സോഷ്യല്‍ മീഡിയ അടക്കിവാണ ‘ഒരു സുന്ദരിയും അഞ്ച് സുന്ദരന്മാരും’ – കോപ്പിയടിച്ചെഴുതരുതേയെന്ന്‍ ട്രോളര്‍മാരുടെ വിലാപം

ദാസനും വിജയനും
Saturday, December 1, 2018

മലയാളവും മലയാള സിനിമയും മലയാള രാഷ്ട്രീയവും മലയാള ഓൺലൈനുകളും ഈയിടെയായി കൈകാര്യം ചെയ്ത് പോന്നിട്ടുള്ളത് ഇവിടത്തെ കുറച്ച് പ്രത്യേകതരം ആളുകളായിരുന്നു എന്ന് എല്ലാവർക്കുമറിയാം.

അഞ്ച് സുന്ദരികൾ എന്നും രണ്ടു പെൺകുട്ടികൾ എന്നുമൊക്കെ സിനിമാപ്പേരുകൾ കൊച്ചിയിലെ ന്യൂ ജനറേഷൻ പിള്ളേരുകൾ സിനിമയാക്കിയെങ്കിലും എല്ലാം വെള്ളത്തിലെ വരകൾപോലെ അവ്യക്തമായി നിലനിൽക്കുന്നു.

ഇവിടെ ഇപ്പോൾ അരങ്ങേറുന്ന നാടകം അല്ലെങ്കിൽ സിനിമ ”ഒരു സുന്ദരിയും അഞ്ച് സുന്ദരന്മാരും” എന്ന പേരിലാണ് . കെപിഎസിയോ സംഘചേതനയോ അല്ല ഈ നാടകം അവതരിപ്പിക്കുന്നത് . സോഷ്യൽ മീഡിയ തന്നെയാണ് ഇവിടെയും താരം .

കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന കോളേജിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സുന്ദരിയായ കവയത്രി . അവരെക്കുറിച്ച് അവതരിപ്പിക്കുന്നതിന് മുൻപായി ഒരനുഭവം ഇവിടെ പങ്കുവെക്കുന്നു .

ദാസനും വിജയനും ഇതുപോലെ ഓരോരോ കാര്യങ്ങൾ എഴുതുന്നതിനിടക്ക് നമ്മുടെ കലാഭവൻ മണിയുടെ മരണത്തെക്കുറിച്ചും എഴുതി . സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും അധികം ഷെയറുകൾ (2,58,000) നേടിയപ്പോൾ കോട്ടയത്തെ കുറച്ചുപേർ ചേർന്നുകൊണ്ട് കുമരകത്ത് വെച്ച് ഞങ്ങളെ ആദരിച്ചു .

അതുകണ്ട് അസൂയമൂത്ത ഞങ്ങളുടെ നാട്ടിലെ ഒരു പഴയ ചങ്ങാതി മാതൃഭൂമിയുടെ പഴയ വാര്ഷികപ്പതിപ്പുകൾ ശേഖരിച്ചുതുടങ്ങി . എന്നിട്ട് അതിലെ ചില കവിതകൾ ഏറ്റെടുത്തുകൊണ്ട് അതിൽ ചില വാക്കുകൾ കയറ്റിവിടും .

പുതിയകാവ് ക്ഷേത്രമൈതാനിയിലെ ആൽമരം, കോണത്തുകുന്നിലെ നെല്ലിക്കമരത്തണൽ, മനക്കലപ്പടിയിലെ അക്കരക്കുറിശ്ശിമന എന്നൊക്കെയുള്ള വാക്കുകൾ കാണുമ്പോൾ നാട്ടുകാർ കരുതും ഈ കവിതകൾ മൊത്തം ആ ചങ്ങാതി എഴുതുന്നതാണെന്ന്. വയലാറും അക്കിത്തവും ഒളപ്പമണ്ണയും ഒക്കെ മരിച്ചുമണ്ണടിഞ്ഞതുകൊണ്ട് അവരൊന്നും ഫേസ്‌ബുക്ക് കാണുന്നില്ലല്ലോ ?

