Advertisment

സൗഹൃദം ദേശീയ വേദി മുൻരാഷ്ടപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിനെ അദ്ദേഹത്തിന്‍റെ ഓർമ്മ ദിനത്തിലും അദ്ദേഹം കേരള നിയമസഭയെ അഭിസംബോധന ചെയ്ത ദിനത്തിലും അനുസ്മരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് :മുൻരാഷ്ടപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിനെ സൗഹൃദം ദേശീയ വേദി അദ്ദേഹത്തിന്‍റെ ഓർമ്മ ദിനമായ ജൂലൈ 27നും, അദ്ദേഹം കേരള നിയമസഭയെ അഭിസംബോധന ചെയ്ത ജൂലൈ 28നും അനുസ്മരിച്ചു.

Advertisment

publive-image

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു എപിജെ അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു.

ഐഎസ്ആർഒയുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി.

ലാളിത്യമായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുൾ കലാമിന്റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമയും സൗമ്യതയും അദ്ദേഹം കൈവിട്ടില്ല. 2002ൽ ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി കലാമിനെ ബിജെപിയും കോൺഗ്രസും ഒരുപോലെ പിന്തുണച്ചു. രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച അഞ്ച് വർഷം രാജ്യത്തിന്റെ മൊത്തം ആദരവും സ്നേഹവും പിടിച്ചുപറ്റാൻ കലാമിന് ഏറെ പണിപ്പെടേണ്ടിവന്നില്ല.

ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം 1960ൽ ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായി ജോലി ആരംഭിച്ച അബ്ദുൾ കലാമിനെ പിന്നീട് 1969ൽ ഐഎസ്ആർഒയിലേയ്ക്ക് മാറ്റി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. 1998ൽ പൊക്രാനിൽ നടന്ന രണ്ടാം അണ്വായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. മിസൈൽ സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് ഇന്ത്യയുടെ ‘മിസൈൽമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

കുട്ടികൾക്കും യുവാക്കൾക്കും എന്നും വലിയ പ്രചോദനമായിരുന്നു കലാം. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവൂ എന്നായിരുന്നു അവർക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം. രാഷ്ട്രപതിയായിരുന്ന കാലത്ത് തനിക്ക് വിദ്യാർത്ഥികളിൽ നിന്നും യുവാക്കളിൽ നിന്നും ലഭിക്കുന്ന കത്തുകൾക്ക് അദ്ദേഹം ഏറെ പ്രാധാന്യം നൽകിയിരുന്നു.

ഒട്ടേറെ സർവകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള കലാമിനെ 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ, 1997ൽ ഭാരതരത്‌നം എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. ‘അഗ്‌നിച്ചിറകുകൾ’ ഉൾപ്പടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

സ്വപ്‌നം കാണണമെന്ന് എല്ലാ പ്രസംഗത്തിലും ഉദ്‌ബോധിപ്പിക്കുന്ന ഡോ. അബ്ദുള്‍ കലാം കേരളത്തിന്റെ വികസനത്തിനായി പത്തിന പദ്ധതിയാണ് സ്വപ്‌നംകണ്ടത്. 2005 ജൂലായ് 28ന് അദ്ദേഹം കേരള നിയമസഭയെ അഭിസംബോധന ചെയ്ത് ഈ പദ്ധതികള്‍ അവതരിപ്പിച്ചു. 1962 മുതല്‍ 82 വരെ തിരുവനന്തപുരത്ത് താമസിച്ച് പാതിമലയാളിയായ അദ്ദേഹത്തിന് കേരളത്തിന്റെ സാധ്യതകളും പരിമിതികളും നന്നായി അറിയാമായിരുന്നു. അതറിഞ്ഞുകൊണ്ടുതന്നെ കേരളത്തിന് ഇണങ്ങുന്ന പദ്ധതികളാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

താന്‍ മുന്നോട്ടുെവക്കുന്ന പദ്ധതികള്‍ നിയമസഭയും കേരളത്തിലെ ജനങ്ങളും ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കലാം മുന്നോട്ടുെവച്ച പദ്ധതികള്‍ ഇവയായിരുന്നു.

