Advertisment

ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ്‌ പരമ്പര നേടി ചരിത്രം കുറിച്ച് ഇന്ത്യ. 2011 ലോകകപ്പിനേക്കാള്‍ നേട്ടമെന്ന് കോഹ്‌ലി. ആഹ്ലാദത്തിമിര്‍പ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

സിഡ്നി:  ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാൽ സിഡ്നി ടെസ്റ്റ് മൽസരം സമനിലയിൽ അവസാനിച്ചു. നാലു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.

Advertisment

ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര പരമ്പരയിലെ താരമായി.

publive-image

സിഡ്നി ടെസ്റ്റിൽ കയ്യെത്തുംദൂരെയാണ് ഇന്ത്യയുടെ വിജയമോഹങ്ങൾ മഴയിൽ ഒലിച്ചുപോയത്. അദ്യ ഇന്നിങ്സിൽ 300 റൺസിനു പുറത്തായ ആതിഥേയേർ ഫോളോ ഓൺ വഴങ്ങിയിരുന്നു.

നാലാം ദിവസം അറുപതിലധികം ഓവറുകൾ നഷ്ടമായത് ഇന്ത്യൻ ജയസാധ്യതയ്ക്കു കനത്ത തിരിച്ചടിയായി. എങ്കിലും 31 വർഷങ്ങൾക്കുശേഷം നാട്ടിൽ ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് ഇന്ത്യ തിരിച്ചുകയറിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ ബോളർ കുൽദീപ് യാദവാണ് ഓസീസിനെ തളച്ചത്.

നാലാം ദിനം, 6 വിക്കറ്റിന് 236 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് ഇന്നിങ്സ് 80 മിനിറ്റേ നീണ്ടുള്ളു. തലേന്നത്തെ സ്കോറിൽത്തന്നെ (25) കമ്മിൻസിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് മുഹമ്മദ് ഷമിയാണു കാര്യങ്ങൾ തുടങ്ങിവച്ചത്. പിന്നാലെ ഹാൻഡ്സ്കോംബിനെ (37) മടക്കി ബുമ്രയും കരുത്തുകാട്ടി.

നേഥൻ ലയണിനെ (0) വിക്കറ്റിനു മുന്നിൽ കുടുക്കിയ കുൽദീപ് വളരെ നേരത്തേ 5 വിക്കറ്റ് നേട്ടത്തിൽ എത്തേണ്ടതായിരുന്നു, എന്നാൽ 11–ാം നമ്പറിൽ ഇറങ്ങിയ ഹെയ്സൽവുഡിനെ പൂജ്യത്തിൽ നിൽക്കെ കുൽദീപിന്റെ പന്തിൽ വിഹാരി വിട്ടുകളഞ്ഞത് വിനയയായി.

21 റൺസെടുത്ത ഹെയ്സൽവുഡ് അവസാന വിക്കറ്റിൽ സ്റ്റാർക്കുമൊത്ത് 42 റൺസ് ചേർത്തതിനുശേഷമാണു മടങ്ങിയത്. വിക്കറ്റ് വീഴ്ത്തിയത് കുൽദീപ്തന്നെ എന്നുമാത്രം. ഹെയ്സൽവുഡിനെ വിഹാരി വിട്ടുകളഞ്ഞില്ലായിരുന്നെങ്കിൽ ഓസീസിന്റെ കഥ വളരെ നേരത്തേ തീർന്നേനേ.

ആദ്യ ഇന്നിങ്സിൽ ചേതേശ്വർ പൂജാര (193), ഋഷഭ് പന്ത്(159*), രവീദന്ദ്ര ‍ജ‍ഡേജ(81) എന്നിവരാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. പൂജാര നിർമിച്ച അടിത്തറയ്ക്കു മുകളിൽ നിന്ന് ആത്മവിശ്വാസത്തോടെ പന്തും ‍ജ‍ഡേജയും തകർത്തടിക്കുകയായിരുന്നു. പൂജാര പുറത്താകും വരെ സാവധാനം നീങ്ങിയ ഇന്ത്യൻ ഇന്നിങ്സിന് പന്തും ജ‍‍‍ഡേജയും ചേർന്നു ഗതിവേഗം നൽകി.

അർഹിച്ച ഇരട്ട സെഞ്ചുറി പൂജാരയ്ക്കും, ഏകദിന ശൈലിയിൽ ബാറ്റേന്തിയ ജഡേജയ്ക്ക് നഷ്ടമായ സെഞ്ചുറിയും മാത്രമാണ് ഇന്ത്യയുടെ അദ്യം ഇന്നിങ്സിലെ കളങ്കം. ജഡേജ പുറത്തായതിനു പിന്നാലെ 67.2 ഓവറിൽ 7ന് 622 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയേർ ചെയ്യാൻ കോഹ്‌ലി തീരുമാനിക്കുകയായിരുന്നു.

Advertisment