Advertisment

ലോക്സഭാ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പ്രതിഷേധവുമായി എത്തിയ കെ വി തോമസിനെ അനുനയിപ്പിക്കാന്‍ സോണിയ കൂടിക്കാഴ്ച നടത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

 

Advertisment

publive-image

ദില്ലി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പ്രതിഷേധവുമായി എത്തിയ മുതിര്‍ന്ന നേതാവ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി ഇടപെടുന്നു. കെ വി തോമസുമായി സോണിയ കൂടിക്കാഴ്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. ഇതിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും മുകുള്‍ വാസ്നിക്കും കെ വി തോമസിനെ ഫോണില്‍ ബന്ധപ്പെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

കെ വി തോമസിന് സീറ്റ് നിഷേധിച്ചത് ഹൈക്കമാന്‍ഡ് ഇടപെടല്‍ മൂലമല്ലെന്നാണ് വ്യക്തമാകുന്നത്. എറണാകുളത്ത് നിന്നുള്ള എം എല്‍ എ മാര്‍ തോമിസിന് ജയസാധ്യതയില്ലെന്ന് വാദിച്ചതോടെയാണ് ഹൈബിക്ക് നറുക്കുവീണത്. ഇവര്‍ തോമസിനെതിരെ കത്ത് നല്‍കുകയും ചെയ്തു. കത്ത് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നു. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് തോമസിനെ മത്സരിപ്പിക്കണമെന്ന താല്‍പര്യമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്‍റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്‍റെ വൈകാരികമായ ചോദ്യം.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകാതിരുന്നതും ശ്രദ്ധേയമായി. പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താൻ രാഷ്ട്രീയത്തിൽ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു മറുപടി.

Advertisment