Advertisment

സൗരവ് ഗാംഗുലിയുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു; സഹോദരൻ ഐസലേഷനിൽ

New Update

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബംഗാൾ ആരോഗ്യ വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്നേഹാശിഷിന്റെ ഭാര്യയ്ക്കു പുറമെ ഇവരുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisment

publive-image

സ്നേഹാശിഷിന്റെയും കുടുംബത്തിന്റെയും മോമിൻപുരിലെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുൻ രഞ്ജി ട്രോഫി താരം കൂടിയായ സ്നേഹാശിഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം ഹോം ഐസലേഷനിലാണ്. സ്നേഹാശിഷും കുടുംബവും സൗരവ് ഗാംഗുലിയുടെ കുടുംബവീട്ടിലായിരുന്നില്ല താമസമെന്നാണ് റിപ്പോർട്ട്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നാലു പേരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

‘കോവിഡ് സ്ഥിരീകരിച്ച നാലുപേരും ആരോഗ്യ പ്രശ്നങ്ങളുള്ളതായി അറിയിച്ചിരുന്നു. ഇതിന് കോവിഡ് ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാലാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരാരും സൗരവ് ഗാംഗുലിയുടെ ബെഹാലയിലുള്ള കുടുംബ വീട്ടിലായിരുന്നില്ല താമസം. മാത്രമല്ല, കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു’ – ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

publive-image

ബിസിസിഐ പ്രസിഡന്റിന്റെ സഹോദരൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിൽ പ്രധാന ചുമതലയിലെത്തുന്ന അപൂർവത എന്ന പ്രത്യേകതയോടെയാണ് ഈ വർഷം ആദ്യം സ്നേഹാശിഷ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

1986 മുതൽ 1997 വരെ നീളുന്ന കാലഘട്ടത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു സ്നേഹാശിഷ്. ഇടംകയ്യൻ ബാറ്റ്സ്മാനും ഓഫ്–ബ്രേക്ക് ബോളറുമായിരുന്ന സ്നേഹാശിഷ് 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 18 ലിസ്റ്റ് എ മത്സരങ്ങളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 39.59 ശരാശരിയിൽ ആറു സെഞ്ചുറിയും 11 അർധസെഞ്ചുറികളും സഹിതം 2534 റൺസ് നേടി. രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

covid 19 sourav ganguly all news
Advertisment