ഗ്യാലറിയിലിരുന്ന് ഒറ്റക്കയ്യില്‍ ക്യാച്ചെടുത്ത ആരാധകന് കിട്ടിയത് പന്തും 32 ലക്ഷവും

സ്പോര്‍ട്സ് ഡസ്ക്
Saturday, January 13, 2018

വെല്ലിങ്ടണ്‍: മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെ ന്യൂസിലാന്റ് തറപറ്റിയ്ക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഏറ്റുവാങ്ങിയതിനേക്കാള്‍ കനത്ത തോല്‍വിയാണ് മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന്‍ നേരിട്ടത്. കിവീസ് ഉയര്‍ത്തിയ 257 പിന്തുടര്‍ന്ന പാകിസ്ഥാന്‍ 74 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

തങ്ങളുടെ ടീമിന്റെ പ്രകടനത്തില്‍ ആരാധകരും സന്തുഷ്ടരാണ്. എന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരാളായിരിക്കും. ഗ്യാലറിയില്‍ ഇരുന്ന് കളി കാണാനെത്തിയ ആരാധകരിലൊരാള്‍.കളി കാണുന്നവരുടെ കൂട്ടത്തില്‍ നിന്നും ആരെങ്കിലും പന്ത് ക്യാച്ച് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് 50000 ഡോളര്‍ സമ്മാനമായി നല്‍കുന്നത് ന്യൂസിലാന്റിലെ നിയമമാണ്. ക്രെയ്ഗ് ദക്കാര്‍ത്തിയെന്നയാളാണ് ഈ സമ്മാനത്തിന് അര്‍ഹനായിരിക്കുന്നത്. ഇന്ത്യന്‍ രൂപ 32 ലക്ഷത്തോളം വരും ഇത്.

മത്സരത്തിനിടെ കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ ഗ്യാലറിയിലേക്ക് പറത്തി വിട്ട സിക്‌സാണ് ക്രെയ്ഗ് ഒറ്റക്കയ്യില്‍ പിടിച്ചത്. ഇതോടെയാണ് ഇയാളെ തേടി അപൂര്‍വ്വ നേട്ടമെത്തിയത്. ന്യൂസിലാന്റിലെ രീതിയനുസരിച്ച് പ്രമോഷണല്‍ ടീ ഷര്‍ട്ട് ധരിച്ചെത്തുന്ന ആരെങ്കിലും ക്യാച്ചെടുത്താല്‍ പണം നല്‍കണമെന്നാണ്. ക്രെയ്ഗ് ടീ ഷര്‍ട്ട് ധരിച്ചിരുന്നു.

നേട്ടത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ആരാധകന്‍ പറയുന്നത്. സാധാരണ താന്‍ നിലത്തിരുന്ന് കളി കാണുന്നതിനെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്നും എന്നാല്‍ ഇതോടെ അവരുടെയെല്ലാം വായടഞ്ഞെന്നും അദ്ദേഹം പറയുന്നു.

×