അതുപോലെയാണ് നമ്മുടെ സുന്ദരിയായ കവയത്രി പരീക്ഷണം നടത്തിയതെന്നതാണ് പുതിയ വിവാദം. പക്ഷെ പണി പാലുംവെള്ളത്തിൽ കിട്ടി. ഇത്രേം ഒരു നാണക്കേട് ജീവിതത്തിൽ വരുമെന്നെത് പാവം പെൺകുട്ടി ചിന്തിച്ചുകാണില്ല.

[ ഇപ്പോൾ കിട്ടിയ വാർത്ത : ഇവരൊരു മഹാകവിയത്രി ആയപ്പോൾ അവരെക്കൊണ്ട് ഉത്‌ഘാടനം ചെയ്യിപ്പിച്ച പല സ്ഥാപനങ്ങളും പ്രകാശനം ചെയ്ത പല പുസ്തകങ്ങളും രണ്ടാമത് ഒരാളെക്കൊണ്ട് ചെയ്യിപ്പിക്കുവാൻ പോകുന്നു എന്ന് ട്രോളർമാരിൽ നിന്നും അറിയുവാൻ കഴിഞ്ഞു . വിനാശകാലേ വിപരീതബുദ്ധി എന്നല്ലാതെ എന്ത് പറയുവാൻ . ]

ഈ മഹാകവയത്രിയുടെ ഫേസ്‌ബുക്കിലെ എഴുത്തിൽ നിന്നും കുറച്ചു വരികൾ ഇവിടെ ചേർക്കുന്നു :
”പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടർക്കഥയാണ്. ഒരാളുടെ ആശയം, വരികൾ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികൾക്ക് കിട്ടിയൊരു സുവർണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നും അവർ അതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.”

ഇത് വായിച്ചപ്പോൾ തോന്നിയ കാര്യം ഇവിടെ കുറിക്കുന്നു : ഒരു അങ്ങാടിയിൽ ഒരു കള്ളുകുടിയൻ മൂക്കറ്റം കുടിച്ച് അവിടെയുള്ള ജനങ്ങളെ മൊത്തമായി വെല്ലുവിളിക്കുന്നു .

ഇവിടെ എന്നെ തല്ലാൻ ആർക്കാടാ ധൈര്യമുള്ളത് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വെല്ലുവിളി , കുറേനേരമായി ഇതൊക്കെ കേട്ടുനിന്ന ഒരാൾ ഈ കള്ളുകുടിയന്റെ അടുത്തുചെന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചപ്പോൾ കള്ളുകുടിയന്റെ സ്വഭാവം മാറി , പുള്ളിക്കാരൻ പെട്ടെന്ന് മറ്റയാളുടെ കൈപിടിച്ചു പൊക്കിക്കൊണ്ട് പറഞ്ഞു ” ഞങ്ങൾ രണ്ടുപേരെ തല്ലാൻ ധൈര്യമുള്ളവൻ ആരാടാ ഇവിടെയുള്ളത് ”.

ഇനി നമുക്ക് അടുത്ത സുന്ദരനിലേക്ക് കടക്കാം : കോഴിക്കോട്ടങ്ങാടിയിൽ സുലൈമാനി വിതരണം ചെയ്തുകൊണ്ട് ഒരു ജനതയുടെ മൊത്തം ആവേശമായി മാറിയ സ്വന്തം ബ്രോ . സ്ഥലം എംപിയെ കളിയാക്കുകയും മാപ്പു പറയണമെന്ന് പറഞ്ഞപ്പോൾ ഇന്ത്യയുടെ മാപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കണ്ണിലുണ്ണി .

കോഴിക്കോട്ടെ ഐഐഎമ്മുകാർ കൊണ്ടുവരുന്ന ഓരോരോ ആശയങ്ങൾ സ്വന്തം പേരിലാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുവെന്ന് ഒരു ആരോപണം പണ്ടേ ഉണ്ട് . സോളാർ സരിതയെ കുറിച്ച് സിനിമയെടുക്കുവാൻ തിരക്കഥ എഴുതി , സംവിധാനം ചെയ്യുവാൻ തീരുമാനിച്ചു. അതിലേക്കായി നടിമാരെ തിരഞ്ഞുകൊണ്ട് ഓരോരുത്തർക്കും ഫോൺ കോളുകൾ തുടങ്ങി .

