വിരമിക്കലിന് തൊട്ടുമുമ്പ് ധോണി പറഞ്ഞത് ആദ്യം നിരസിച്ചു, പിന്നെ സ്വീകരിച്ചു. എങ്കിലും കളിക്കളം വിട്ടത് നിരാശനായെന്ന് ആത്മകഥയില്‍ സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡസ്ക്
Saturday, February 10, 2018

വിരമിക്കലിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ ധോണി നല്‍കിയ ഓഫര്‍ ആദ്യം നിരസിക്കുകയും പിന്നെ സ്വീകരിക്കുകയും ചെയ്തത് സംബന്ധിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍.

ഗാംഗുലി എഴുതിക്കൊണ്ടിരിക്കുന്ന ‘A century is not enough’  എന്ന ആത്മകഥയിലാണ് അവസാന കളിയിലെ അവസാന നിമിഷങ്ങളില്‍ ഇടയ്ക്ക് വച്ച് കളിയിലെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിനെ സംബന്ധിച്ച് ഗാംഗുലി വിവരിക്കുന്നത്.

2008 ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഗാംഗുലിയുടെ അവസാന മത്സരം.  ടെസ്റ്റിന്റെ അവസാന ദിവസം ധോണി ഗാംഗുലിയെ സമീപിച്ച് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗാംഗുലി സ്നേഹപൂര്‍വ്വം അത് നിരസിച്ചു. ടെസ്റ്റ്‌ തുടങ്ങി വിജയത്തോടടുക്കുകയാണ്. വിജയിക്കാന്‍ ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ ധോണി വീണ്ടും ഗാംഗുലിയുടെ അടുത്തെത്തി.

നായക സ്ഥാനം ഏറ്റെടുക്കണമെന്ന് ധോണി വീണ്ടും ഗാംഗുലിയോട് ആവശ്യപ്പെട്ടു. ഗാംഗുലി അത് സ്വീകരിക്കുകയും ചെയ്തു. അതോടെ ഫീല്‍ഡിംഗ് സെറ്റ് ചെയ്ത് ബോളിംഗ് സ്വയം തെരഞ്ഞെടുത്ത് ഗാംഗുലി നായകത്വം ഏറ്റെടുത്തു.  അവസാനം ഗാംഗുലി കളത്തിലിറക്കിയ ഹര്‍ഭജന്‍ സിംഗിന്റെ പങ്കില്‍ മിച്ചല്‍ ജോണ്‍സണ്‍ പുറത്തായതോടെ ഇന്ത്യ വന്‍ വിജയം നേടുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടാനാകാത്തതിന്റെ നിരാശയോടെയാണ് കളം വിട്ടതെന്നും ഗാംഗുലി ആത്മകഥയില്‍ പറയുന്നു. ക്രിക്കറ്റില്‍ സഹതാരങ്ങളുമായും ബി സി സി ഐയിലെ താപ്പാനകളുമായും നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ ആത്മകഥയില്‍ ഗാംഗുലി വിവരിക്കുന്നുണ്ട്.

ക്രിക്കറ്റിലെ വിവാദമായ പല മുഹൂര്‍ത്തങ്ങളും പുസ്തകത്തില്‍ കടന്നുവരുന്നുണ്ടെന്നാണ് സൂചന. പുസ്തകം വിവാദമാക്കി പ്രശസ്തമാക്കാനുള്ള ചേരുവകള്‍ അതിലുണ്ടാകുമെന്നു തീര്‍ച്ച. പ്രത്യേകിച്ചും ആത്മകഥ ഗാംഗുലിയുടെതാകുമ്പോള്‍.

×