Advertisment

എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗന്‍മോഹന്‍ റെഡ്ഢി

author-image
ഫിലിം ഡസ്ക്
Updated On
New Update

ഹൈദരാബാദ്: അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി കത്തയച്ചു. മഹാഗായകന്റെ വിയോഗം ഇന്ത്യയിലെ ആരാധകര്‍ക്കും സംഗീതപ്രേമികള്‍ക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്ന് ജഗന്‍ കത്തില്‍ പറയുന്നു.

Advertisment

publive-image

അഞ്ച് പതിറ്റാണ്ട് നീണ്ട ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ജീവിതം ലോക സംഗീത മേഖലയില്‍ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സംഗീതത്തിനപ്പുറമാണ് അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍. തെലുങ്കില്‍ മാത്രം നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മികച്ച ഗായകനുളള ദേശീയ പുരസ്‌ക്കാരം ആറുതവണ എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്. ഇതു കൂടാതെ ആറു ഫിലിംഫെയര്‍ പുരസ്‌ക്കാരങ്ങളും എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. 2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്‌ക്കര്‍, ഭൂപന്‍ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് നേരത്തെ രാജ്യം ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്.

സംഗീതമേഖലയ്ക്കു നല്‍കിയ അനവധിയായ സംഭാവനകള്‍ പരിഗണിച്ച് എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് കത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു

SP Balasubrahmanyam spb death
Advertisment