ബാംഗ്ലൂരിലെ ഒരു മലയാളി പെൺകുട്ടിയെ രാത്രികാലങ്ങളിൽ ഫോൺ വിളിക്കുകയും ഷൊർണൂരിലെ ശശിയെപ്പോലെ തീവ്രഭാഷയിൽ സംസാരം തുടങ്ങുകയും ചെയ്തു . ഇക്കാര്യം ആരോ ഫേസ്‌ബുക്കിൽ എഴുതിയപ്പോൾ അഞ്ചരലക്ഷം ആരാധകരെ ഒഴിവാക്കിക്കൊണ്ട് ഈ ബ്രോ ഫേസ്‌ബുക്ക് പേജ് അടച്ചുപൂട്ടി .

കോഴിക്കോട്ടുനിന്നും സ്ഥലം വിടുകയും ചെയ്തു . പിന്നെ അറിഞ്ഞത് നികുതിപ്പണം കൊണ്ട് വാങ്ങിയ വാഹനം സ്വന്തം ഭാര്യക്ക് ഉണക്കമീൻ വാങ്ങുവാൻ പോകുവാൻ ഉപയോഗിച്ചുവെന്നതാണ് !

അടുത്ത സോഷ്യൽ മീഡിയ സുന്ദരൻ കൊച്ചിഭരിക്കുന്ന ഒരു ന്യു ജെൻ സംവിധായകൻ : അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ വാ തോരാതെ സംസാരിക്കുകയും സിനിമ പിടിക്കുകയും ഫേസ്‌ബുക്കിൽ പോസ്റ്റുകയും ചെയ്യുന്ന ന്യൂ ജെന്‍ സംവിധായകന്‍ .

അബുദാബിയിലെ പാവപ്പെട്ട കഫെറ്റീരിയ തൊഴിലാളികളുടെ പണം പിരിച്ചെടുത്ത് നിർമ്മാതാവിന്റെ മേലങ്കിയണിയുകയും അതിന്റെ പേരിൽ സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്ന വിരുതൻ .

പണം പിരിച്ചയാൾ അബുദാബിയിൽ നിന്നും ഒളിച്ചോടിയപ്പോൾ അവരെയും ഒറ്റപെടുത്തിയും ഭീസണിപ്പെടുത്തിയും സിനിമാരംഗത്ത് മുടിചൂടാമന്നനായി വിലസുകയും ചെയ്യുന്ന ആൾ .

മൂന്നാമത്തെ സുന്ദരൻ : കേരളത്തിന്റെ നന്മക്കായി ഏതറ്റം വരെയും പോകുമെന്ന് ചാനൽ മൈക്കിലൂടെ പ്രഖ്യാപിച്ചുകൊണ്ട് സോളാർ വിഷയം കേരളത്തിൽ കത്തിച്ചുകൊണ്ടും ഐസ്ക്രീം വിഷയത്തിൽ ഇരയെ റോഡിലിറക്കി റോഡ്ഷോ നടത്തുകയും ചെയ്ത മന്ത്രിപുത്രൻ .

ഇന്നിപ്പോൾ നിരവധി ചെക്കുകൾ മടങ്ങി , ടാക്‌സ്‌വെട്ടിപ്പുകൾ നടത്തി , പാർട്ണർമാരെ വിശ്വാസവഞ്ചന ചെയ്‌തെന്ന കേസിൽ അറസ്റ്റ് വാറണ്ടുമായി ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ ജീവിതം തള്ളിനീക്കുന്നു ?

നാലാമത്തെ സുന്ദരൻ മലബാറുകാരൻ : മഹാത്മാഗാന്ധിയുടെയും ഹരിചന്ദ്രന്റെയും എളാപ്പാന്റെ മകൻ കുറ്റിപ്പുറം സുൽത്താൻ , ഒരു കയ്യിൽ ആദർശവും മറുകയ്യിൽ സത്യന്വേഷണുവുമായി ഭാരതപ്പുഴ നീന്തിക്കടന്ന സുന്ദരക്കില്ലാടി .

