വിരാട് കൊഹ്‌ലിയ്ക്ക് ക്യാപ്റ്റന്‍ പദവി നഷ്ടമാകും. ധോണി ടീമില്‍ നിന്നും പുറത്താകും ? ലോകകപ്പ് പരാജയത്തിന്റെ പേരില്‍ ടീമില്‍ അഴിച്ചുപണിക്ക് നീക്കം തുടങ്ങി 

ജെ സി ജോസഫ്
Tuesday, July 16, 2019

ഡല്‍ഹി:  ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിക്ക് പദവി തെറിച്ചേക്കും.  ലോകകപ്പ് മത്സരങ്ങളില്‍ മികച്ച ഫോമിലേക്ക് ഉയരാന്‍ ഇന്ത്യന്‍ ടീമിന് കഴിയാതെ പോയതിന്റെ പശ്ചാത്തലത്തിലാണ് ടീമില്‍ സമഗ്ര അഴിച്ചുപണിയ്ക്ക് ബി സി സി ഐ ഒരുങ്ങുന്നത്.

ആദ്യ നടപടി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കെതിരെ തന്നെയാകും.  കൊഹ്‌ലിയില്‍ നിന്നും ക്യാപ്റ്റന്‍ പദവി തിരിച്ചെടുക്കാനാണ് ആലോചന. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും മികച്ച റിക്കോര്‍ഡുകള്‍ സംഭാവന നല്‍കിയ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയും ടീമില്‍ നിന്നും ഒഴിവാക്കും. ഇതിന്റെ ഭാഗമായി ധോണിയില്‍ നിന്നും സ്വയം വിരമിക്കല്‍ പ്രഖ്യാപനമാകും ബി സി സി ഐ പ്രതീക്ഷിക്കുന്നത്.

ഇതിനായി ഇപ്പോള്‍ തന്നെ ധോണിയില്‍ സമ്മര്‍ദ്ദമുണ്ട്.  സ്വയം വിരമിക്കണമെന്നാവശ്യപ്പെടാന്‍ ബി സി സി ഐയിലെ ഉന്നതന്‍ ഉടന്‍ ധോണിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാതെ പോയതിന്റെ പരിഹാരക്രിയകള്‍ മേല്‍ത്തട്ടില്‍ നിന്നുതന്നെ തുടങ്ങണമെന്നാണ് ബി സി സി ഐയുടെ നിലപാട്. അതവര്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന അഭ്യൂഹം ശക്തമാകുകയായിരുന്നു.

 

×