ്കിൽ ശിക്ഷ ഇളവ് ചെയ്ത് നൽകാൻ ഒരു പാട് വകുപ്പുകൾ വേറെയും.. ആയിരത്തിൽ പരം കുറ്റവാളികളുടെ പട്ടിക പിണറായി സർക്കാർ തന്നെ തയ്യാറാക്കിയത് പോലെ… എല്ലാ സർക്കാരുകളും ഇത് ചെയ്യാറുണ്ട് എന്നതാണ് പരമാർത്ഥം ….

പതിറ്റാണ്ടുകൾ നീളുന്ന മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ കഴിയുമ്പോഴേക്കും “ടിയാന്റെ ” നല്ല കാലം പൊയ്പ്പോയിരിക്കും…. പിന്നെ നീതി കിട്ടിയാലെന്ത്… ഇല്ലെങ്കിലെന്ത്….???

നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ ഒരു “സർജിക്കൽ സ്ട്രൈക്ക് ” നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല…!!

×