ഈനാമ്പേച്ചികളെയും മരപ്പട്ടികളെയും തോളിലേറ്റി നടക്കുന്ന സ്നേഹത്തിന്റെ പര്യായം . അഞ്ചുരൂപക്ക് മത്തി വാങ്ങി കുറ്റിപ്പുറം , തവനൂർ അങ്ങാടികളിലൂടെ നടന്നുകൊണ്ട് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു വിനയം മുഖമുദ്രയാക്കുകയും മത്തി ഷോ കഴിഞ്ഞാൽ ഭാരതപ്പുഴയിലേക്ക് വലിച്ചെറിഞ്ഞുകളയുന്ന സുന്ദരൻ .

ഇന്നിപ്പോൾ എളാപ്പാന്റെ മകനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റുകയും പിടിക്കപ്പെട്ടപ്പോൾ കുറെയധികം മുടന്തൻ ന്യായങ്ങളുമായി പാർട്ടി സംരക്ഷണത്തിൽ കഴിയുകയും ചെയ്യുന്നു .

അഞ്ചാമത്തെ സുന്ദരൻ മലയാളത്തിന്റെ മഹാനടൻ : ഷുക്കൂറിനെ അരിഞ്ഞുകൊന്നത് അറിഞ്ഞില്ലത്രേ !  തിരുവനന്തപുരത്തു പോലീസുകാർ ചവുട്ടിക്കൊന്നത് അറിഞ്ഞില്ലത്രേ !! വയനാട്ടിലെ ആദിവാസിയെ കെട്ടിയിട്ടുകൊന്നപ്പോൾ ഇളയച്ഛന്റെ വേഷത്തിൽ സോഷ്യൽ മീഡിയയിൽ കസറിയ അവസരവാദിയായ മലയാളത്തിന്റെ മഹാനടൻ .

മൂന്നാറിലെ ഏക്കറുകണക്കിനു കാപ്പിത്തോട്ടം പട്ടയമില്ലാത്തതാണത്രേ , വീട്‌വെക്കുവാൻ നിലം നികത്തിയതും അറിഞ്ഞില്ലത്രേ !! കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര സ്വപ്നം കൊണ്ടുമാത്രം ജീവിക്കുന്ന ഈ കിളവൻ സുന്ദരന് ഇനിയും നല്ലത് തോന്നിക്കട്ടെ എന്നാശിക്കുന്നു .

പിന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ വീമ്പുകള്‍ മാത്രം തട്ടിവിടുന്ന ഒരു 6 മാസ മാധ്യമ പ്രവര്‍ത്തകയുണ്ട്. ഭയങ്കര ഷെയറാണ് അവരുടെ വീഡിയോ സൃഷ്ടികള്‍ക്ക്.

ആര്‍ക്കോ വേണ്ടി പറയുന്നു എന്നൊക്കെ തോന്നുമാറുള്ള ഓരോ കത്തിക്കല്‍. ഇപ്പഴിതാ വേറെ ഏതോ മിടുക്കന്‍ എഴുതിയ ഒരഭിമുഖം അടിച്ചുമാറ്റി പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കുടുങ്ങി. അതില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി നടത്തുന്ന തേങ്ങല്‍ ഒന്ന് കേള്‍ക്കേണ്ടത് തന്നെയാണ്.

ഇത്രേം എഴുതുവാൻ കാരണം ഇവന്മാരൊക്കെ ഒരു കാലത്ത് കേരളത്തിന്റെ അച്ചുതണ്ടിനെ സ്വന്തം കൈകൾ കൊണ്ടും ബുദ്ധികൊണ്ടും തിരച്ചവരാണ് . ആർക്കും എന്തും പറയാം , എന്തും എഴുതാം , പക്ഷെ കാര്യത്തിലേക്ക് കടന്നപ്പോൾ എല്ലാവരുടെയും പുറംപൂച്ച് വെളിയിൽ വന്നു . ആയതിനാൽ ഇനി ഇവരൊക്കെ കളം വിടുന്നതാണ് ബുദ്ധി . ഇല്ലെങ്കിൽ ജനം ചീമുട്ടയെറിയും , തീർച്ച !

ഇനിയും കവിതകൾ മോഷ്ടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ,

കേരളവർമ്മയിലെ ഊട്ടിയിൽ നിന്നും മിസിസ് ദാസനും അടുത്ത തിരഞ്ഞടുപ്പിൽ സ്ഥാനാര്ത്ഥിത്വം മോഹിച്ചുകൊണ്ട് സംവിധായകൻ വിജയനും

×