രഞ്ജി: ഹിമാചല്‍പ്രദേശിനെ തകര്‍ത്ത് കേരളം. തുടര്‍ച്ചയായ രണ്ടാം തവണയും ക്വാര്‍ട്ടറില്‍

സ്പോര്‍ട്സ് ഡസ്ക്
Thursday, January 10, 2019

കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എലൈറ്റ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഹിമാചല്‍പ്രദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഒന്നാം സ്ഥാനത്തോടെയാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ക്വാര്‍ട്ടറിലെത്തുന്നത്. എട്ട് മത്സരങ്ങളില്‍ 26 പോയിന്റാണ് കേരളം നേടിയത്.

297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളത്തിനായി വിനൂപ് (96), സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിസ്മയ വിജയത്തിന് അരങ്ങൊരുക്കിയത്. സ്‌കോര്‍: ഹിമാചല്‍ 297 & 285/5. കേരളം: 286 & 299/5.

രണ്ടാം ഇന്നിങ്‌സില്‍ സ്‌കോര്‍ 285ല്‍ നില്‍ക്കെ ഹിമാചല്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നോക്കൗട്ടിലെത്താന്‍ വിജയം അനിവാര്യമായിരുന്ന കേരളത്തിന് സ്‌കോര്‍ 35ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പി. രാഹുലി (14)ന്റെ വിക്കറ്റാണ് ആദ്യം പോയത്. സ്‌കോര്‍ 105ല്‍ നില്‍ക്കെ സിജോമോനും (23) മടങ്ങി. എന്നാല്‍ പിന്നാലെ ഒത്തുച്ചേര്‍ന്ന വിനൂപ്- സച്ചിന്‍ ബേബി കൂട്ടുക്കെട്ട് കേരളത്തെ മുന്നോട്ട് നയിച്ചു. ഇരുവരും 101 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ വിനൂപിനെ പുറത്താക്കി എം.ജെ ദഗാര്‍ ഹിമാചലിന് ബ്രേക്ക് ത്രൂ നല്‍കി. നാല് റണ്‍സിനാണ് താരത്തിന് സെഞ്ചുറി നഷ്ടമായത്. 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് വിനൂപിന്റെ ഇന്നിങ്‌സ്. തൊട്ടടുത്ത ഓവറില്‍ അസറുദ്ദീനും പവലിയനില്‍ തിരിച്ചെത്തി.

അസറിനെ പി.എസ് ചോപ്ര പുറത്താക്കുകയായിരുന്നു. എന്നാല്‍ സച്ചിനൊപ്പം ഒത്തുച്ചേര്‍ന്ന് സഞ്ജു സാംസണ്‍ അനായാസം കേരളത്തെ വിജയത്തിലേക്ക് നയിച്ചു. നിര്‍ണായകമായ 88 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്ത്. സച്ചിന് പുറത്തായെങ്കിലും വിഷ്ണു വിനോദിനെ (0) കൂട്ടുനിര്‍ത്തി സഞ്ജു വിജയം പൂര്‍ത്തിയാക്കി.

×