1. വിനോദസഞ്ചാര വികസനം 2. ജലപാതകളുടെ വികസനം 3. വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം 4.ആയുര്‍വേദ മരുന്നുകളുടെ ഗവേഷണവും നിര്‍മ്മാണവും 5.നഴ്‌സുമാര്‍ക്ക് സവിശേഷ പരിശീലനം നല്‍കി അവരിലൂടെ വിദേശനാണ്യം നേടുക 6. എന്‍.ആര്‍.ഐ.കളെയും മറ്റ് വിദേശ നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ തനത് സാമ്പത്തികമേഖലയുടെ രൂപവത്കരണം 7. ആഴക്കടല്‍ മീന്‍പിടിത്തം 8. കടലോരങ്ങളില്‍ നഗരതുല്യമായ അടിസ്ഥാനസൗകര്യ വികസനം 9. ചായ, കാപ്പി, തേങ്ങ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മൂല്യവര്‍ദ്ധിത ഉപയോഗം 10. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുകിട മേഖലയെ പരിപോഷിപ്പിക്കുക.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ഇത് നിയമസഭയില്‍ ചര്‍ച്ചയ്ക്കുെവച്ചു. ഈ പത്തിനത്തോടൊപ്പം പരമ്പരാഗത വ്യവസായങ്ങള്‍ അടക്കം ആറ് നിര്‍ദ്ദേശങ്ങള്‍കൂടി ചേര്‍ത്ത് 16 ഇനമാക്കി വിഷന്‍ 2015 രേഖയുണ്ടാക്കി. ഇതിനായി കര്‍മ്മപദ്ധതിയും തയ്യാറാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ എത്രത്തോളം കേരളത്തിന് മുന്നേറാനായി എന്നത് മറ്റൊരുകാര്യം.2015ഓടെ കേരളം മുന്‍നിര സാമ്പത്തികശക്തിയാകാനുള്ള പദ്ധതികളാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. 2015ല്‍ത്തന്നെയാണ് അദ്ദേഹം വിടവാങ്ങുന്നത് എന്നതും യാദൃച്ഛികമാകാം.

നിയമസഭയില്‍ വലിയ സ്‌ക്രീനില്‍ പവര്‍ പോയിന്റ് പ്രസന്റേഷനായാണ് കേരളത്തിന് വേണ്ട സ്വപ്‌നപദ്ധതികള്‍ അവതരിപ്പിച്ചത്. 52 മിനുട്ട് നീണ്ട പ്രസംഗശേഷം അദ്ദേഹം എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ സഭാംഗങ്ങളെ ക്ഷണിച്ചു. എന്നാല്‍, 141 പേരും ഒന്നും ചോദിച്ചില്ല. പിന്നീട് എന്തെങ്കിലും സംശയമുണ്ടായാല്‍ സംവേദിക്കാന്‍ അദ്ദേഹത്തിന്റെ ഇ-മെയില്‍ മേല്‍വിലാസവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

കേരളത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന കലാം ഒരിക്കല്‍ ചോദിച്ചു. കേരളത്തിലെ കുട്ടികള്‍ക്കെല്ലാം ഡോക്ടര്‍മാരായാല്‍ മതിയല്ലോ, എന്താ കാരണം? ഒരിക്കല്‍ ഗോര്‍ക്കി ഭവനിലെ സ്റ്റുഡിയോയിലിരുന്ന് എഡ്യുസാറ്റ് വഴി വിവിധ സ്‌കൂളുകളിലെ കുട്ടികളുമായി സംവദിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്.

ഡോ. കലാം എല്ലാ പ്രസംഗങ്ങളും ഉപസംഹരിച്ചത് ഒരു പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചാണ്. അതിങ്ങനെ: സ്വപ്‌നങ്ങള്‍ ചിന്തകളായി രൂപംമാറുന്നു. ചിന്തകള്‍ കര്‍മ്മങ്ങളില്‍ ഫലപ്രാപ്തിയിലെത്തുന്നു. അസാധ്യമായി ഒന്നുമില്ല. ഡോക്ടർ അബ്ദുൾ കലാം അനുസ്മരണയോഗത്തി ൽ പ്രസിഡന്റ്‌ പി. വി. സഹദേവൻ അധ്യക്ഷത വഹിച്ചു. കെ. മണികണ്ഠൻ, ശ്രീജിത്ത്‌ തച്ചങ്കാട് എന്നിവർ പ്രസംഗിച്ചു

souhritham deshiya vedhi
Advertisment